പകുതി മനുഷ്യനും പകുതി ആൾക്കുരങ്ങും! ‘പിൽറ്റ്ഡൗൺ മാൻ’ എന്ന ദുരൂഹത
Mail This Article
ശാസ്ത്രലോകത്തെ പിടിച്ചു കുലുക്കിയ വമ്പൻ തട്ടിപ്പുകളിലൊന്നായിരുന്നു പിൽറ്റ്ഡൗൺ മാൻ. പകുതി മനുഷ്യനും പകുതി ആൾക്കുരങ്ങും എന്ന മട്ടിൽ അവതരിപ്പിക്കപ്പെട്ട ഈ ഫോസിൽ തട്ടിപ്പാണെന്ന് 1953 ൽ തെളിഞ്ഞു. അമച്വർ ഭൗമശാസ്ത്രജ്ഞനും അഭിഭാഷകനുമായിരുന്ന ചാൾസ് ഡോസണായിരുന്നു തട്ടിപ്പിനു പിന്നിൽ.
1912 ൽ ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അധികൃതരെ ബന്ധപ്പെട്ട ഡോസൺ, ആൾക്കുരങ്ങുകളിൽനിന്നു മനുഷ്യരിലേക്കുള്ള പരിണാമദശയിൽപെട്ട, നമുക്കറിയാത്ത ഒരു സ്പീഷീസിന്റെ ഫോസിൽ തെളിവുകൾ കിട്ടിയെന്ന് അവകാശപ്പെട്ടു. തലയോട്ടിയുടെയും താടിയെല്ലിന്റെയും ചില ഭാഗങ്ങൾ, പല്ലുകളുടെ അവശിഷ്ടങ്ങൾ എന്നിവയാണ് തെളിവുകളായി നിരത്തിയത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ പിൽറ്റ്ഡൗൺ എന്ന സ്ഥലത്ത് കുഴിച്ചപ്പോഴാണ് ഇവ ലഭിച്ചതെന്നും മ്യൂസിയത്തിലെ ജിയോളജി ക്യുറേറ്ററായ ആർതർ സ്മിത്തിനെ ഡോസൺ അറിയിച്ചു.
ഡോസന്റെ വാക്ചാതുരിയിൽ വീണ ആർതർ അതു സത്യമാണെന്നു കരുതി. അദ്ദേഹം ജിയോളജിക്കൽ സൊസൈറ്റിയുടെ യോഗം വിളിക്കുകയും ഫോസിൽ കണ്ടെത്തിയതിനെപ്പറ്റി ലോകത്തെ അറിയിക്കുകയും നൽകി. പിൽറ്റ്ഡൗൺ മാൻ എന്ന ഫോസിൽ ആൾക്കുരങ്ങുകൾക്കും മനുഷ്യർക്കും ഇടയിലുണ്ടായിരുന്ന ഒരു സ്പീഷീസായി കണക്കാക്കപ്പെട്ടു. ഡോസൺ ഇതോടെ ശാസ്ത്രലോകത്തിനു മുന്നിൽ സ്റ്റാറായി. വർഷങ്ങളോളം ഇതു നിലനിൽക്കുകയും ചെയ്തു.
എന്നാൽ അമേരിക്കയിൽ നിന്നുള്ള ഒരു വിദഗ്ധനായ വില്യം കിങ് ഗ്രിഗറിക്ക് അന്നുമുതൽ എന്തോ പന്തികേടു തോന്നിയിരുന്നു. ഇതൊരു തട്ടിപ്പ് ആണെന്ന് അദ്ദേഹം വിശ്വസിച്ചു. 1953 വരെ ഈ ഫോസിൽ സത്യമാണെന്ന വിശ്വാസം തുടർന്നു. എന്നാൽ ആ വർഷം ടൈം മാഗസിൻ പിൽറ്റ്ഡൗൺ മാൻ വൻ തട്ടിപ്പാണെന്ന് തെളിവുസഹിതം വിശദീകരിച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഫോസിലിനു പ്രായം തോന്നിക്കാനായി അസ്ഥികളിൽ ഇരുമ്പ് കലർന്ന ഒരു രാസവസ്തു ഡോസൺ പുരട്ടിയിരുന്നത്രേ. 2016 ൽ ഒരു കൂട്ടം വിദഗ്ധർ, പിൽറ്റ്ഡൗൺ മാൻ യഥാർഥത്തിൽ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയിരുന്നേനെ എന്ന് 3ഡി മോഡലിങ്ങിലൂടെ അവതരിപ്പിച്ചിരുന്നു.
ഒറ്റ ടയറിൽ പറക്കുന്ന സൈക്കിൾ – വിഡിയോ