ADVERTISEMENT

നമുക്കറിയാവുന്നവരിൽ പലരുടെയും ഇഷ്ടപാനീയമാണ് കാപ്പി അഥവാ കോഫി. മണവും രുചിയുമേറിയ ഈ പാനീയം ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്നു. എത്യോപ്യയിലാണ് ആദ്യമായി കാപ്പിക്കുരുക്കൾ പാനീയമാക്കി ഉപയോഗിക്കുന്ന രീതി കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. പിന്നീട് ഇത് അറബ് നാടുകളിൽ പ്രശസ്തമായി. പിന്നീട് ഇതു ലോകം മുഴുവൻ എത്തി. മരപ്പട്ടിയെ ഉപയോഗിച്ച് വിലയേറിയ ഒരു കാപ്പിപ്പൊടി തയാർ ചെയ്യുന്നുണ്ട്. അതിന്റെ പേരാണ് കോപ്പി ലുവാക്. സിവറ്റ് കോഫി എന്ന പേരിലും ഇതു വിദേശങ്ങളിൽ അറിയപ്പെടുന്നു. വളരെ വിലയേറിയ കാപ്പിപ്പൊടി ഇനങ്ങളിൽ ഒന്നാണ് കോപ്പി ലുവാക്. ഇന്തൊനീഷ്യയിലാണ് ഈ കാപ്പിപ്പൊടി തയാർ ചെയ്യുന്ന രീതിയുടെ തുടക്കം. ഇന്തൊനീഷ്യയിലെ സുമാത്ര, ബാലി, സുലവെസി, കിഴക്കൻ തൈമൂർ തുടങ്ങിയ ദ്വീപുകളിലും ഫിലിപ്പീൻസിലുമൊക്കെ ഈ രീതിയുണ്ട്.

മികവും രുചിയുമുള്ള കാപ്പിക്കുരുക്കൾ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ശേഷം ഇതു മരപ്പട്ടികൾക്ക് ഭക്ഷിക്കാൻ കൊടുക്കുകയാണ് ഇതിലെ പ്രാഥമിക ഘട്ടം. മരപ്പട്ടിയുടെ ദഹനവ്യവസ്ഥ ഭാഗികമായി ഈ കാപ്പിക്കുരുക്കളെ ദഹിപ്പിക്കുകയും പുറന്തള്ളുകയും ചെയ്യും.  മരപ്പട്ടിയുടെ വിസർജ്യത്തിനൊപ്പം പുറത്തുവരുന്ന ഈ പകുതി ദഹിച്ച കാപ്പിക്കുരുക്കൾ ശുചിയാക്കിയ ശേഷം പ്രത്യേക രീതിയിൽ ഉണക്കിപ്പൊടിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്. കിലോയ്ക്ക് 100 ഡോളർ മുതൽ 1300 ഡോളർ വരെ വില വരുന്ന കോപ്പി ലുവാക് വകഭേദങ്ങളുണ്ട്. എന്നാൽ പരിസ്ഥിതി, മൃഗചൂഷണ വിഷയങ്ങളും ഈ കാപ്പിയുടെ നിർമാണത്തിനു പിന്നിൽ ആരോപിക്കപ്പെടുന്നുണ്ട്. ആദ്യകാലങ്ങളിൽ ആളുകൾ മരപ്പട്ടി വിസർജിക്കുന്ന കാപ്പിക്കുരുക്കൾക്കായി കാട്ടിൽ തേടിയലഞ്ഞു ശേഖരിച്ചു തയാർ ചെയ്യുകയായിരുന്നു പതിവ്. എന്നാൽ കാപ്പിയുടെ ഡിമാൻഡ് തിരിച്ചറിഞ്ഞതോടെ ഈ രീതി വാണിജ്യവത്കരിക്കപ്പെട്ടു. മരപ്പട്ടികളെ കൂട്ടിലാക്കി ഇവയെ നിർബന്ധിതമായി കാപ്പിക്കുരു ഭക്ഷണമായി നൽകിയുള്ള കാപ്പിയുത്പാദന രീതി തുടങ്ങി. ഇത് മൃഗചൂഷണമാണെന്ന് പല ആക്ടിവിസ്റ്റുകളും അഭിപ്രായപ്പെടുന്നു.

ലോകം മുഴുവൻ മാത്രമല്ല, ബഹിരാകാശത്തും കാപ്പിപ്പൊടി എത്തിയിട്ടുണ്ട്. 2018ൽ ലോകത്തിലെ ഏറ്റവും കടുപ്പമുള്ള കോഫി രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തിച്ചത് വലിയ വാർത്തയായിരുന്നു.സ്പെയ്സ് എക്സിന്റെ ഫാൽക്കൻ 9 റോക്കറ്റ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ അന്തേവാസികൾക്കായി കുറച്ചു പാക്കേജുകൾ എത്തിച്ച കൂട്ടത്തിലായിരുന്നു ഈ കാപ്പിപ്പൊടി എത്തിയത്. ലോകത്തിലെ ഏറ്റവും കടുപ്പമുള്ള കാപ്പി തയാർ ചെയ്തത് ഒരു അമേരിക്കൻ കമ്പനിയാണ്. സാധാരണ കാപ്പിപ്പൊടി പലതവണ കുറുക്കി കഫീനിന്റെ അളവ് വളരെ കൂട്ടിയാണ് കാപ്പിപ്പൊടി തയാർ ചെയ്തത്. ഈ പൊടി ഒരുനുള്ളുമതി, അൾട്രാസ്ട്രോങ് കോഫി തയാർ ചെയ്യാൻ. പണ്ട് ഒരു ടിവി ഷോയിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഒരു മുൻയാത്രികൻ പങ്കെടുത്തു. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതെന്താണെന്നു ചോദിച്ചപ്പോൾ കാപ്പിയാണെന്നായിരുന്നു മറുപടി. ഇതുമൂലമാണ് കാപ്പിപ്പൊടി അയയ്ക്കാൻ അന്ന് ആ കമ്പനി തീരുമാനിച്ചത്. എന്നാൽ കാപ്പി അതിനൊക്കെ മുൻപ് തന്നെ ബഹിരികാശത്ത് എത്തിയിരുന്നു. ബഹിരാകാശത്ത് ആദ്യമായി കാപ്പി കുടിച്ചത് വില്യം ഷെപ്പേഡ് എന്ന സഞ്ചാരിയാണ്. 2001ൽ ആയിരുന്നു ഇത്. ഒരു കോഫി മെഷീൻ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ചാണ് കാപ്പി തയാറാക്കിക്കുടിച്ചത്. 

kopi-luwak-coffee-368174618-shutterstock-com
Representative Image. Photo Credit : Stock Photo ID: 368174618 / Shutterstock.com

ഗുരുത്വബലം തീരെയില്ലാത്ത മേഖലകളിൽ പ്രവർത്തിക്കും വിധത്തിൽ പ്രത്യേകമായി തയാർ ചെയ്തതായിരുന്നു ആ കോഫി മെഷീൻ. 2015ൽ ഇതിനെക്കാൾ മികച്ചൊരു കോഫി മെഷീൻ രാജ്യാന്തര നിലയത്തിലെത്തി. ഐഎസ്എസ്പ്രെസോ എന്നു പേരുള്ള ആ മെഷീനിൽ രുചികരമായ എസ്പ്രസോ കാപ്പി തയാർ ചെയ്യാനുള്ള അവസരമുണ്ടായിരുന്നു.

English Summary:

From Ethiopia to Space: The Extraordinary Journey of Coffee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com