ADVERTISEMENT

ഡെൻമാർക്കിലെ ഒരു ചതുപ്പിൽ നിന്ന് എസ് ആകൃതിയിൽ വളച്ച ഒരു വെങ്കലവാൾ കണ്ടെത്തി. ഡെൻമാർക്ക് തലസ്ഥാനം കോപ്പൻഹേഗനു വടക്ക് വെക്സോയ്ക്കു സമീപത്തുള്ള ചതുപ്പിൽ നിന്നാണ് ഈ വാൾ കിട്ടിയത്. 2500 വർഷം മുൻപ് വെങ്കലയുഗകാലത്തിൽ വിശ്വാസങ്ങളുടെ ഭാഗമായി ഈ ആകൃതിയിലാക്കി ചതുപ്പിലുപേക്ഷിച്ചതാണ് വാളെന്ന് വിദഗ്ധർ കരുതുന്നു. ഡാനിഷ് മ്യൂസിയത്തിന് വാൾ കൈമാറി. മേഖലയിൽ നിന്ന് വെങ്കലത്തിൽ നിർമിച്ച കോടാലികൾ, വളയങ്ങൾ, സൂചിയുടെ ഭാഗം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ വെങ്കലവാളിന്റെ പിടി ഇരുമ്പിൽ നിർമിച്ചതാണ്. ഇത് ഡെൻമാർക്കിൽ കണ്ടെത്തിയ ഏറ്റവും പ്രാചീനമായ ഇരുമ്പാണെന്നു കരുതുന്നു. എന്നാൽ വാളിന്റെ ഘടന പരിശോധിച്ചാൽ അതു ഡെൻമാർക്കിൽ നിർമിച്ചതല്ലെന്നു മനസ്സിലാകുമെന്നു ഗവേഷകർ പറയുന്നു.

യൂറോപ്പിലെ സ്കാൻഡിനേവിയൻ പ്രദേശങ്ങളിലെ ചതുപ്പുനിലങ്ങളിൽ നിന്ന് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള മനുഷ്യരുടെ മൃതശരീരങ്ങൾ സംരക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിന്റെ ധാരാളം സംഭവങ്ങളുണ്ട്. ആയിരക്കണക്കിന് ശരീരങ്ങൾ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. ബോഗ് ബോഡീസ് എന്ന് ഇവ അറിയപ്പെടുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ കണ്ടെത്തലായിരുന്നു ടോളൻഡ് മാന്റേത്.

1950. ഡെൻമാർക്കിലെ  ടോളൻഡിലുള്ള ഒരു കുടുംബം ഒരു ചതുപ്പിൽ ഉണങ്ങിയ പുല്ലും വിറകുകളുമൊക്കെ തിരിയുകയായിരുന്നു. പെട്ടെന്നാണ് അടിമുടി കറുപ്പ് നിറമുള്ള ഒരു മൃതശരീരം അവരുടെ ശ്രദ്ധയിൽ പെട്ടത്. ശരീരത്തിന്റെ കഴുത്തിൽ ഒരു കയർ കുരുങ്ങിയിരിക്കുന്നത് കാണാമായിരുന്നു.പരിശോധനയിൽ ഈ മൃതദേഹം ഇരുമ്പ് യുഗത്തിൽ ജീവിച്ചിരുന്നയാളുടേതാണെന്ന് മനസ്സിലാക്കി. ടോളൻഡ് മാൻ എന്ന് പിൽക്കാലത്ത് ആ ശരീരം അറിയപ്പെട്ടു. പീറ്റ് ബോഗ് എന്നറിയപ്പെടുന്ന ചതുപ്പുനിലങ്ങളിൽ കിടക്കുന്ന ശവശരീരങ്ങളാണ് ഇത്തരത്തിൽ പ്രകൃതിദത്ത മമ്മിയായി മാറുന്നത്. ചതുപ്പുനിലങ്ങളിലെ അമ്ലതയും താപനിലയും കൂടിയ വെള്ളമാണ് ഇതിന് വഴിയൊരുക്കുന്നത്. സൂക്ഷ്മാണുക്കൾക്ക് ഈ സാഹചര്യങ്ങളിൽ ശരീരത്തെ ആക്രമിച്ച് അഴുകിപ്പിക്കാനാകില്ല എന്നതാണ് ഇതിനു കാരണം. 2600 വർഷം പഴക്കമുള്ള ടോളൻഡ് മാൻ ബിസി 400 ലാണ് ജീവിച്ചിരുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ബോഗ് ശരീരം ഡെൻമാർക്കിൽ കണ്ടെടുത്ത കോൽബെർഗ് മനുഷ്യന്റേതാണ്. 10000 വർഷം പഴക്കമുള്ളതാണ് ഈ ശരീരം. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം ടോളൻഡ് മാനിന്റെ ശരീരം തന്നെയാണ്. ഏറെക്കുറെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും അതുപോലെ സംരക്ഷിക്കപ്പെട്ടതാണ് ഈ മമ്മി. ആദിമകാലത്ത് എന്തെങ്കിലും കുറ്റം ചെയ്തതിനാൽ കഴുവിലേറ്റി ശിക്ഷിച്ചതാകാം ടോളൻഡ് മാനെയെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇടയ്ക്ക് ഡെൻമാർക്കിലെ സിൽക്ബർഗ് മ്യൂസിയത്തിലെ ശാസ്ത്രജ്ഞർ കുറെ പഠനഫലങ്ങൾ പുറത്തുവിട്ടു. ടോളൻഡ് മാന്റെ വയറ്റിലാണ് ഇവർ ശ്രദ്ധയോടെ പരീക്ഷണം നടത്തിയത്. പ്രാചീന സമൂഹം തങ്ങളുടെ വിശ്വാസങ്ങളുടെ ഭാഗമായിട്ടാകാം ടോളൻഡ്മാനെ കഴുവിലേറ്റി കൊന്നതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

English Summary:

2,500-Year-Old S-Shaped Sword Pulled From Danish Bog: Ritual Sacrifice or Ancient Mystery?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com