കുഫു ചക്രവർത്തിക്കായി നിർമിച്ച പിരമിഡ്: ഇന്നും നിലനിൽക്കുന്ന പ്രാചീന ലോകാദ്ഭുതം
Mail This Article
ഈജിപ്തെന്നു കേട്ടാൽ ആദ്യം തന്നെ മനസ്സിൽ തെളിയുക പിരമിഡുകളാകും. ലോകത്തെ അമ്പരപ്പിച്ച പിരമിഡുകൾ തലയുയർത്തി നിൽക്കുന്ന രാജ്യം. തൂത്തൻ ഖാമുൻ, റാംസെസ്, തുത്മോസ് തുടങ്ങി ഈജിപ്തിലെ ഒട്ടേറെ രാജാക്കൻമാരുടെ കല്ലറകളും പിരമിഡുകളുമൊക്കെ പുരാതനകാലത്തെക്കുറിച്ചുള്ള ഒട്ടേറെ അറിവുകൾ മനുഷ്യരാശിക്കു നൽകിയവയാണ്. പിരമിഡുകളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണു ഗിസയിലേത്. ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ എന്ന് ഇതറിയപ്പെടുന്നു.
ഈജിപ്തിൽ ബിസി 2551 മുതൽ 2528 വരെ അധികാരത്തിലിരുന്ന ഫറവോയായിരുന്ന കുഫുവിന്റെ അന്ത്യവിശ്രമകേന്ദ്രം എന്ന നിലയ്ക്കാണ് ഇതു നിർമിച്ചത്. പൗരാണിക ഈജിപ്തിൽ നിർമിച്ചവയിൽ വച്ച് ഏറ്റവും വലുപ്പമുള്ള പിരമിഡാണ് ഗിസയിലേത്. പുരാതന കാലത്തെ ഏഴ് അദ്ഭുതങ്ങളിൽ ഇന്നും നില നിൽക്കുന്ന ഒരേയൊരു അദ്ഭുതവും ഈ പിരമിഡാണ്.
പ്രാചീന ഈജിപ്തിലെ നാലാം സാമ്രാജ്യത്തിലെ രണ്ടാമത്തെ ഫറവോയായിരുന്നു ഖുഫു. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ താരതമ്യേന കുറവാണ്. നാലാം സാമ്രാജ്യത്തിന്റെ സ്ഥാപകനായ സ്‌നെഫ്‌റുവിന്റെ പുത്രനാണു ഖുഫു. നാലു ഭാര്യമാരും 12 മക്കളും ഖുഫുവിനുണ്ടായിരുന്നു. ഗിസയിലെ പിരമിഡ് കൂടാതെ ഹാഥോർ, ബാസ്റ്റസ്റ്റ് എന്നീ ദേവകൾക്കായി ക്ഷേത്രങ്ങളും ഖുഫു നിർമിച്ചിരുന്നു.
ഗിസ പിരമിഡിനെക്കുറിച്ച് ഒട്ടേറെ ദുരൂഹതകളുണ്ട്. ഇതിലൊന്നാണ് രഹസ്യ അറ ഇതിനുള്ളിൽ ഉണ്ടായിരുന്നെന്ന സംശയം. ഇത് അറതന്നെയോ എന്ന് ഉറപ്പിക്കാൻ വിദഗ്ധർക്കു കഴിഞ്ഞിരുന്നില്ല. പിരമിഡിനുള്ളിലെ പൊത്തുകളോ പൊള്ളയായ ഭാഗമോ ആണ് ഇവയെന്നും സംശയിക്കപ്പെട്ടിരുന്നു.
1960 മുതൽ തന്നെ ഗിസ പിരമിഡിലെ ഘടനകൾ പരിശോധിക്കാനും വിലയിരുത്താനും ശാസ്ത്രജ്ഞർ വിവിധ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരുന്നു. 2016-17 കാലഘട്ടത്തിൽ നടത്തിയ സ്‌കാൻ പിരമിഡ് എന്ന സർവേയാണ് ഇതിനുള്ളിൽ വലിയ ഒരു പൊള്ളയായ ഭാഗമുണ്ടെന്നു കണ്ടെത്തി സ്ഥിതീകരിച്ചത്.
എന്താകാം ഈ ഇടനാഴി എന്നതു സംബന്ധിച്ച് ഇപ്പോൾ തന്നെ വിവിധ വാദങ്ങളുണ്ട്. ചക്രവർത്തിയുടെ കല്ലറ ഇവിടെയാകാം എന്നതാണ് ശാസ്ത്രജ്ഞരെ ഏറ്റവും കുടുതൽ ആഹ്ലാദിപ്പിച്ചേക്കാവുന്ന വാദം. എന്നാൽ ചിലപ്പോൾ ഇതു വെറുതെ ഘടനാപരമായ ഒരു ശൂന്യത മാത്രമാകാനും മതി. ഇതിനു സമീപത്തായി തന്നെ ശൂന്യമായ ഒരു ചെറിയ പൊള്ളഭാഗവുമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു.