ചന്ദ്രനിൽ ചെന്നു താമസിച്ചാൽ; തീവ്രവികിരണം, വെടിമരുന്നിന്റെ മണം

Mail This Article
നമ്മുടെ ഏറ്റവും അടുത്ത പ്രാപഞ്ചിക വസ്തുവായ ചന്ദ്രൻ കഥകളിലും കവിതകളിലുമെല്ലാം സ്ഥിരം കടന്നുവരുന്ന നമ്മുടെ പ്രിയ കൂട്ടുകാരനാണ്. ചന്ദ്രനെ സംബന്ധിച്ച് നിരവധി ഗവേഷണങ്ങളും പഠനങ്ങളുമൊക്കെ നടന്നിട്ടുണ്ട്, ഇന്നും നടന്നുകൊണ്ടേയിരിക്കുന്നു. നമ്മുടെ ചന്ദ്രയാൻ പദ്ധതികളും ഇക്കൂട്ടത്തിൽ പെടുന്നു. ഭാവിയിൽ ചന്ദ്രനിൽ താമസമുറപ്പിക്കാനും കോളനികളുണ്ടാക്കുവാനുമൊക്കെ പല പദ്ധതികളും പല രാജ്യങ്ങളും ആലോചിക്കുന്നുണ്ട്.ചന്ദ്രനിൽ എത്തിയാൽ, അവിടെ താമസിച്ചാൽ എന്തൊക്കെയാകും നമുക്ക് എതിരിടേണ്ടി വരിക. ചന്ദ്രനിൽ ഗുരുത്വബലം വളരെ കുറവാണ്. അതിനാൽ ഭൂമിയിലേപ്പോലെയല്ല, കൂടുതൽ ഉയരത്തിൽ ചാടാൻ സാധിക്കും.
ചന്ദ്രനിൽ അന്തരീക്ഷം തീരെയില്ല, അതുപോലെ തന്നെ മാരകമായ കോസ്മിക് വികിരണങ്ങൾ ഇവിടെയുണ്ട്, താപനിലയിൽ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലും ഇവിടെ ഭവിക്കും. ഉൽക്കാപതനത്തിലുള്ള സാധ്യതയും വളരെക്കൂടുതലാണ്. ഇവയെല്ലാം ചന്ദ്രനിലെ ജീവിതം ദുസ്സഹമാക്കും. 12 മനുഷ്യർ ഇതുവരെ ചന്ദ്രോപരിതലത്തിൽ നടന്നിട്ടുണ്ട്. ഇവരെല്ലാം ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. ചന്ദ്രനിൽ അപ്പാടെ വെടിമരുന്നിന്റെ മണമാണ്. ചന്ദ്രനിലേക്ക് യുഎസ് അവസാനം നടത്തിയ മനുഷ്യയാത്രയായ അപ്പോളോ 17ന്റെ അമരക്കാരനായ ജാക്ക് ഷ്മിറ്റ് ഇതു വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. സ്ഫോടനം നടന്ന ശേഷമുള്ള കരിഞ്ഞ വെടിമരുന്നിന്റെ മണമായിരുന്നു ചന്ദ്രനിൽ തങ്ങൾക്ക് അനുഭവപ്പെട്ടതെന്നാണ് ഷ്മിറ്റ് പറഞ്ഞത്.
ഒരു യാത്രികരും ചന്ദ്രോപരിതലത്തിൽ വച്ച് തങ്ങളുടെ ഹെൽമറ്റ് ഊരി മണം പിടിച്ചിട്ടില്ല. തങ്ങളുടെ സ്പേസ് സ്യൂട്ടുകളിൽ പറ്റിപ്പിടിച്ച ചന്ദ്രനിലെ പൊടിയുടെ അംശങ്ങളില്‍ നിന്നും ചന്ദ്രനിൽ നിന്നു തിരികെ കൊണ്ടുവന്ന പാറക്കഷ്ണങ്ങളിൽ നിന്നുമാണ് ഈ മണം അവർ അനുഭവിച്ചറിഞ്ഞത്. ബഹിരാകാശത്തെ ഗന്ധത്തിൽ നിന്നു വളരെ വ്യത്യാസമുണ്ട് ചന്ദ്രനിലെ ഗന്ധത്തിനെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ലോഹാംശമുള്ള മണമാണ് ബഹിരാകാശത്ത്. ചന്ദ്രനിലെ വെടിമരുന്നിന്റെ ഗന്ധം അവിടത്തെ മണ്ണിൽ നിന്ന് ഉദ്ഭവിക്കുന്നതാണ്. ഈ മണ്ണിലടങ്ങിയ ലവണങ്ങളാണ് ഇതിനു വഴിവയ്ക്കുന്നത്.
ചന്ദ്രന്റെ ഉത്പത്തി എങ്ങനെയാണെന്നതു സംബന്ധിച്ച് ശാസ്ത്രജ്ഞർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങളുണ്ട്. തിയ എന്നൊരു ബഹിരാകാശ വസ്തു ആദിമ ഭൂമിയുമായി കൂട്ടിയിടിച്ചാണ് ചന്ദ്രനുണ്ടായതെന്ന വിശ്വാസം ശാസ്ത്രലോകത്ത് പ്രബലമാണ്. ഇതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകൾ കിട്ടിയിട്ടുമുണ്ട്.
ചന്ദ്രോപരിതലത്തിന്റെ രാസഘടനയുടെ 45 സതമാനവും സിലിക്കയാണ്.അലുമിന (15–24 ശതമാനം), ലൈം, അയൺ ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ്, സോഡിയം ഓക്സൈഡ് തുടങ്ങിയവയും ഘടനയിലുണ്ട്. സൗരയൂഥത്തിലെ സ്വാഭാവിക ഗ്രഹ ഉപഗ്രഹങ്ങളിൽ വലുപ്പം കൊണ്ട് അഞ്ചാം സ്ഥാനത്താണ് ചന്ദ്രൻ. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ ഗാനിമീഡ്, കലിസ്റ്റോ, ലോ, ശനിയുടെ ടൈറ്റൻ എന്നീ ഉപഗ്രഹങ്ങളാണു ചന്ദ്രനു മുന്നിലുള്ളത്.