തിളച്ച എണ്ണയിൽ മുക്കിയും ചൂടുവെള്ളത്തിൽ പുഴുങ്ങിയും; വധശിക്ഷയുടെ ചരിത്രം

Mail This Article
രാജ്യത്തെ നിയമവ്യവസ്ഥ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ എന്ന നിലയിൽ കുറ്റവാളിയെ വധിക്കാൻ ആജ്ഞാപിക്കുന്നതാണ് വധശിക്ഷ അല്ലെങ്കിൽ ക്യാപ്പിറ്റൽ പണിഷ്മെന്റ്. പൊതുവേ വളരെ ഗുരുതരമായ കുറ്റങ്ങൾക്കാണു വധശിക്ഷ നൽകുക. ബിസി 18–ാം നൂറ്റാണ്ടിൽ ബാബിലോൺ രാജാവായ ഹമ്മുറാബി പുറത്തിറക്കിയ നിയമസംഹിതയിലാണു വധശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നതിന്റെ ആദ്യ രേഖയുള്ളത്. എന്നാൽ, മരണശിക്ഷ അതിനും മുൻപേ ലോകത്തുണ്ട്.
പണ്ട് അതിക്രൂരം
നിലവിൽ തൂക്കിക്കൊല, വെടിവച്ചു കൊല്ലൽ, ശിരഛേദം, വിഷം കുത്തിവയ്ക്കൽ എന്നീ മാർഗങ്ങളാണു വിവിധരാജ്യങ്ങൾ വധശിക്ഷയ്ക്കായി ഉപയോഗിക്കുന്നത്. എന്നാൽ പ്രാചീനകാലത്ത് വധശിക്ഷ കൂടുതൽ ക്രൂരമായിരുന്നു. തിളച്ച എണ്ണയിൽ മുക്കിയും ചൂടുവെള്ളത്തിൽ പുഴുങ്ങിയും ശരീരമാസകലം ആണി തറച്ചുകയറ്റിയും പാറകളിൽ നിന്നെറിഞ്ഞും കോടാലി കൊണ്ടു വെട്ടിയുമൊക്കെ വധശിക്ഷ നടപ്പാക്കിയിരുന്നു. വധശിക്ഷയ്ക്കു വിധേയരായവരുടെ വികൃതമാക്കപ്പെട്ട ശരീരങ്ങൾ പൊതുവിടങ്ങളിൽ പ്രദർശിപ്പിക്കുന്ന രീതിയും ചില രാജ്യങ്ങളിലുണ്ടായിരുന്നു. മധ്യകാല യൂറോപ്പിൽ വധശിക്ഷകൾ സർവസാധാരണമായിരുന്നു. ചെറിയ തെറ്റുകൾക്കു പോലും വധശിക്ഷ നടപ്പാക്കിയിരുന്നു. പൊതുവിടങ്ങളിൽ വധശിക്ഷ നടപ്പാക്കുന്ന രീതി ഇംഗ്ലണ്ടിലുണ്ടായിരുന്നെങ്കിലും 1868 ൽ നിരോധിച്ചു. തൊണ്ണൂറുകൾ മുതൽ 20 രാജ്യങ്ങൾ മാത്രമാണു പരസ്യമായി വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്.

ചൈന
ലോകത്തേറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങൾ ചൈന, ഇറാൻ, സൗദി അറേബ്യ എന്നിവയാണ്. ചൈനയിലെ വധശിക്ഷയുടെ കണക്കുകൾ സുതാര്യമല്ലെന്നു രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
56
ലോകത്ത് 56 രാജ്യങ്ങളിൽ വധശിക്ഷ ഇപ്പോഴും നിലവിലുണ്ട്. 111 രാജ്യങ്ങൾ പൂർണമായി നിരോധിച്ചു. 7 രാജ്യങ്ങൾ യുദ്ധക്കുറ്റങ്ങൾക്കു മാത്രമാണു വധശിക്ഷ നൽകുന്നത്. 24 രാജ്യങ്ങൾ വധശിക്ഷ നിരോധിച്ചിട്ടില്ലെങ്കിലും നടപ്പാക്കാറില്ല.
ആംനെസ്റ്റി ഇന്റർനാഷനൽ
ലോകമെമ്പാടും ഒരു കോടി അംഗങ്ങളുള്ള മനുഷ്യാവകാശ സംഘടനയാണ് ആംനെസ്റ്റി ഇന്റർനാഷനൽ. വധശിക്ഷയെ ശക്തമായി എതിർക്കുന്ന ഈ സംഘടന ഇതിനായി വിപുലമായ പ്രചാരണം നടത്താറുണ്ട്.
തഹിതി
ആധുനികകാലത്ത് പസിഫിക് ദ്വീപരാജ്യമായ തഹിതിയാണ് ആദ്യമായി വധശിക്ഷ നിരോധിച്ച ജനാധിപത്യ രാജ്യം. 1863 ൽ വെനസ്വേലയും വധശിക്ഷ നിരോധിച്ചു. യുഎസിൽ 27 സംസ്ഥാനങ്ങളിൽ വധശിക്ഷ നിയമവിധേയമാണ്.
ഇന്ത്യയിൽ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തൂക്കിക്കൊല കൊലപാതകക്കേസ് പ്രതിയായ രഘുരാജ് സിങ്ങിന്റേതാണ്. ജബൽപുരിലാണ് ഇതു നടന്നത്. ഇതുവരെ 750ൽ അധികം പേർക്ക് ഇന്ത്യയിൽ വധശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഡെത്ത് റോ
വധശിക്ഷയ്ക്കു വിധിച്ചാലും നടപ്പാക്കാൻ കാലതാമസം പല രാജ്യങ്ങളിലുമുണ്ട്. വിധി മുതൽ ശിക്ഷ വരെയുള്ള ഈ കാലയളവ് ഡെത്ത് റോ എന്നറിയപ്പെടുന്നു.
18+
മിക്ക രാജ്യങ്ങളും 18 വയസ്സിൽ താഴെയുള്ളവർക്ക് വധശിക്ഷ നൽകാറില്ല. എന്നാൽ, പണ്ട് ഇംഗ്ലണ്ടിലും യുഎസിലുമുൾപ്പെടെ ഇതു നടന്നിരുന്നു. 2005 ൽ ആണ് പ്രായപൂർത്തിയാകാത്തവരെ വധിക്കുന്നത് യുഎസ് നിയമം മൂലം നിരോധിച്ചത്.