മായൻ ഐതിഹ്യങ്ങളിലെ കുഞ്ഞൻ അമാനുഷ ജീവികൾ! കുസൃതിക്കാരായ അല്യൂക്സ്

Mail This Article
അമേരിക്കൻ മേഖലയിലെ പ്രബലമായ സംസ്കാരമായിരുന്നു മായൻമാർ. ഇവർക്ക് അനേകം കെട്ടുകഥകളും മിത്തുകളും മറ്റുമുണ്ട്. മായൻ വിശ്വാസമനുസരിച്ച് വനത്തിലും പാടങ്ങളിലും അധിവസിക്കുന്ന അതിമാനുഷ ജീവികളാണ് അല്യൂക്സ്. ഇവ വലുപ്പത്തിൽ ചെറുതുമാണെന്നാണു വിശ്വാസം. മനുഷ്യർക്കു നേരെ ഒരുപാട് വികൃതികൾ ഇവർകാട്ടും. സാധനങ്ങൾ ഒളിപ്പിച്ചുവച്ചു വിഷമിപ്പിക്കുകയും മറ്റും ചെയ്യും. ഇതിനാൽ തന്നെ അല്യൂക്സുകളെ പ്രസാദിപ്പിക്കാനായി നേർച്ചകളൊക്കെ ഇന്നും ആളുകൾ മെക്സിക്കോയിൽ നൽകാറുണ്ട്. അല്യൂക്സുകൾ പെട്ടെന്നു കോപിക്കുന്നവരും എന്നാൽ പ്രസാദിപ്പിച്ചാൽ പെട്ടെന്നു തന്നെ ഇണങ്ങുന്നവരുമാണത്രേ.
അല്യൂക്സുകളെപ്പറ്റി മറ്റു ചില വിവരണങ്ങളും മായൻ വിശ്വാസത്തിലുണ്ട്. ഒരു മായൻ വംശജൻ വനത്തിലൂടെ യാത്ര ചെയ്യുമ്പോൾ അല്യുക്സുകൾ അവരെ തടഞ്ഞുനിർത്തി നേർച്ച ആവശ്യപ്പെടും. ഇതു കൊടുത്തില്ലെങ്കിൽ അവർ പിണങ്ങുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് മായൻമാർ വിശ്വസിച്ചിരുന്നു. യൂക്കാട്ടൻ മേഖലയിലാണ് അല്യൂക്സുകൾ ജീവിക്കുന്നതെന്നാണു മായൻ വിശ്വാസം. അവിടെയുള്ള പല കർഷകരും തങ്ങളുടെ വിളകളുടെ സംരക്ഷകരായി അല്യുക്സുകളെ കരുതിയിരുന്നു.
എഡി 300 മുതൽ എഡി 900 വരെയുള്ള കാലയളവിലാണ് മായൻ സംസ്കാരം മെക്സിക്കോയിലും മധ്യ അമേരിക്കയിലെ മറ്റു ചില രാജ്യങ്ങളിലുമായി പ്രൗഢോജ്വലമായ രീതിയിൽ നിലനിന്നത്. പിന്നീട് ഇതു നശിച്ചു. അമേരിക്കൻ വൻകരകളിലേക്കു യൂറോപ്യൻമാരും മറ്റും വൻരീതിയിൽ എത്തുകയും അധീശത്വം സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ ഇന്നും മായൻ വംശജക്കാരുടെ പിന്മുറക്കാർ യൂക്കാട്ടൻ മേഖലയിൽ വസിക്കുന്നുണ്ട്. ഇവരിൽ പലരും മായൻ ഭാഷകൾ സംസാരിക്കുന്നവരും പരമ്പരാഗത വേഷം ധരിക്കുന്നവരുമാണ്. പരമ്പരാഗത ഭക്ഷണം, വിളകൾ, വൈദ്യരീതികൾ തുടങ്ങിയവയൊക്കെ ഇന്നും നിലനിർത്തുന്നവരും മായൻ പിന്മുറക്കാരുടെ ഇടയിലുണ്ട്. കുറച്ചുകാലം മുൻപ് അന്നത്തെ മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേ മാനുവൽ ലോപസ് ഒബ്രഡോർ മരത്തിലിരിക്കുന്ന ഒരു രൂപത്തിന്റെ ചിത്രം പങ്കുവച്ചു.അല്യൂക്സ് എന്ന ജീവിയാണിതെന്ന് പ്രസിഡന്റ് അടിക്കുറിപ്പായി അടിച്ചുവിടുകയും ചെയ്തു. യൂക്കാട്ടൻ മേഖലയിൽ റെയിൽവേ ജോലികളിൽ ഏർപ്പെട്ടു നിന്ന ഒരു എൻജിനീയറാണു ചിത്രമെടുത്തതെന്നാണ് മെക്സിക്കൻ പ്രസിഡന്റ് പറഞ്ഞത്. ഏതായാലും ആളുകൾ താമസിയാതെ പ്രസിഡന്റിനെ ട്രോളാൻ തുടങ്ങി