നിഗൂഢതകളാൽ മൂടപ്പെട്ട സംസ്ക്കാരം; ലോകത്തെ ഞെട്ടിച്ച മനുഷ്യർ!

Mail This Article
മധ്യ അമേരിക്കയിലെ ഒരു വനത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു പുരാവസ്തു ഗവേഷകരായ ജോൺ ലോയിഡ് സ്റ്റിഫൻസും ഫെഡറിക്ക് കേതർവുഡും. ആ യാത്രയിൽ അത്ഭുതകരമായ ചില കാഴ്ചകൾക്കു അവർ സാക്ഷികളായി. തങ്ങളുടെ മുന്നിൽ കണ്ട ഭീമാകാരമായ മണ്ണിന്റെ ഒരു കൂമ്പാരം നീക്കുന്നതിനിടയിലായിരുന്നു അവരത് കണ്ടത്. നൂറ്റാണ്ടുകൾക്ക് മുൻപ് മണ്ണിലടക്കം ചെയ്യപ്പെട്ട അത്യപൂർവമായ ചില കെട്ടിടങ്ങളായിരുന്നു അത്. അവയുടെ രൂപവും ആകൃതിയും അവരെ ഞെട്ടിച്ചു. അതിനെത്തുടർന്നു നടന്ന ചില പഠനങ്ങൾ, അതു ഒരു മെസോ-അമേരിക്കൻ സംസ്കാരത്തിന്റെ ശേഷിപ്പുകളാണെന്ന് കണ്ടെത്തി. മായൻ സംസ്കാരം.
നിഗൂഢതകൾ നിറഞ്ഞ ചരിത്രം
നിഗൂഢതകൾ നിറഞ്ഞ മായന്മാരുടെ ചരിത്രം ലോകമിന്നും ആകാംഷയോടെ ചികയാറുണ്ട്. കാലത്തിന് മുന്നേ സഞ്ചരിക്കാൻ കഴിഞ്ഞവരെന്ന് പല ചരിത്രകാരന്മാരും അവരെ വിശേഷിപ്പിച്ചിരുന്നു.. യുക്കാത്തൻ ഉപഭൂഖണ്ഡം, മെക്സിക്കൊ, ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ് തുടങ്ങിയ പ്രദേശങ്ങളിൽ ബിസി 1800 മുതൽ എഡി 900 വരെ ഏതാണ്ട് 3000 വർഷത്തോളം അജയ്യമായി നിലനിന്നിരുന്ന അവരുടെ കാലഘട്ടം ആധുനിക ലോകത്തെപ്പോലും അമ്പരപ്പിക്കുന്നതാണ്. മധ്യ അമേരിക്കയിലേക്ക് ഏത് ദേശത്തുനിന്ന് ഏത് കാലത്ത് മായന്മാർ കുടിയേറി എന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് വ്യക്തമായ ഉത്തരം നൽകാൻ ഇന്നും കഴിഞ്ഞിട്ടില്ല. ഇവർ ഈജിപ്ത്യൻ വംശജരാണെന്നും, അതല്ല, ഇസ്രായേലിൽ നിന്നുള്ളവരാണെന്നും ചൈനയിൽ നിന്നും കൂടിയേറിയവരാണെന്നുമൊക്കെയുള്ള വാദങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു. അതിനുകാരണം ഇത്ര ബുദ്ധിശക്തിയുള്ള ഒരു ജനത മധ്യഅമേരിക്കയിലുള്ളവരാകാൻ സാധ്യതയില്ല എന്ന സംശയങ്ങളായിരുന്നു. വിശാലവും, വന്യവുമായ വനപ്രദേശത്തെ വെട്ടിത്തെളിയിച്ച് അതിൽ കൃഷി ചെയ്ത് ജീവിക്കുന്നവരായിരുന്നു മായന്മാർ. ചെറിയ യൂണിറ്റുകളായി തിരിച്ചു ഒരു രാഷ്ട്രീയ ഘടന തീർത്തുകൊണ്ടുള്ള ഭരണ സംവിധാനവും മായന്മാർ ഉണ്ടാക്കി. ഒരു യൂണിറ്റിന് ഒരു ഗവൺമെന്റ് എന്ന രീതിയായിരുന്നു ഇത്. ഇവിടങ്ങളിലെല്ലാം കലയും ശാസ്ത്രവും കാർഷിക വൃത്തിയും ഒരേപോലെ കൈകോർത്തു നിന്നു. യൂണിറ്റുകളുടെ പരമാധികാരികളായി പുരോഹിതന്മാർ നിലകൊണ്ടു. ഈജിപ്ത്യൻ ഫറോവമാർക്ക് തുല്യമായ അധികാരമായിരുന്നു ഇവരുടേത്.

ഭൂമിയുടെ വ്യക്തമായ ഭൂപടം
സ്വന്തമായി ഭാഷയും കലണ്ടറും മായന്മാർക്കുണ്ടായിരുന്നു, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, രാഷ്ട്ര തന്ത്രം, വനശാസ്ത്രം, ചിത്രകല, കൃഷി തുടങ്ങിയവയിലെല്ലാം അഗാധമായ അറിവ് അവർ ആർജിച്ചിരുന്നു. വാസ്തുവിദ്യയിൽ ആധുനിക എഞ്ചിനീറിങ് വൈദഗ്ദ്യത്തെപ്പോലും അവർ അമ്പരപ്പിച്ചു. അതിനെല്ലാമപ്പുറം ലോകത്തെ ഞെട്ടിച്ചത് മറ്റൊന്നാണ്. ഭൂമിയുടെ വ്യക്തമായ ഭൂപടം മായന്മാരുടെ കൈയ്യിലുണ്ടായിരുന്നു, പുരാതനകാലത്ത് മനുഷ്യർക്ക് ഒരുതരത്തിലും ചെന്നെത്താൻ സാധ്യമല്ലാത്ത അന്റാർട്ടിക്കയും ആ ഭൂപടത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നറിയുമ്പോഴാണ് ആ അമ്പരപ്പ് ഇരട്ടിക്കുന്നത്. മറ്റ് ഗ്രഹങ്ങളുമായി മായന്മാർ ബന്ധം പുലർത്തിയിരുന്നു എന്നു വരെ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ബഹിരാകാശ പേടകത്തിൽ മനുഷ്യർ സഞ്ചരിക്കുന്നതിന് സമാനമായ ചിത്രങ്ങൾ, സ്പേസ് സ്യൂട്ടിന് സമാനമായ വേഷം അണിഞ്ഞ മനുഷ്യർ തുടങ്ങിയ ചില മായൻ ചുവർ ചിത്രങ്ങളെല്ലാം ഇതിന് തെളിവായി അവർ ഉയർത്തിക്കാട്ടുന്നു. മായന്മാർ മനുഷ്യരല്ല അവർ അന്യഗ്രഹജീവികളാണെന്ന് വരെ പല ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്, അത്രത്തോളം നിഗൂഢതകളാൽ മൂടപ്പെട്ടതാണ് അവരുടെ ചരിത്രം.

ചോക്ലേറ്റിന് പിന്നിലും
കൊക്കോയിൽ നിന്നും മായന്മാർ ഒരു പാനീയമുണ്ടാക്കിയിരുന്നു ഇതാണ് പിന്നീട് ചോക്ലേറ്റിന്റെ കണ്ടുപിടുത്തത്തിന് വഴികാട്ടിയായത്. ചോളമായിരുന്നു മായന്മാരുടെ പ്രധാന കൃഷി. ഒപ്പം ഇവർ റബ്ബർ കൃഷി നടത്തിയിരുന്നതായും റബറുൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്നതായും ചില ചരിത്രരേഘകൾ തെളിയിക്കുന്നു.
2012 ൽ ലോകാവസാനം
ഈജിപ്തിൽ പിരമിഡുകൾ നിർമിച്ച രൂപത്തിലും, ഭാവത്തിലും മായന്മാർ പിരമിഡ് ആകൃതിയിൽ ദേവാലയങ്ങൾ നിർമ്മിച്ചിരുന്നു. കൃത്യമായ ഗണിതം ഉപയോഗിച്ചും, ഗോളശാസ്ത്രത്തെ അവലംബിച്ചുമായിരുന്നു ഈ ദേവാലയങ്ങളുടെ നിർമിതി. പച്ചക്കറികളിൽ നിന്നും ഉണ്ടാക്കിയ പേപ്പറുകളിലും, മരത്തടികളിലും, കല്ലുകളിലും ഇവർ സാഹിത്യമെഴുതി തങ്ങളുടെ ആത്മ വിചാരങ്ങൾ പ്രകാശിപ്പിച്ചു. സൂക്ഷ്മമായ നിരീക്ഷണത്തിൽ മായന്മാരുടെ അക്ഷരമാലാ ക്രമം ജാപ്പാനീസ് എഴുത്തിനോട് സാമ്യം പുലർത്തുന്നതാണ്. കൃത്യമായ കാലാവസ്ഥാ പഠനങ്ങൾക്കായി മായന്മാർക്ക് ഒരു കലണ്ടറുണ്ടായിരുന്നു. ഒരു വർഷത്തെ 18 മാസമായി തിരിച്ചുള്ള വർഗീകരണമായിരുന്നു മായന്മാരുടേത്. കൂടാതെ ഓരോ വർഷത്തിന്റെ കൂടെ 5 അധിക ദിനങ്ങളും ഇവർ കൂട്ടിച്ചേർക്കുകയും, ഇതിനെ ‘ഹാബ്’ എന്ന് വിളിക്കുകയും ചെയ്തു. മായൻ കലണ്ടർ പ്രകാരം 2012 ൽ ലോകാവസാനം എന്ന് പലരും പറഞ്ഞിരുന്നു, എന്നാൽ അവരുടെ കലണ്ടർ 2012-ൽ അവസാനിക്കുന്നതായിരിക്കാം, അടുത്ത കലണ്ടറിന്റെ തുടക്കവുമാകാം ഒരുപക്ഷെ. 2013 മെക്സിക്കോയിലെ ടോർട്ടുഗുരോയിൽ നിന്നാണ് പ്രശസ്തമായ മായൻ കലണ്ടർ കണ്ടെത്തിയത്. ഗ്വാട്ടിമാലയിലെ ആളുകൾ ഇപ്പോഴും മായൻ കലണ്ടർ ഉപയോഗിക്കുന്നുണ്ട്.

ആ രണ്ട് തലയോട്ടികൾ
അതീവ ബുദ്ധിശക്തിയുണ്ടായിരുന്ന ഈ അദ്ഭുത ജനതയുടെ ചരിത്രം തേടി ഗവേഷകർ നടത്തിയ യാത്രയിൽ ഒരു വലിയ വഴിത്തിരിവുണ്ടായി. മധ്യ അമേരിക്കയിലെ ബെലീസ് കാട്ടിൽ നിന്നും ലഭിച്ച രണ്ട് തലയോട്ടികളിൽ നിന്നും മായന്മാർ സാധാരണക്കാരല്ല എന്നു അവർക്ക് മനസ്സിലായി. ആ രണ്ട് തലയോട്ടികളിലും നടത്തിയ പഠനങ്ങൾ ഗവേഷകരെ ഞെട്ടിച്ചു. തലയോട്ടികളിൽ നിന്ന് മാംസം വലിച്ചു പറിച്ചു കളഞ്ഞു നിറങ്ങൾ ചാർത്തിയിട്ടുണ്ടിയിരുന്നു. മായൻ നഗരങ്ങളിൽ പലയിടത്തു നിന്നായി കണ്ടെത്തിയ പാറകളിലും, പാത്രങ്ങളിലുമെല്ലാം തലയോട്ടിയണിഞ്ഞ യുദ്ധവീരന്മാരുടെ ചിത്രം വരച്ചിട്ടിരിക്കുന്നത് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതിനാൽ ചരിത്രകാരന്മാർ ആ നിഗമനത്തിലെത്തി യുദ്ധത്തിൽ എതിരാളികളുടെ തലയറുത്തെടുത്ത് അതിലെ മാംസം പറിച്ചു മാറ്റി നിറങ്ങൾ ചാർത്തി വിജയ ചിഹ്നമായി കഴുത്തിലണിഞ്ഞിരുന്നു മായന്മാർ. അതിനുമപ്പുറം തങ്ങളുടെ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി മനുഷ്യരെ ബലി നൽകുന്നവരുമായിരുന്നു ഇവർ.
വളരെ വിചിത്രമായ അവരുടെ ജീവിതം തേടി നടത്തിയ യാത്രകളിൽ പല തലയോട്ടികളും ലഭിച്ചു. അവയെല്ലാം ചെത്തി മിനുക്കി നെഞ്ചിലും കഴുത്തിലും എല്ലാം അണിയാൻ പാകത്തിനായി മാറ്റിയെടുത്തവയായിരുന്നു. തങ്ങളുടെ ദൈവത്തെ പ്രീതിപ്പെടുത്താൻ മനുഷ്യരക്തം വഴിപാടായി മായന്മാർ നൽകിയിരുന്നു. ഇതിനായി നാവിലും ജനനേന്ദ്രിയത്തിലും ദ്വാരങ്ങൾ സൃഷ്ട്ടിച്ച് അവർ രക്തം ശേഖരിക്കുമായിരുന്നുവത്രേ. ആത്മാവിലും മരണാനന്തര ജീവിതത്തിലും വിശ്വസിച്ചവരായിരുന്നു മായന്മാർ. അവരുടെ ഭൂപടം അനുസരിച്ച് ഭൂപ്രദേശത്തിന്റെ നാലു ദിക്കിൽ നിന്നായി നാലു ദൈവങ്ങൾ അവരെ വീക്ഷിക്കുന്നുണ്ടായിരുന്നു. മുകളിൽ 13 പാളികളിലായി ആകാശവും താഴെ 9 പാളികളായി പാതാളവുമുണ്ട്. ഇവ സ്വർഗത്തെയും നരഗത്തെയും സൂചിപ്പിക്കുന്നതാണെന്നും ചിരിത്രരേഘകൾ പറയുന്നു.

പന്ത് കളിയുടെ സ്‌കോർ ബോർഡ്
അടുത്തകാലത്ത് മായൻ സംസ്‌കാരത്തിന്റെ ഐതിഹ്യങ്ങളിലുള്ള അധോഭൂമിയുടെ കവാടം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ചില പര്യവേക്ഷകർ രംഗത്തെത്തിയിരുന്നു. പ്രാചീന മായൻ വംശജർ പുണ്യമായി കരുതിപ്പോന്ന ജലാശയത്തിന്റെ അടിത്തട്ടിലാണ് ഇതു കണ്ടെത്തിയതെന്നും ഇവർ പറഞ്ഞിരുന്നു. മധ്യ അമേരിക്കൻ രാജ്യമായ ബെലീസിലെ കാരക്കോൾ എന്ന മേഖലയിലാണ് ഈ ജലാശയം കണ്ടെത്തിയത്. ഇതോടൊപ്പം തന്നെ നിരവധി അസ്ഥികളും 3000 വർഷം മുൻപ് മായൻമാർ സൃഷ്ടിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. മായൻമാരുടെ സങ്കൽപത്തിലെ അധോഭൂമി സിബാൽബ എന്ന പേരിലാണ് അറിയപ്പെട്ടത്. ഭൂമിയിലും ഗുഹകളിലും വെള്ളത്തിലുമുള്ള ദ്വാരങ്ങൾ ഈ ഭൂമിയിലേക്കുള്ള കവാടങ്ങളാണെന്നു കരുതി ഇവർ ആരാധിച്ചുപോന്നു. മെക്‌സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആന്റ് ഹിസ്റ്ററിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടന്ന ഉത്ഖനനത്തിൽ മായൻ സംസ്‌കാരത്തിന്റെ ഭാഗമായ പന്ത് കളിയുടെ സ്‌കോർ ബോർഡ് കണ്ടെടുത്തിരുന്നു. സോക്കർ പോലുള്ള കായിക ഇനത്തിന്റെ സ്‌കോർ ബോർഡാണ് ഇതെന്ന് കരുതപ്പെടുന്നു. ഇതിന്റെ മത്സരങ്ങൾ നടത്താനായി സ്റ്റേഡിയങ്ങൾ വരെ മായന്മാർ നിർമ്മിച്ചിരുന്നു. പക്ഷെ മത്സരങ്ങളിൽ വിജയിക്കുന്നവരാകട്ടെ സ്വയം നരബലിക്ക് തയ്യാറാവുകയും ചെയ്യും, ഇതവരെ തങ്ങളുടെ ദൈവത്തിനരികിൽ എത്തിക്കുമെന്നായിരുന്നു മായന്മാരുടെ വിശ്വാസം...
മായൻ സംസ്കാരത്തിന്റെ നാശം
മെൽ ഗിബ്സൺ സംവിധാനം ചെയ്ത അപ്പൊക്കാലിപ്റ്റൊ എന്ന അമേരിക്കൻ സിനിമയിൽ മായന്മാരുടെ അവസാന കാലം കാണിക്കുന്നുണ്ട്. ഉത്ഭവം പോലെ തന്നെ നിഗൂഢമാണ് മായൻ സംസ്കാരത്തിന്റെ നാശവും. ഒരുപക്ഷെ മായന്മാരുടെ നാശത്തിന് കാരണമായത് അവർക്കിടയിൽ തന്നെ അധികാരത്തിന് വേണ്ടി നടന്ന യുദ്ധവുമായിരിക്കാം. ബെലീസിൽ നിന്നും ഒൻപതാം നൂറ്റാണ്ടോടെ മായന്മാർ കൂട്ടപലായനം ചെയ്തിരുന്നെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രാജകുടുംബത്തെ കൊന്നൊടുക്കിയതിന്റെയും കെട്ടിടങ്ങളും ശവക്കല്ലറകളും തകർന്നതിന്റെയും തെളിവുകളും ലഭിച്ചിരുന്നു. 1995 മുതൽ കേബ്രിഡ്ജ് സർവ്വകലാശാലയിലെ ഡേവിഡ് ഹോഡലും സംഘവും ഇരുപത്തിമൂന്ന് വർഷത്തോളം നടത്തിയ നീണ്ട പഠനത്തിനൊടുവിൽ മായന്മാരുടെ നാശത്തിന് കാരണമായി തീർന്നത് കൊടും വരൾച്ചയായിരുന്നു എന്നാണ് കണ്ടെത്തിയത്. അക്കാലത്ത് മായൻ മേഖലയിൽ പതിറ്റാണ്ടോളം 70% മഴ വരെ കുറഞ്ഞിരുന്നു എന്നായിരുന്നു അവരുടെ നിഗമനം. യുക്കാറ്റൻ ഉപദ്വീപിലെ മായൻ സംസ്കാരമായിരുന്നു അന്ന് അവർ പഠനവിധേയമാക്കിയത്. ഏതാണ്ട് ആയിരം വർഷം മുൻപ് പതിറ്റാണ്ടുകൾ നീണ്ട ആ വരൾച്ച മായൻ സംസ്കാരത്തെ പൂർണ്ണമായും ഇല്ലാതാക്കിയെന്ന് അവർ വ്യക്തമാക്കുകയുണ്ടായി. മായന്മാരിലെ ഒരു വിഭാഗം യുദ്ധം കാരണവും മറുവിഭാഗം കൊടും വരൾച്ച കാരണവും ഇല്ലാതായതെന്ന നിഗമനത്തിലാണ് ഇപ്പോൾ ഗവേഷകർ വിശ്വസിക്കുന്നത്. മായന്മാരുടെ പിൻതലമുറയിലുള്ള ലക്ഷക്കണക്കിന് ആളുകൾ ഇന്നും മധ്യഅമേരിക്കയുടെ പലയിങ്ങളിലും ജീവിക്കുന്നുണ്ട്....