ഒരു മഹാദുരന്തത്തിന്റെ ഓർമ! പൊലിഞ്ഞ കൽപന, ബാക്കിയായത് ഏതാനും ജീവികൾ

Mail This Article
ലോകത്തെ മുഴുവനും ഇന്ത്യയെ പ്രത്യേകിച്ചും വേദനയിലാഴ്ത്തിയ കൊളംബിയ ദുരന്തത്തിന്റെ ഇരുപത്തിരണ്ടാം വാർഷികമാണ് കഴിഞ്ഞ ദിവസം കടന്നുപോയത്. 2003 ജനുവരിയിൽ പറന്നുയർന്ന കൊളംബിയ ദൗത്യം രണ്ടാഴ്ച പിന്നിട്ടശേഷം ഫെബ്രുവരിയിൽ തിരിച്ചിറക്കത്തിനിടെ പൊട്ടിത്തെറിച്ചു. വാഹനത്തിലുണ്ടായിരുന്ന, ഇന്ത്യക്കാരി കൽപന ചൗള ഉൾപ്പെടെയുള്ള യാത്രികർ ദാരുണമായി അന്തരിച്ചു.

ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിലാണു ദുരന്തം ചിറകുവിരിച്ചു. ഇടതുചിറകിന്റെ താപകവചത്തിനു കേടുപാടുണ്ടായിരുന്നു. അന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കത്തിൽ സംഭവിച്ച ഉയർന്ന താപനിലയിൽ ചിറകു തീപിടിച്ചു കത്തിത്തുടങ്ങി. ഭൂമിയിൽ നിന്നു രണ്ടരലക്ഷം അടി മുകളിൽ ശബ്ദവേഗത്തിന്റെ 23 ഇരട്ടിയിൽ സഞ്ചരിക്കുകയായിരുന്ന കൊളംബിയ തകർന്നു തുടങ്ങി. ഒൻപതുമണിയോടെ ഷട്ടിലിന്റെ തകർന്ന ചെറിയ ഭാഗങ്ങൾ ടെക്‌സസിലെ ലൂബോക്കിൽ പതിച്ചു. മിനുട്ടുകൾക്കു ശേഷം കൊളംബിയ ഒരു അഗ്നിഗോളമായി മാറി. പ്രദേശവാസികൾ ഉയർന്ന സ്‌ഫോടനശബ്ദവും പുകയും ആകാശത്തു സംഭവിച്ചത് നേരിട്ട് അനുഭവിച്ചു. തകർന്ന കൊളംബിയയുടെ ഭാഗങ്ങൾ യുഎസിൽ രണ്ടായിരത്തിലധികം മേഖലകളിൽ വീണു. ഇവ തേടിപ്പോയ രണ്ട് പേരടങ്ങിയ ഹെലിക്കോപ്റ്റർ സംഘം തിരച്ചിലിനിടെ കൊല്ലപ്പെട്ടത് മറ്റൊരു സംഭവം.
1981ലാണ് കൊളംബിയ ദൗത്യത്തിന്റെ ആദ്യ പറക്കൽ സംഭവിച്ചത്. രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ലോകത്തെ കണ്ണീരിലാഴ്ത്തി ദുരന്തപൂർണമായ പരിസമാപ്തി ദൗത്യത്തിനു ലഭിച്ചു. നാസയുടെ നേരെ വലിയ വിമർശനമാണ് ഉയർന്നത്. ഇടതുചിറകിലെ അപകടത്തിന്റെ കാര്യം യാത്രികരെ അറിയിച്ച് വേണമെങ്കിൽ പരിഹാരമുണ്ടാക്കാമായിരുന്നെന്നും അതല്ലെങ്കിൽ കൊളംബിയ ദൗത്യത്തിനെ രണ്ടാഴ്ച കൂടി ബഹിരാകാശത്ത് നിർത്തി പിന്നീടുള്ള ദൗത്യമായ അറ്റ്‌ലാന്‌റിസിന്റെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്താനും നാസയ്ക്ക് അവസരമുണ്ടായിരുന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

കൊളംബിയ ദൗത്യത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഒരു കൂട്ടം ജീവികളുണ്ട്. കൊളംബിയയിൽ ബഹിരാകാശ പരീക്ഷണങ്ങൾക്കായി കൊണ്ടുപോയ ഒരു ടിന്നിലടച്ച വിരകൾ. ‘കായ്നേറോഹാബ്ഡിറ്റിസ് എലഗൻസ്’ എന്നു ശാസ്ത്രീയനാമമുള്ള വിരകളാണ് കൊളംബിയ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട ആ ജീവിവർഗം..ഇന്നവ ലോകത്തിൽ ഏറ്റവും സൂക്ഷ്മമായി സംരക്ഷിക്കപ്പെടുന്ന വിര വംശമാണ്.
സുരക്ഷിതമായ പുറം പാളികളുള്ള 13 അലുമിനിയം കണ്ടെയ്നറുകൾക്കുള്ളിലായിരുന്നു ഈ വിരകൾ യാത്ര പോയത്. യാത്രികരുടെ ശാസ്ത്രോപകരണങ്ങളും മറ്റു പ്രധാനപ്പെട്ട വസ്തുക്കളും സൂക്ഷിക്കാനായി പ്രത്യേക വസ്തുക്കളുപയോഗിച്ച് നിർമിച്ച കാബിനുള്ളിലാണ് ഇവയെ സ്ഥാപിച്ചത്. കാബിനുള്ളിലേക്കും തീ പടർന്നു ചെന്നെങ്കിലും കടുത്ത തീയിലും ചൂടിലും കണ്ടെയ്നറുകൾക്കു ദോഷം സംഭവിച്ചതല്ലാതെ വിരകൾ ചത്തില്ല. വാഹനം തകർന്നു ഭൂമിയിൽ പതിച്ചപ്പോഴും വിരകളെ സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകൾക്ക് വലിയ ആഘാതം സംഭവിച്ചില്ല. മൊത്തത്തിൽ വിധി ആ വിരകൾക്ക് തീർത്തും അനുകൂലമായിരുന്നു.
കൊളംബിയ തകർന്ന് കുറച്ചുനാൾ കഴിഞ്ഞ് ശാസ്ത്രജ്ഞർക്ക് വിരകളെ സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകൾ തിരികെക്കിട്ടി. അതിലെ വിരകൾക്ക് ജീവനുണ്ടാകുമെന്ന് ശാസ്ത്രജ്ഞർക്ക് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. എന്നാൽ കണ്ടെയ്നറുകൾക്കുള്ളിൽ വിരകളുണ്ടായിരുന്നു, അവയ്ക്കു ജീവനുമുണ്ടായിരുന്നു. സാധാരണഗതിയിൽ 40 മുതൽ 100 ദിവസം വരെയാണ് ഇത്തരം വിരകൾ ജീവിക്കുക. അതിനാൽ തന്നെ ശാസ്ത്രജ്ഞർ തുറന്നു നോക്കിയപ്പോൾ കണ്ടത് കൊളംബിയയിൽ യാത്ര പോയ വിരകളുടെ പിൻതലമുറകളിലെ സന്തതികളെയാണ്. വിരകൾക്കു വേണ്ട ഭക്ഷണമൊക്കെ കണ്ടെയ്നറുകളിൽ തന്നെ പ്രത്യേകം പ്രക്രിയ ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. അതുപയോഗിച്ച് അവ പെരുകി.
ഈ വിരകളെ നാസ പൊന്നുപോലെയാണ് പിന്നീട് സംരക്ഷിച്ചത്. വിലയേറിയ വിവരങ്ങളാണ് വിരകൾ തിരിച്ചുനൽകിയത്. ബഹിരാകാശത്തിലെ താമസം കൊണ്ട് വിരകളുടെ ശരീരത്തിനും ജീനുകൾക്കുമൊക്കെ വരുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ ഇവ വഴിയൊരുക്കി. കൊളംബിയൻ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട ഈ വിരകളുടെ വംശത്തെ പിന്നീട് മിനസോട്ട സർവകലാശാലയുടെ ജനിറ്റിക് സെന്ററിലേക്ക് മാറ്റി. സ്വന്തമായി ഒരു സെക്‌ഷൻ തന്നെ ഇവർക്കായി അവിടെയുണ്ടായിരുന്നു. വിഐപി ട്രീറ്റ്മെന്റിൽ കഴിഞ്ഞ ഇവയുടെ പിൻതലമുറക്കാർ പിന്നീടും ബഹിരാകാശത്ത് പോയിട്ടുണ്ട്.