മരുഭൂമിയിൽ മറഞ്ഞുപോയ അരലക്ഷം സൈനികർ! ഇന്നും യാതൊരു വിവരവുമില്ല

Mail This Article
ചരിത്രത്തിൽ ധാരാളം നിഗൂഢതകളുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് മരുഭൂമിയിൽ മറഞ്ഞ പേർഷ്യൻ സൈന്യത്തിന്റെ കഥ. ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുള്ളതാണ് ഈ കഥ. ബിസി 525 കാലഘട്ടത്തിലാണ് ഈ കഥ നടക്കുന്നത്. പേർഷ്യൻ ചക്രവർത്തിയായ ഡാരിയസ് അതിപ്രശസ്തനാണ്. അദ്ദേഹത്തിന്റെ മകനാണ് കാംബിസിസ്. ഡാരിയസിനു ശേഷം കാംബിസിസ് പേർഷ്യയുടെ ചക്രവർത്തിയായി.
ബിസി 525ൽ കാംബിസിസിന്റെ സൈന്യം ഈജിപ്ത് ആക്രമിച്ചു. അവിടത്തെ ഫറവോ തിരിച്ച് ആക്രമിച്ചതോടെ പെലൂസിയം യുദ്ധം തുടങ്ങി. ഈ യുദ്ധത്തിൽ കാംബിസിസ് ഫറവോയെ പരാജയപ്പെടുത്തി. മെംഫിസ് എന്ന ഈജിപ്തിലെ പുരാതന നഗരം കീഴ്പ്പെടുത്തിയ ശേഷം അദ്ദേഹം ഫറവോയെ നാടുകടത്തി. എന്നാൽ ഈജിപ്തിലെ ഒരു വിഭാഗം പുരോഹിതർ കാംബിസിസിനെ തങ്ങളുടെ പുതിയ രാജാവായി അംഗീകരിക്കാൻ തയാറായിരുന്നില്ല. ഇവർ താമസിച്ചിരുന്നത് ഇന്നത്തെ ഈജിപ്തിലെ ഒരു മരുപ്പച്ചയിലായിരുന്നു.
ഇതിനിടെ ഈജിപിതിനടുത്തുള്ള ഇത്യോപ്യ കീഴടക്കാനായി കാംബിസിസിന്റെ പടമുന്നേറ്റമായി. എന്നാൽ തന്റെ സൈനികരിലെ അരലക്ഷം പേരടങ്ങുന്ന ഒരു സംഘത്തെ കാംബിസിസ് മരുപ്പച്ചയിലെ പുരോഹിതരെയും അവരുടെ അനുചരൻമാരെയും അമർച്ച ചെയ്യാനായി നിയോഗിച്ചു. തീബ്സിൽ നിന്ന് 7 ദിവസം യാത്ര ചെയ്ത് സൈനികർ ഒരു സ്ഥലത്തെത്തി. മരുപ്പച്ചയിലേക്ക് ഇനിയും പോകാനുണ്ടായിരുന്നു. വീണ്ടും സൈന്യം യാത്ര തുടങ്ങുകയും പകുതി ദൂരം പിന്നിടുകയും ചെയ്തു. അപ്പോഴേക്കും ഉച്ചയായി. ഭക്ഷണം കഴിക്കാനായി സൈനികർ മരുഭൂമിയിൽ ഇരുന്ന സമയത്ത് തെക്കുനിന്ന് വലിയ കാറ്റടിച്ചു...മണൽക്കാറ്റ്.
ഈ കാറ്റ് സൈനികരുടെ മേൽ മണൽക്കൂമ്പാരം തീർത്തു. അവർ അപ്രത്യക്ഷരായെന്നാണ് ഹെറോഡോട്ടസ് എഴുതിയിരിക്കുന്നത്. ഈ നഷ്ടപ്പെട്ട പടയുടെ അവശിഷ്ടങ്ങൾ കണ്ടെത്താനായി അടുത്തകാലത്തും വലിയ തിരച്ചിലുകളൊക്കെ നടന്നിരുന്നു. എന്നാൽ ഇന്നും കാംബിസിസിന്റെ നഷ്ടപ്പെട്ട പട ഒരു ദുരൂഹരഹസ്യമായി തുടരുന്നു.