തോക്കെടുത്ത് യുദ്ധത്തിനു പോയ മിക്കി മൗസ്! 44 വർഷം കളഞ്ഞുപോയ അപൂർവ ചിത്രം

Mail This Article
ലോകമെമ്പാടുമുള്ള പല തലമുറകളിലെ കുട്ടികളുടെ പ്രിയകഥാപാത്രമാണ് മിക്കി മൗസ്, വളരെ സൗമ്യനായ കഥാപാത്രം. എന്നാൽ മിക്കിമൗസ് തോക്കുമെടുത്തു യുദ്ധത്തിനു പോയിട്ടുള്ള കഥ കേട്ടിട്ടുണ്ടോ? അങ്ങനെയൊന്നുണ്ട്. പക്ഷേ മിക്കി മൗസിന്റെ സ്രഷ്ടാക്കളായ വാൾട് ഡിസ്നിയല്ല ഈ വിഡിയോയ്ക്കു പിന്നിൽ. 1969ൽ പുറത്തിറങ്ങിയ ഒരു ബ്ലാക് ആൻഡ് വൈറ്റ് അനിമേഷൻ ചിത്രത്തിലാണ് ഈ കഥ. വിയറ്റ്നാം യുദ്ധത്തിനെതിരെ വൈറ്റ്നി ലീ സാവേജ് എന്നയാളാണ് ഈ ഒരു മിനിറ്റ് നീണ്ട വിഡിയോ നിർമിച്ചത്.
കോപ്പിറൈറ്റ് പ്രശ്നങ്ങളുള്ളതിനാൽ മിക്കിയുടെ പേരൊന്നും ഇതിൽ ഉപയോഗിച്ചിരുന്നില്ല. മിക്കി മൗസ് നടന്നുപോകുമ്പോൾ പട്ടാളത്തിൽ ചേരാനുള്ള ഒരു പരസ്യം കാണുന്നതും ഇതു കണ്ട് ചേർന്ന് യുഎസിൽ നിന്നു വിയറ്റ്നാമിലേക്കു തോക്കും പിടിച്ചു യുദ്ധത്തിനു പോകുന്നതുമാണ് വിഡിയോ. ഒരിക്കൽ ഈ വിഡിയോ നഷ്ടപ്പെട്ടിരുന്നു. എന്നാൽ 2013ൽ ഒരു യൂട്യൂബർ ഇതു കണ്ടെത്തി അപ്‌ലോഡ് ചെയ്തു.
വാൾട് ഡിസ്നി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ഏറ്റവും ജനപ്രിയമായ കഥാപാത്രമാണു മിക്കി മൗസ്. മോർട്ടിമർ എന്നായിരുന്നു ആദ്യം മിക്കിയുടെ പേര്. പിന്നീട് അതു മാറ്റി.1928ൽ സ്റ്റീംബോട്ട് വില്ലി എന്ന അനിമേറ്റഡ് വിഡിയോയിലൂടെയാണു മിക്കിയെ ലോകത്തിനു മുന്നിൽ ഡിസ്നി അവതരിപ്പിച്ചത്. പിന്നീട് മിക്കി ലോകം കീഴടക്കി. മിക്കിയുടെ കൂട്ടുകാരിയായ മിന്നി മൗസ്, ഡോണൾഡ് ഡക്ക്, ഗൂഫി, പ്ലൂട്ടോ തുടങ്ങിയ ലോകപ്രശസ്ത കഥാപാത്രങ്ങളും മിക്കി മൗസ് ചിത്രങ്ങളിലൂടെ രംഗത്തു വന്നു.
എന്നാൽ മിക്കിയുടെ ആദ്യകാല സിനിമകളുടെ കോപ്പിറൈറ്റ് അവകാശം ഇപ്പോൾ ഡിസ്നിയുടെ നിയന്ത്രണത്തിൽ നിന്നു മാറി പൊതുവായ ഉപയോഗത്തിലെത്തിയിരിക്കുകയാണ്. ധാരാളം പ്രത്യേകതകൾ മിക്കി മൗസിനുണ്ട്. ധാരാളം സബ്സ്ക്രൈബേഴ്സുള്ള ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും മിക്കി പുലർത്തുന്നു. 1978 നവംബർ 18ന് മിക്കി മൗസ് ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഇടംനേടി. ഇത്തരമൊരു നേട്ടം നേടുന്ന ആദ്യ കാർട്ടൂൺ കഥാപാത്രമായിരുന്നു മിക്കി.
മിക്കിക്ക് എല്ലായിടത്തും മിക്കി എന്നല്ല പേര്. സ്വീഡനിൽ മിക്കി മുസെ പിഗ്ഗെന്നും ചൈനയിൽ മി ലോഷുവെന്നും ഇറ്റലിയിൽ ടോപോലിനോ എന്നൊക്കെയാണ് മിക്കി അറിയപ്പെടുന്നത്. മിക്കിയെ സൃഷ്ടിച്ച സമയത്ത് മോർട്ടിമർ എന്ന പേര് നൽകാനാണ് വാൾട്ട് ഡിസ്നി തീരുമാനിച്ചിരുന്നത്.എ ന്നാൽ ഡിസ്നിയുടെ ഭാര്യയ്ക്ക് ആ പേരിഷ്ടപ്പെട്ടില്ല. അവരാണ് മിക്കി എന്ന പേര് നൽകിയത്.