3600 കോടി സൂര്യൻമാരുടെ പിണ്ഡം: വമ്പൻ തമോഗർത്തം കണ്ടെത്തി

Mail This Article
ഭൂമിയിൽ നിന്ന് 550 കോടി പ്രകാശവർഷമകലെ അതി പിണ്ഡമുള്ള തമോഗർത്തം കണ്ടെത്തി ഗവേഷകർ. 3600 കോടി സൂര്യൻമാരുടെ പിണ്ഡമുള്ളതാണ് ഈ തമോഗർത്തം. ബ്രസീലിൽ നിന്നുള്ള ജ്യോതിശ്ശാസ്ത്രജ്ഞനായ കാർലോസ് മേലോ കാർനീറോയും സംഘവുമാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. കോസ്മിക് ഹോഴ്സ് ഷൂ താരാപഥത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. അൾട്രാ മാസീവ് ബ്ലാക്ക്ഹോൾ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ഈ തമോഗർത്തം.
തമോഗർത്തങ്ങൾ എന്ന പ്രപഞ്ച വസ്തുക്കൾ ഏറെ പ്രസിദ്ധമായവയാണ്. ഒരു വലിയ നക്ഷത്രം പല പരിണാമദശകളിലൂടെ കടന്നുപോകുമെന്നറിയാമല്ലോ. ഒടുക്കം സൂപ്പർനോവ വിസ്‌ഫോടനം എന്ന ഭീകര സ്‌ഫോടനത്തിനു ശേഷം നക്ഷത്രങ്ങൾ മരിക്കുകയും ഇവയിൽ ചിലത് തമോഗർത്തം അഥവാ ബ്ലാക്‌ഹോളായിമാറുകയും ചെയ്യും.ചുറ്റുമുള്ള പദാർഥങ്ങളെയും ഊർജത്തെയും വലിച്ചെടുക്കാനും ഇവ വിരുതരാണ്. പ്രകാശം പോലും ഇവയിൽ നിന്ന് പുറത്തുവരില്ല. എന്നാൽ ബ്ലാക്ക് ഹോളുകളെ വലയം ചെയ്തിരിക്കുന്ന പ്രകാശത്തിൽ നിന്ന് ഇവയുടെ സാന്നിധ്യം മനസ്സിലാക്കാം.
ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തമോഗർത്തം ഗയ്യ ബിഎച്ച്1 ആണ്. ഭൂമിയിൽ നിന്ന് 1560 പ്രകാശവർഷമകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു നക്ഷത്രവുമായി പങ്കാളിത്തം പുലർത്തിയാണ് ഈ തമോഗർത്തം നിലനിൽക്കുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിനു സമാനമാണ് ഈ നക്ഷത്രവും തമോഗർത്തവും തമ്മിലുള്ള ദൂരം.
സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് സജിറ്റേറിയസ് എ സ്റ്റാർ എന്ന അതിഭീമൻ തമോഗർത്തം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ചിത്രമെടുക്കാൻ ഗവേഷകർക്കു സാധിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിലുള്ള കൊച്ചുകല്ലിന്റെ ചിത്രം ഭൂമിയിൽ നിന്നെടുക്കുന്നത്ര ദുഷ്‌കരമായ പ്രവൃത്തിയാണിതെന്ന് അന്ന് ശാസ്ത്രജ്ഞർ ഉപമിച്ചിരുന്നു. 10,000 കോടിയിലധികം നക്ഷത്രങ്ങൾ ഉൾപ്പെടുന്നതാണ് സ്‌പൈറൽ ആകൃതിയിലുള്ള ആകാശഗംഗ. 10 കോടിയോളം തമോഗർത്തങ്ങൾ ഇതിലുണ്ട്. 1980ലാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്തെ തമോഗർത്തം കണ്ടെത്തപ്പെട്ടതും ഇതിനു പേരു നൽകിയതും. സജിറ്റേറിയസ് എന്ന താരാപഥവുമായി അടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഈ തമോഗർത്തത്തിന് ആ പേരു നൽകാനിടയായത്. സജിറ്റേറിയസ് എ സ്റ്റാറിന്റെ കണ്ടെത്തലിന് റെയ്‌നാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നിവർക്ക് പിൽക്കാലത്ത് നൊബേൽ സമ്മാനം ലഭിച്ചിരുന്നു.
നക്ഷത്രങ്ങളുടെ പരിണാമദശയ്‌ക്കൊടുവിലെ സൂപ്പർനോവ വിസ്‌ഫോടനത്തിനു ശേഷം പിണ്ഡമേറിയ നക്ഷത്രങ്ങൾ തമോഗർത്തങ്ങളായി മാറാറുണ്ട്. എന്നാൽ ഇവയിൽ പലതും ശരാശരി, മധ്യനിര തമോഗർത്തങ്ങളാണ്. അതീവ പിണ്ഡമുള്ള സൂപ്പർമാസീവ് ബ്ലാക്ഹോളുകൾ സംഭവിക്കുന്നതെങ്ങനെയെന്ന് ഇന്നും തർക്കവിഷയമാണ്. മധ്യനിരയിലുള്ള തമോഗർത്തങ്ങൾ ചുറ്റും നിന്നും പദാർഥത്തെയും ഊർജത്തെയും സ്വീകരിച്ച് വളരുന്നതാണ് ഇതെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. രണ്ടോ അതിലധികമോ ശരാശരി തമോഗർത്തങ്ങൾ തമ്മിൽ കൂടിച്ചേർന്ന് സൂപ്പർമാസീവ് ബ്ലാക്ക്‌ഹോളുകളാകുന്നതാണെന്നു മറ്റു ചില ശാസ്ത്രജ്ഞരും പറയുന്നു.