സ്കോട്ലൻഡിൽ തൊഴിലവസരം! ജോലി തടാകത്തിലെ ഭീകരജീവിയെ കണ്ടുപിടിക്കണം

Mail This Article
സ്കോട്‌ലൻഡിലേക്ക് ജോലിക്ക് ആളെ വേണം. അവിടത്തെ ലോക്നെസ് തടാകത്തിലുണ്ടെന്നു പറയപ്പെട്ടുന്ന ഭീകരജീവിയായ നെസിയെ കണ്ടുപിടിക്കുക എന്നതാണു ജോലി. തടാകത്തിൽ പര്യവേക്ഷണം നടത്തുന്നത് ബോട്ടിലാണല്ലോ. അതിനാൽ ബോട്ടോടിക്കാൻ അറിഞ്ഞിരിക്കണം, ഒപ്പം ബോട്ടിൽ കൂടെക്കയറുന്ന വിനോദസഞ്ചാരികൾക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കാനുള്ള കഴിവും വേണം. സ്കോട്ലൻഡലെ ലോക്നസ് സെന്റർ എന്ന സ്ഥാപനമാണ് തൊഴിൽ നൽകുന്നത്. ലോകമെങ്ങും പ്രശസ്തമായ ദുരൂഹജീവിയാണ് സ്കോട്ലൻഡിലെ ലോക്നെസ് തടാകത്തിലെ ഭീകരൻ നെസി. തടാകത്തിൽ നിന്നു തലനീട്ടുന്ന രീതിയിലുള്ള ഈ ജീവിയുടെ ചിത്രങ്ങൾ 1934ൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുകയും തുടർന്ന് സംഭവത്തിനു രാജ്യാന്തര പ്രശസ്തി കൈവരുകയും ചെയ്തിരുന്നു. നിരവധി അന്വേഷണങ്ങളും തിരച്ചിലുകളും ഇതെത്തുടർന്ന് നടന്നിരുന്നെങ്കിലും നെസിയെന്ന ഭീകരജീവിയെ മാത്രം കണ്ടെത്താനായില്ല.
ലോക്നെസ് ഭീകരജീവിയെക്കുറിച്ചുള്ള കഥകൾ സ്കോട്ലൻഡിൽ പ്രാചീന കാലം മുതലുണ്ട്. 37 കിലോമീറ്ററോളം ചുറ്റളവുള്ള തടാകമാണ് ലോക് നെസ്. സ്കോട്ടിഷ് ഹൈലാൻഡ്സിലെ നദിയായ നെസ്സിൽ നിന്നുള്ള ജലമാണ് പ്രധാനമായും ഈ തടാകത്തിലേക്ക് എത്തുന്നത്. സ്കോട്ടിഷ് നാടോടിക്കഥകളിലൊക്കെ നെസ്സി എന്ന ഈ ഭീകരജീവിയെപ്പറ്റി പരാമർശമുണ്ട്. ലോക് നെസ് തടാകത്തിൽ അധിവസിക്കുന്ന ഭീകരജീവിയായാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്.എഡി 565ലാണ് ആദ്യമായി ഇതിനെ തടാകത്തിൽ കണ്ടെത്തിയെന്ന വാദം ഉയർന്നത്. പിന്നീട് 1871ൽ സ്കോട്ലൻഡിലെ ബൽനെയ്ൻ എന്ന ഗ്രാമത്തിൽ വസിച്ച ഡി. മക്കിൻസി എന്നയാൾ ഇതിനെ കണ്ടെത്തിയെന്നു പറഞ്ഞു.1888ൽ അബ്രിയച്ചാൻ എന്ന സ്ഥലത്തുനിന്നുള്ള അലക്സാണ്ടർ മക്ഡൊണാൾഡും നെസിയെ കണ്ടെന്ന് അവകാശപ്പെട്ടു.1933ൽ ഈ ജീവിയെപ്പറ്റി കുറിയർ എന്ന ബ്രിട്ടീഷ് മാധ്യമത്തിൽ വലിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ലോക്നെസ് തടാകത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ അലക്സ് കാംബെലായിരുന്നു ഇതിന്റെ രചയിതാവ്. വലിയ ജനശ്രദ്ധ നെസ്സിക്കു കൈവരാൻ ഈ ലേഖനം ഉപകരിച്ചു.
അതേവർഷം തന്നെ ജോർജ് സ്പൈസർ എന്ന ബ്രിട്ടിഷുകാരനും ഭാര്യയും നെസ്സിയെ കണ്ടെന്ന അവകാശവാദവുമായി വന്നു.തങ്ങൾ ഓടിച്ചിരുന്ന കാറിനു മുന്നിലൂടെ അസാധാരണ രൂപവും നാലടിയോളം പൊക്കവും 25 അടിയെങ്കിലും നീളവുമുള്ള ഒരു ജീവി ഓടിപ്പോയെന്നായിരുന്നു ഇവരുടെ വാദം. വളരെ നീണ്ട ആനയുടെ തുമ്പിക്കൈയെ അനുസ്മരിപ്പിക്കുന്ന ഒരു കഴുത്ത് ഈ ജീവിക്കുണ്ടായിരുന്നെന്നും സ്പൈസർ അവകാശപ്പെട്ടു. ഡ്രാഗണുമായും ദിനോസറുമായുമൊക്കെ സാമ്യമുള്ള ഒരു ഭീകരജീവിയെന്നായിരുന്നു സ്പൈസർ നെസ്സിയെ വിശേഷിപ്പിച്ചത്. സ്പൈസർ കണ്ട ഭീകരജീവിയെക്കുറിച്ചുള്ള നിറം പിടിപ്പിച്ച വാർത്തകൾ പിന്നീട് പ്രചരിക്കുകയും ഒട്ടേറെപ്പേർ നെസ്സിയെ കാണാനായി തടാകത്തിനു സമീപം എത്തുകയും ചെയ്തു. പിന്നീട് പലരും നെസ്സിയെ കണ്ടെന്ന വാദവുമായി എത്തി. ലോക്നെസ് തടാകക്കരയിലേക്ക് നെസ്സിയെ തേടി ജനപ്രവാഹമായി.
എന്നാൽ 1934ൽ റോബർട് കെന്നത്ത് വിൽസൺ എന്ന ലണ്ടനിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റ് എടുത്ത ചിത്രമാണ് ലോകമെങ്ങും നെസ്സി എന്ന ഭീകരജീവിയെപ്പറ്റി പ്രശസ്തി സൃഷ്ടിച്ചത്. സർജന്റെ ഫോട്ടോഗ്രാഫ് എന്നപേരിൽ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പ്രശസ്തി നേടി. ബ്രിട്ടിഷ് മാധ്യമമായ ഡെയിലി മെയിൽ അവരുടെ പത്രത്തിൽ ഇതു പ്രസിദ്ധീകരിക്കുകയും ചെയ്തു. ലോക്നെസ് തടാകത്തിലെ ജലോപരിതലത്തിൽ നിന്നു തലനീട്ടുന്ന രീതിയിലായിരുന്നു ഈ ചിത്രം. അറുപതു വർഷത്തോളം ഈ ചിത്രം ഒരു ദുരൂഹതയായി തുടർന്നു. എന്നാൽ 1994ൽ ഈ ചിത്രം വ്യാജമാണെന്ന് വിധിയെഴുതപ്പെട്ടു.
2019ൽ ലോക്നെസ് തടാകത്തിൽ ജനിതകഘടന വിലയിരുത്തി ഒരു പരിശോധന ശാസ്ത്രജ്ഞ സംഘം നടത്തിയിരുന്നു. ലോക്നെസ് ഭീകരജീവിയായ നെസിയുടെ എന്തെങ്കിലും ജനിതകപരമായ തെളിവുകൾ ഉണ്ടോയെന്ന് നോക്കാനായിരുന്നു ഇത്. എന്നാൽ തെളിവുകൾ ഒന്നും ലഭിച്ചില്ല. കാലങ്ങൾ കഴിഞ്ഞിട്ടും ലോക്നസ് ഭീകരജീവിയായ നെസ്സി സത്യത്തിൽ ഉണ്ടെന്നു വിശ്വസിക്കുന്ന ഒട്ടേറേപ്പേർ ഇന്നുമുണ്ട്.