പുരാതന ഈജിപ്തിൽ ഹെലികോപ്റ്റർ ഉണ്ടായിരുന്നോ? ആബിഡോസിലെ ചുമർചിത്രം പറയുന്നതെന്ത്

Mail This Article
പൗരാണിക ഈജിപ്തിൽ നൈൽ നദീതീരത്തു സ്ഥിതി ചെയ്തിരുന്ന ആബിഡോസ് നഗരം ചരിത്രഗവേഷകർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. നൈലിന്റെ പടിഞ്ഞാറൻ തീരത്തിനു സമീപം അൽ ബല്യാന എന്ന സ്ഥലത്താണ് ആബിഡോസ് സ്ഥിതി ചെയ്യുന്നത്. ഓസിരിസ് എന്ന ദേവന്റെ ആരാധന ശക്തമായിരുന്ന നഗരമാണ് ആബിഡോസ്. ഓസിരിസ് പ്രാചീന ഈജിപ്തുകാരെ സംബന്ധിച്ച് പാതാളത്തിന്റെ അധിപനാണ്. ഈജിപ്തിന്റെ ആദ്യ ഫറവോയെന്ന് കരുതപ്പെട്ടിരുന്ന ഓസിരിസ്, റാ ദേവന്റെ പുത്രനുമാണ്.
ഈജിപ്തിന്റെ പത്തൊൻപതാം സാമ്രാജ്യത്തിലെ പ്രശസ്ത ഫറവോയായിരുന്ന സേറ്റി ഒന്നാമൻ ഈ നഗരത്തിൽ പ്രശസ്തമായ ഒരു ദേവാലയം നിർമിച്ചു. പുരാവസ്തു ശാസ്ത്രപ്രകാരം ഏറെ പ്രാധാന്യമുള്ള ഈ ദേവാലയത്തിൽ ചില അപൂർവ സവിശേഷതകളുണ്ട്. രാജാക്കൻമാരുെട പട്ടിക, ഓസീരിയോൺ എന്നു പേരുള്ള വലിയ ഒരു കൽശിൽപഘടന എന്നിവയെല്ലാം ഇവിടെ കാണം. എന്നാൽ ഈ ദേവാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടത്തെ ചില ചുമർചിത്രങ്ങളാണ്. അബിഡോസ് കാർവിങ്സ് എന്ന പേരിൽ ഇവ അറിയപ്പെടുന്നു. ഹെലികോപ്റ്റർ ഹീറോഗ്ലിഫിക്സ് എന്നാണ് ഈ ഭിത്തിയിൽ കൊത്തിയെടുത്ത ചിത്രങ്ങൾ അറിയപ്പെടുന്നത്.
ഈ ചിത്രങ്ങളിൽ ഇന്നത്തെ കാലത്തെ ഹെലികോപ്റ്ററുകളെ അനുസ്മരിപ്പിക്കുന്ന ഘടനകൾ ഉണ്ടെന്നുള്ളതാണ് ഈ പേരു വരാൻ കാരണം.ഹെലികോപ്റ്റർ മാത്രമല്ല, വിമാനങ്ങൾ, അന്തർവാഹിനികൾ അന്യഗ്രഹപേടകങ്ങളുടെ ചിത്രങ്ങൾ തുടങ്ങിയവ വരെ ഇതിലുണ്ടെന്നാണു നിഗൂഢവാദസിദ്ധാന്തക്കാർ പറയുന്നത്. എന്നാൽ പുരാവസ്തു ഗവേഷകർ ഇതിനൊരു കാരണം പറയുന്നുണ്ട്. പാലിംപ്സെസ്റ്റ് തീയറി എന്നാണ് ഈ സിദ്ധാന്തം അറിയപ്പെട്ടത്. ക്ഷേത്രത്തിലെ ഹീറോഗ്ലിഫിക്സ് കൊത്തുപണികൾ പല കാലങ്ങളിൽ പരിഷ്കരിക്കപ്പെട്ടിരുന്നെന്നും ഒന്നിനു മുകളിൽ ഒന്നായി ഇത്തരം കൊത്തുപണികൾ വന്നതുമൂലമാണ് ഈ ഘടനകളുണ്ടായതെന്നുമാണ് അവരുടെ വാദം. സേറ്റി ഒന്നാമനു ശേഷം പിൽക്കാലങ്ങളിൽ ഫറവോയായ റാംസെസ് രണ്ടാമൻ പല കൊത്തുപണികളും ഈ ക്ഷേത്രത്തിൽ നടത്തിയിരുന്നു.
എന്നാൽ ഇടക്കാലത്ത് ഈജിപ്തിൽ തന്നെയുള്ള കർണാക്കിലെ ഒരു ദേവാലയത്തിലും ഇത്തരം ചുവർചിത്രങ്ങൾ കണ്ടെത്തിയതോടെ നിഗൂഢത വീണ്ടും തലപൊക്കി. തുടരെത്തുടരെയുള്ള കൊത്തുപണികൾ കാരണം ആബിഡോസിൽ ആകസ്മികമായുണ്ടായതാണ് ഈ ചുവർചിത്രമെങ്കിൽ കർണാക്കിലും അതെങ്ങനെ വന്നു. ഉത്തരം ഇന്നും അജ്ഞാതം. ഒരു ചുരുളഴിയാ രഹസ്യമായി ആബിഡോസിലെ ചുവർചിത്രങ്ങൾ ഇന്നും ശേഷിക്കുന്നു.