വില 1 കോടി വരെ! ആഷെറ അഥവാ ലോകത്തെ ഏറ്റവും വിലയുള്ള പൂച്ചസാർ

Mail This Article
നായകളും പൂച്ചകളും മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട അരുമമൃഗങ്ങളാണ്. ഇരുവിഭാഗങ്ങളിലും ഒട്ടേറെ ബ്രീഡുകളുമുണ്ട്. ബ്രീഡുകൾക്കനുസരിച്ച് വിലയും മാറിമറിയും. ലോകത്തിലെ ഏറ്റവും വിലയേറിയ പൂച്ചയിനമായി കണക്കാക്കപ്പെടുന്നത് ആഷെറ എന്ന ഇനമാണ്. 18 ലക്ഷം മുതൽ ഒരുകോടി വരെ വിലയുണ്ട് ഈ പൂച്ചയിനത്തിന്. വീട്ടുപൂച്ച, ആഫ്രിക്കയിലെ സെർവാൽ കാട്ടുപൂച്ച, ഏഷ്യൻ ലപ്പേഡ് ക്യാറ്റ് എന്നീ പൂച്ചയിനങ്ങളുടെ സങ്കരമാണു ആഷെറ. ഒരു പുലിക്കുഞ്ഞിനോടു സാമ്യമുള്ള ആഷെറയുടെ രൂപമാണ് ഇതിന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. വളരെ ശാന്തതയുള്ളതും സ്േനഹമുള്ളതുമായ സ്വഭാവവും ആഷെറയ്ക്കുണ്ട്.
8 ലക്ഷം മുതൽ 42 ലക്ഷം രൂപ വരെ വിലവരുന്ന സാവന്ന ക്യാറ്റാണ് പൂച്ചകളിലെ മറ്റൊരു വിലകൂടിയ ഇനം.ഇന്റർനാഷനൽ ക്യാറ്റ് അസോസിയേഷൻ അംഗീകരിച്ചിട്ടുള്ള വളർത്തുപൂച്ചയിനമാണ് സാവന്ന ക്യാറ്റ്. സാധാരണ നാട്ടുപൂച്ചകളും ആഫ്രിക്കയിലെ കാട്ടുപൂച്ചയായ സെർവാലും തമ്മിലുള്ള ക്രോസ് ബ്രീഡുകളാണ് സാവന്ന ക്യാറ്റ് ഇനത്തിൽ ഉൾപ്പെടുന്നത്. വലിയ ചെവികളും ശരാശരി ശരീരവുമുള്ള ആഫ്രിക്കൻ കാട്ടുപൂച്ചയാണു സെർവാൽ. സാവന്ന ക്യാറ്റുകൾക്ക് ഈ വലിയ ചെവികൾ കിട്ടിയിട്ടുണ്ട്.സാധാരണ സാവന്ന പൂച്ചകൾക്ക് 14 മുതൽ 17 ഇഞ്ചുകൾ വരെയാണു പൊക്കം.
പുള്ളികളുള്ള രോമക്കുപ്പായവും വളരെ സജീവതയും പ്രസരിപ്പുമുള്ള സ്വഭാവമുള്ള സാവന്ന ക്യാറ്റിന് വ്യായാമമൊക്കെ നന്നായി വേണം.ബ്രിട്ടിഷ് ഷോർട്ഹെയർ, രോമങ്ങളില്ലാത്ത സിഫിൻക്സ്, റഷ്യൻ ബ്ലൂ തുടങ്ങിയവയൊക്കെ ലോകത്തെ വിലകൂടിയ മറ്റു പൂച്ചയിനങ്ങളാണ്.