Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഗുരുവായനയുടെ പ്രസക്തി

sree-narayana-guru-ep

നാട്ടുരാജാക്കന്മാരും ബ്രിട്ടീഷുകാരും അധികാരം പങ്കിട്ടെടുത്ത കാലഘട്ടത്തിൽ ബഹുസ്വരതയുടെ മാനവിക ഐക്യത ബോധ്യപ്പെടുത്തിയ സന്ന്യാസി വര്യനാണ് നാരായണ ഗുരു. അനുകമ്പാദശകം, ദൈവ ദശകം, ജാതി ലക്ഷണം എന്നീ കൃതികളും സാമൂഹ്യ അസമത്വത്തിനെതിരെയുള്ള മുന്നേറ്റത്തിൽ ഗുരു നടത്തിയ വിളംബരങ്ങളും സന്ദേശങ്ങളും മലയാളി വായിച്ചെടുത്താൽ അതൊക്കെ മനസ്സിലാവും. അത്തരമൊരു ധൈഷണിക ചിന്താ സരണിയിലൂന്നിയ ചർച്ച ഗുരുവിന്റെ ആനുകാലിക പ്രസക്തി അർഹിക്കുന്നു. പക്ഷേ, അതൊന്നും ചിന്തിക്കാതെ ജാതി ഏകോപനം, ഈഴവ മുന്നേറ്റം എന്നൊക്കെ പറഞ്ഞ് ചിന്ത വഴിവിട്ട് സഞ്ചരിക്കുമ്പോൾ മങ്ങിപ്പോകുന്നത് ഗുരു നടത്തിയ ബഹുസ്വര ഏകോപനത്തിന്റെ ദാർശനികതയാണ്. അതുകൊണ്ട് തന്നെ ഗുരുവിനെ സ്നേഹിക്കുന്ന ശ്രീനാരായണീയർ വിശാലമായ അർത്ഥത്തിൽ സ്വയം വിചാരണയിലൂടെ ഗുരു ദർശനം ഉൾക്കൊള്ളേണ്ടതുണ്ട്. അല്ലെങ്കിൽ നാരായണ ഗുരു ആഗോളകാലത്തെ രാഷ്ട്രീയ ചിഹ്നമായിത്തീരാൻ സാധ്യതയുണ്ട്. നവോത്ഥാനത്തിനും മലയാളി മനുഷ്യരുടെ ഉന്നതിക്കും വേണ്ടി ആത്മീയതയും സാമൂഹ്യ പ്രവർത്തനവും കൂട്ടിയോജിപ്പിച്ച ഗുരുവിനെ വീണ്ടെടുക്കുന്നതിലൂടയേ പുനരുത്ഥാന ശ്രമങ്ങളിൽ നിന്ന് നാരായണ ഗുരുവിന്റെ ദർശനം വേർപ്പെടുത്തി വെളിപ്പെടുത്താനാവൂ. അത് വ്യക്തികളുടെ കൊമ്പ് കോർക്കലിലൂടെയല്ല സാമൂഹ്യ സംവാദത്തിലൂടെയാണ് രൂപപ്പെടേണ്ടത്. അതിനുള്ള ശ്രമമായിരിക്കും നാരായണ ഗുരുവിന്റെ ദർശനം 21–ാം നൂറ്റാണ്ടിൽ നിർവ്വചിക്കുക.

നവോത്ഥാന യുക്തി ബോധത്തിലൂന്നിയുള്ള ചിന്തകളായിരുന്നു നാരായണ ഗുരുവിന്റെ സന്ദേശങ്ങളും വിളംബരങ്ങളും. അതൊരിക്കലും പൗരോഹിത്യ മേധാവിത്വത്തിന്റെ തത്ത്വശാസ്ത്രത്തിലല്ല മാനവികതയിലായിരുന്നു മനുഷ്യ സ്നേഹം പടുത്തുയർത്തിയത്. അരികലാക്കപ്പെട്ടവരും അടിമകളും അവകാശം ഇല്ലാത്തവരുമായ താഴ്ന്ന വിഭാഗത്തിൽ ജീവിച്ചവർക്ക് ജീവിത പുരോഗതിയ്ക്കായിട്ടാണ് മരണം വരെ ഗുരു പ്രവർത്തിച്ചത്. ജാതി എഴുതാൻ പാടില്ല, ജാതി പോകണം എന്നൊക്കെ പറഞ്ഞത് അത് ഉറപ്പിക്കാനായിരുന്നു.

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നതിലെ മനുഷ്യന് എന്ന സംബോധനയ്ക്ക് വലിയ പ്രസക്തിയുണ്ട്. സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം എന്നാണ് അമ്പലം എന്നല്ല ഗുരു എഴുതിവെച്ചത്. അങ്ങനെയുള്ള ഗുരുവിനെ ഈഴവ രാഷ്ട്രീയ ചിഹ്നമാക്കുമ്പോൾ ബഹുത്വത്തിന്റെ വാതിലാണ് അടയുന്നത്. പുനരുത്ഥാനത്തിലൂടെ സകല വൈകൃതങ്ങളും പുറത്തെത്തുന്ന സമകാലികയിൽ അത്തരം ചിന്താ പദ്ധതിയോട് ഗുരുവിനെ ചേർത്തു വെയ്ക്കുമ്പോൾ ശ്രീനാരായണ ദർശനത്തിന്റെ ബഹുസ്വരത ചർച്ച ചെയ്യപ്പെടാതെ പോകുന്ന പരിമിതിയും വന്നു ചേരുന്നു.

പുലയക്കുട്ടികൾക്കും പറയക്കുട്ടികൾക്കും സ്കൂൾ തുറക്കുകയും അന്തേവാസികളാക്കുകയും സംശുദ്ധ ജീവിത വഴി കാണിച്ചു കൊടുത്ത മറ്റു മതസ്ഥരെ മിത്രങ്ങളാക്കുകയും സംഭാഷണം ചെയ്യുകയും ചെയ്ത ഗുരുവിനെയാണ് വീണ്ടെടുക്കേണ്ടത്. മതമോ ജാതിയോ കുലമോ നോക്കാതെ സകലരെയും ശിഷ്യരാക്കിയ മാനവീകതയാണ് ഇനിയുള്ള കാലം ഗുരുവിനെ നിലനിർത്തി സ്മരിക്കേണ്ടത്. അതാണ് നവനാഗരികതയിൽ ഗുരുവിനുള്ള വന്ദനം. അതല്ലാതെ മിസ്നിക് കവിതകൾ, അദ്വൈം എന്നിവ മാത്രമാക്കി ഗുരുവിനെ ചുരുക്കുമ്പോൾ ജനമനസ്സുകളിൽ ഗുരു സൃഷ്ടിച്ച മതസൗഹാർദ്ദ പാരമ്പര്യമാണ് നഷ്ടപ്പെടുന്നത്. അതിന്റെ പരിണതി ഗുരുതരമായി സാമൂഹ്യ ധ്രുവീകരണത്തിലേക്കായിരിക്കും എത്തിക്കുക. ഭൂരിപക്ഷ ഹിന്ദുത്വ ഏകോപനത്തിലൂടെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുന്ന അജണ്ടക്ക് എങ്ങനെ മലയാളി നാരായണ ഗുരുവിനെ വിട്ടു കൊടുക്കും ?

അരുവിപ്പുറം ശിവപ്രതിഷ്ഠ മുതൽ ശിവഗിരി ശാരദാമഠം വരെയുള്ള പ്രതിഷ്ഠകളും കണ്ണാടി പ്രതിഷ്ഠയും നവോത്ഥാന ചിന്തയുടെ സാമൂഹിക മാറ്റം നോക്കിക്കണ്ട ഗുരുവിനെയാണ് അടയാളപ്പെടുത്തിയത്. നിരവധി ദുരാചാരങ്ങളും അന്ധ വിശ്വാസങ്ങളും ദുർമന്ത്രവാദം, ജോതിഷം, നേർച്ചകൾ നിറഞ്ഞ കാലഘട്ടത്തിലെ ജനങ്ങളെയാണ് സരളമായ വാക്യത്തിലൂടെ (ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്) ഗുരു പരിവർത്തനപ്പെടുത്തിയത്. ആ മണ്ണിലാണ് പുരോഗമന ചിന്തകളും കമ്യൂണിസ്റ്റ് ആശയവും കേരളത്തിൽ വേരുറപ്പിച്ചത്. ലളിത ജീവിതം കൊണ്ടും മറുപടി പറയാനാവാത്ത സന്ദേശങ്ങളിലൂടെയും മാനവികതയെ ഇളക്കി മറിച്ച, പൗരോഹിത്യത്തിന് പ്രതിരോധം ഉയർത്തിയ ആശയ അടിത്തറ സംവാദമാക്കാനും പുതുവായനയിലൂടെ നവീകരിക്കാനുമാണ് ശ്രീനാരായണ ചിന്തകൾ ഉപകാരപ്പെടേണ്ടത്.

അതിലൂടെ ജാതി വിശ്വാസങ്ങളും അനാചാരങ്ങളുമായി ബന്ധപ്പെട്ടതിനെ ഒഴിവാക്കാനും ജാതി ലക്ഷണം എഴുതിവെച്ച ഗുരുവിന്റെ കാലിക പ്രസക്തി ബോധ്യപ്പെടുത്താനും കഴിയണം. ശ്രീനാരായണ ദർശനങ്ങൾക്ക് വിരുദ്ധമായ നിലപാടുകൾ ശരിയല്ലെന്നു പറയുകയും എഴുതുകയും ചെയ്യുന്ന നിരവധി പേരുണ്ട്. പൈതൃകധാര ബഹുമാനിക്കുകയും പഠിക്കുകയും ചെയ്യുകയെന്നത് അനിവാര്യമാണ്. അതാകട്ടെ അധികാരത്തിന്റെ കുറുക്കുവഴിയാകുമ്പോൾ മാനവികതയുടെ ശക്തിയാണ് ദുർബലമാകുക.

നാരായണ ഗുരുവിന്റെ നവോത്ഥാന യത്നങ്ങൾ കൂടുതൽ വെളിപ്പെടുന്നത് ഫലിത സംസാരത്തിലൂടെയാണ്. ചിരി മൂർച്ചയേറിയ സമരായുധമായി മുറിവേല്പിക്കുന്നു. ചിലപ്പോഴൊക്കെ സാമൂഹ്യമായ തിരുത്തൽ ശക്തിയായി മുന്നേറുകയും ചെയ്യുന്നു. ജാതി ശ്രേണി ബന്ധങ്ങളെയും ചതുർവർണ്യ സാമൂഹിക സമ്മതികളെയും ഗുരു എതിരിടുന്നത് ലളിത സമവാക്യങ്ങൾ നിറഞ്ഞ ഫലിത ആഹ്വാനങ്ങളും വിളംബരങ്ങളും വഴിയാണ്. അധികാര വല്കൃതമായ സമൂഹത്തെയല്ല സമത്വം നിറഞ്ഞ ജനാഭിലാഷങ്ങളെ അത് പിന്തുണയ്ക്കുന്നു. തൊട്ടു കൂടായ്മയും തീണ്ടലും മുലക്കരവും ക്ഷേത്ര പ്രവേശനമില്ലായ്മയും നിറഞ്ഞ ആഢ്യത്വത്തിന്റെ സ്വരൂപത്തിലേക്ക് കണ്ണാടി, വിളക്ക് പ്രതിഷ്ഠിച്ചുള്ള നിശ്ശബ്ദ വിപ്ലവം വരുത്തിയ പുരോഗമനം ഇന്നാലോചിക്കുമ്പോൾ വലിയ ലോക സേവനം തന്നെ എന്നു പറയാതിരിക്കാൻ വയ്യ.

മനുഷ്യഭാഷയിലൂടെ ദൈവശാസ്ത്രം സംസാരിക്കുന്നതും മനുഷ്യോർജ്ജ ത്തിന്റെ ഉന്നത സമ്മേളനത്തിലൂടെ വിദ്യ കൊണ്ട് പ്രബുദ്ധരാകുന്നതും കച്ചവടത്തിലൂടെ ജനസാമാന്യം പുരോഗതിയിലേക്ക് കുതിച്ചതും സാമൂഹ്യ വിലക്കുകളെ മാറ്റിത്തീർത്തതും ഗുരുവിലൂടെ കേരളം കണ്ടു. അതിന്റെ വരേണ്യതയല്ല ജനകീയതയാണ് ചർച്ച ചെയ്യേണ്ടത്.

ഖാദർ മതം മാറി കന്തസ്വാമിയായപ്പോൾ എനിക്ക് ഖാദറിനെയേ അറിയൂ എന്ന മനുഷ്യത്വം അറിയണമെങ്കിൽ ‘ജാതിലക്ഷണം’ ‘ജാതി നിർണയം’ എന്നീ കൃതികൾ ഹൃദിസ്ഥമാക്കണം. ജാതീയമായ ഉച്ചനീചത്വങ്ങൾ വിശിഷ്ടർക്കു തരപ്പെടുത്തിയ ആനുകൂല്യം, വർണ്ണാശ്രമ വ്യവസ്ഥ ചിട്ടപ്പെടുത്തിയ അധികാര സമൃദ്ധി, ഇവയ്ക്കിടയിൽ അരികിലേക്ക് ഒതുക്കപ്പെട്ടവർക്കു വേണ്ടിയുള്ള ലോകയാത്രയായിരുന്നു ഗുരുവിന്റേത്. അധികാരത്തെ ചോദ്യം ചെയ്തും ശുദ്ധീകരിച്ചും മേൽക്കോയ്മയെ ഗുരു എതിരിട്ടു. അതൊരിക്കലും യാഗ സംസ്കാരത്തിനോ ചാതുർവർണ്യത്തിനോ കൂട്ടു നിന്ന് ശരിയെന്നു പറഞ്ഞില്ല.

ഗുരുവിന്റെ ഫലിതത്തിൽ എപ്പോഴും മുന്നിട്ടു നില്ക്കുന്ന ശാസനാരൂപം കാണാം. അത് നവോത്ഥാനത്തിന്റെ യുക്തി ബോധത്തിലൂടെ പരിണമിച്ചതാണെന്ന് അവസാനകാല സന്ദേശങ്ങൾ പരിശോധിച്ചാൽ കണ്ടെത്താം. ലിംഗ ഭേദവും ജാതി ഭേദവുമില്ലാത്തതായിരുന്നു സരളതയിൽ വിളക്കിച്ചേർത്ത ഗുരു സന്ദേശങ്ങൾ.

‘‘എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നു തന്നെ. നദികൾ സമുദ്രത്തിൽ ചെന്നു ചേർന്നാൽ പിന്നെ തിരക്കുഴിയെന്നും നടുക്കടലെന്നുമുണ്ടോ ? ജീവാത്മാക്കൾക്ക് ഊർധ്വമുഖത്വം ഉണ്ടാക്കുവാനുള്ള അധികാരമേ മതങ്ങൾക്കൂള്ളൂ. അതുണ്ടായിക്കഴിഞ്ഞാൽ സൂക്ഷ്മം അവർ തന്നെ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളും. സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാർഗദർശികൾ മാത്രമാണ് മതങ്ങൾ. സൂക്ഷ്മ മറിഞ്ഞവന് മതം പ്രമാണമല്ല. മതത്തിന് അവൻ പ്രമാണമാണ്. ബുദ്ധമതം പടിച്ചാണോ ബുദ്ധൻ നിർവാണ മാർഗം ഉപദേശിച്ചത് ? ബുദ്ധൻ നിർവാണ മാർഗം ആരാഞ്ഞറിഞ്ഞ് ആ മാർഗം ഉപദേശിച്ചു. അതു പിന്നീട് ബുദ്ധമതമായി. ബുദ്ധനു ബുദ്ധമതം കൊണ്ടു പ്രയോജനമുണ്ടോ ? വേദം അപൗരുഷേയം എന്നു പറയുന്നതിന് വേദ മന്ത്രങ്ങളുടെ കർത്താക്കൾ ആരെന്ന് നമുക്ക് നിശ്ചയമില്ലെന്ന അർത്ഥമാക്കേണ്ടൂ. വേദ പ്രതിപാദിതങ്ങളായ തത്വങ്ങൾ അപൗരുഷേയങ്ങ ളാണ് എന്നും അർത്ഥമാക്കാം.

അന്വേഷണബുദ്ധിയും ജ്ഞാനതൃഷ്ണയും ഉള്ളവരെ സംബന്ധിച്ചു മാത്രമേ ഈ ഉപദേശം സാധുവാകുകയുള്ളൂ. സാമാന്യ ജനങ്ങൾക്ക് അവർ വിശ്വസിക്കുന്ന മതത്തിന് ആധാരമായ ഗ്രന്ഥം പ്രമാണമായിത്തന്നെ ഇരിക്കണം. അങ്ങനെ പ്രമാണമാക്കുന്ന ഗ്രന്ഥങ്ങളിൽ ധർമവിരുദ്ധമായ ഉപദേശങ്ങൾ വരാതിരിക്കുവാൻ മതഗുരുക്കന്മാർ സൂക്ഷിക്കേണ്ടതാണ്.

ദയാനന്ദ സരസ്വതി വേദം പ്രമാണമാക്കുന്നുണ്ടെങ്കിലും വേദത്തിൽ അസംബന്ധമായുള്ള ഭാഗം കൃത്രിമമെന്നു തള്ളിക്കളയുന്നില്ലേ ? അങ്ങനെയാണ് എല്ലാ മതാചാര്യന്മാരും ചെയ്യേണ്ടത്. രാജ്യങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലുമുള്ള ശണ്ഠ ഒന്നു മറ്റൊന്നിനെ തോല്പിക്കുമ്പോൾ അവസാനിക്കും. മതങ്ങൾ തമ്മിൽ പൊരുതിയാൽ ഒടുങ്ങാത്തതുകൊണ്ട് ഒന്നിന് മറ്റൊന്നിനെ തോല്പിക്കുവാൻ കഴിയുകയില്ല. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളെയും എല്ലാവരും പഠിക്കണം. അപ്പോൾ പ്രധാന തത്വങ്ങളിൽ അവയ്ക്കു തമ്മിൽ സാരമായ വ്യത്യാസം ഇല്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടു കിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതം.’’

നാരായണ ഗുരു എല്ലാവരുടെയും ഗുരുവാണ്. ഹിന്ദു മതത്തിൽപ്പെട്ടു സകലരും മറ്റു മതസ്ഥരും ഇത്രകണ്ട് ബഹുമാനിച്ച സന്ന്യാസിവര്യൻ നവോത്ഥാന കാലഘട്ടത്തിലില്ല. എല്ലാ മതസ്ഥരെയും സഹോദരരായി കാണുന്ന ദൈവ ശാസ്ത്രമായിരുന്നു ഗുരുവിന്റെ മതം. ഏതെങ്കിലും ജാതി, മതം പരിഗണന വെച്ച് തന്നെ കാണരുതെന്ന് വ്യക്തമാക്കുന്നതാണ് കൊല്ലവർഷം 1091 ഇടവം 15 ന് (1916 മെയ്) ഗുരു പുറപ്പെടുവിച്ച വിളംബരം.

‘‘നാം ജാതി ഭേദങ്ങൾ വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരി ക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽ പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അത് ഹേതുവായി പലർക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യ വർഗത്തിൽ നിന്നും മേൽ പ്രകാരമുള്ളവരെ മാത്രമേ നമുക്ക് പിൻഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്ര മത്തിൽ ശിഷ്യ സംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിട്ടുള്ളതാകുന്നു. ഈ വസ്തുത പൊതുജനങ്ങ ളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.

ആധ്യാത്മ ചിന്തയിലും പൊതുജീവിതത്തിലും ഇടപെട്ടുള്ള വെളിച്ചത്തിലൂടെ മനുഷ്യനെ മനുഷ്യനായിക്കാണുന്ന വിധത്തിൽ നാരായണ ഗുരുവിനെ പഠിയ്ക്കേണ്ടതുണ്ട്. അത്തരത്തിലാവും 21–ാം നൂറ്റാണ്ടിലും ഗുരുവിന്റെ കാലിക പ്രസക്തി ജനസമക്ഷം പ്രചരിക്കുക. അതിനുവേണ്ടിയുള്ള പരിശ്രമത്തിലായിരി ക്കും മലയാളി ഗുരുവിനോട് കാണിച്ച നന്ദി ചരിത്രത്തിൽ രേഖപ്പെടുത്തുക. അതല്ലാതെ കേവലമായ താല്പര്യത്തിനനുസരിച്ച് ഗുരുദർശനം വ്യാഖ്യാനിക്കുമ്പോൾ ഭാവി തലമുറയിൽ നിന്ന് ഗുരുവിനെ അകറ്റി നിർത്തലാക്കുമത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.