വയലോരത്തെ വൈറൽ പൊറോട്ടയും പോത്തുംകാലും; വെറും 50 രൂപയ്ക്ക്!

Mail This Article
കുറച്ചു നാളായി സോഷ്യല്‍ മീഡിയയില്‍ കിടന്നു കറങ്ങുന്ന ഒരു വിഭവമാണ് വയനാടൻ പോത്തുംകാൽ. എരിവും മസാലയുമൊക്കെ ചേർത്തുള്ള ഈ നാടൻ വിഭവം തേടി ദൂരെ ദിക്കുകളിൽ നിന്നുപോലും ആളുകൾ വയനാട്ടിലേക്ക് യാത്ര ചെയ്യാറുണ്ട്. ആ മസാലയുടെ മണവും, വെന്ത ഇറച്ചിയുടെ സ്വാദും ഒന്നു വേറെ തന്നെയാണ്. എന്നാൽ, അതേ രുചിക്കൂട്ടുമായി കൊല്ലത്തുമുണ്ട് ഒരിടം. വയനാട്ടിലെ പോത്തുംകാല്‍ തേടി പോകുന്നവര്‍ക്ക് ഈ കടയും ഒന്നു ട്രൈ ചെയ്യാവുന്നതാണ്.

കൊല്ലം ജില്ലയുടെ ഹൃദയഭാഗത്ത്, ശാന്തമായ വയലുകളുടെ പശ്ചാത്തലത്തിലാണ് വയലോരം പൊറോട്ട എന്ന ഈ കൊച്ചുകട തലയുയർത്തി നിൽക്കുന്നത്. മുഹമ്മദ് ഇക്കയും അദ്ദേഹത്തിന്‍റെ മക്കളും ചേർന്ന് നടത്തുന്ന ഈ കട, നാടൻ രുചികളും ഗ്രാമീണ സൗന്ദര്യവും ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമാണ് നല്‍കുന്നത്.

വിറകടുപ്പിൽ ചുട്ടെടുത്ത നാടൻ പൊറോട്ടയും, മണിക്കൂറുകളോളം വേവിച്ചെടുത്ത സ്വാദിഷ്ടമായ പോത്തുംകാലുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. നഗരത്തിന്‍റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി, പച്ചപ്പ് നിറഞ്ഞ ഗ്രാമീണ കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വയലോരം പൊറോട്ട ഒരു പറുദീസയാണ്. വിറകടുപ്പിൽ നിന്ന് ഉയരുന്ന നാടന്‍ പൊറോട്ടയുടെ മണം, നാവിലൊരു കപ്പലോടിക്കും.

വയലോരം പൊറോട്ടയുടെ പ്രധാന ഹൈലൈറ്റ് അവരുടെ വയനാടൻ രീതിയിലുള്ള പോത്തുംകാൽ ആണ്. നാടൻ മസാലകൾ ചേർത്ത് മണിക്കൂറുകളോളം വിറകടുപ്പിൽ വേവിക്കുന്ന ഈ വിഭവത്തിന്‍റെ മസാല നിറഞ്ഞ രുചി നാവിൽ തങ്ങിനിൽക്കും.
പോത്തുംകാൽ പെട്ടെന്ന് കിട്ടുന്ന ഒരു വിഭവമല്ല. ആവശ്യത്തിനനുസരിച്ച്, വളരെ ശ്രദ്ധയോടെയും ക്ഷമയോടെയുമാണ് ഇവർ ഈ വിഭവം തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാൻ ഏകദേശം 2 മുതൽ 3 മണിക്കൂർ വരെ എടുക്കും എന്ന് കടയുടമയായ മുഹമ്മദ് ഇക്ക പറയുന്നു. അതുകൊണ്ടുതന്നെ, പോത്തുംകാൽ കഴിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി കടയിൽ വിളിച്ച് ഓർഡർ ചെയ്യണം.
ഈ പോത്തുംകാല്‍ തലകീഴായി പിടിച്ച് തട്ടി തട്ടി ഉള്ളിലെ മജ്ജ പുറത്തെടുക്കണം. ഇതാണ് ഇതിന്‍റെ കഴിക്കാവുന്ന ഭാഗം.
പോത്തുംകാലിനൊപ്പം വയലോരം പൊറോട്ടയിലെ മറ്റൊരു പ്രധാന താരം അവരുടെ വിറകടുപ്പിൽ ചുട്ടെടുത്ത പൊറോട്ടയാണ്. വിറകടുപ്പിൽ തയാറാക്കുന്ന പൊറോട്ടയ്ക്ക് ഒരു പ്രത്യേക രുചിയും മണവും ഉണ്ടാകും. പുറമേ നല്ല മൊരിഞ്ഞതും, അതേസമയം ഉള്ളിൽ നല്ല മൃദുവുമായ ഈ പൊറോട്ട, പോത്തുംകാലിന്‍റെ ചാറിനൊപ്പം കഴിക്കാൻ ഒരു പ്രത്യേക കോമ്പിനേഷനാണ്. ഈ പൊറോട്ടയുടെ രുചി ഒരിക്കൽ അറിഞ്ഞാൽ പിന്നെ ഒരിക്കലും മറക്കില്ലെന്ന് കഴിച്ചവര്‍ പറയും.
രാവിലെ 7 മുതൽ 10 വരെയും, വൈകുന്നേരം 4 മുതൽ 8:30 വരെയുമാണ് കട തുറക്കുന്നത്. വൈകുന്നേരങ്ങളിൽ ചായ, കാപ്പി എന്നിവയോടൊപ്പം വെട്ടുകേക്ക്, വാഴയ്ക്കാപ്പം, വട തുടങ്ങിയ നാടൻ പലഹാരങ്ങളും ഇവിടെ ലഭ്യമാണ്.
ഏറ്റവും ആകർഷകമായ കാര്യം പോത്തുംകാലിന് വെറും 50 രൂപയാണ് വില എന്നതാണ്. ഇതുതന്നെയാണ് ഈ കടയെ ജനപ്രിയമാക്കിയ മറ്റൊരു കാര്യം. കൂടാതെ ബീഫ് കറിക്ക് 100 രൂപ, പൊറോട്ടയ്ക്ക് 10 രൂപ, ചായയ്ക്ക് 10 രൂപ എന്നിങ്ങനെയാണ് മറ്റുള്ള വിഭവങ്ങളുടെ വില. വയലോരം പൊറോട്ട, കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്.