ADVERTISEMENT

നിങ്ങള്‍ ഒരു നല്ല റസ്റ്ററന്‍റില്‍ ഭക്ഷണം കഴിക്കാന്‍ പോയിരിക്കുകയാണെന്ന് കരുതുക. മേശപ്പുറത്ത് നിറയെ പല തരത്തിലുള്ള വിഭവങ്ങളാണ്. ചോറും കറിയും സൂപ്പും ഫ്രൈയും എല്ലാമുണ്ട്... ഓരോന്ന് കഴിച്ചു വന്നപ്പോഴേക്കും, ചില വിഭവങ്ങളൊക്കെ തണുത്തു പോയി. സ്വാഭാവികമായും നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഇക്കാര്യം പറഞ്ഞാല്‍, അവിടെയുള്ളവര്‍ തന്നെ അത് ചൂടാക്കി കൊണ്ടുതരും, അല്ലേ? എന്നാല്‍ ജപ്പാനിലെ ഒരു റസ്റ്ററന്‍റില്‍ ഇങ്ങനെയുള്ള സന്ദര്‍ഭം കൈകാര്യം ചെയ്യുന്ന ഒരു വിഡിയോ കണ്ടാല്‍ നിങ്ങള്‍ അദ്ഭുതപ്പെടും, തീര്‍ച്ച!

ഇന്‍സ്റ്റഗ്രാമിൽ വൈറലായ ഒരു വിഡിയോയിൽ, ടോക്കിയോയിലെ ഒരു റസ്റ്ററന്റായ ത്സുകേമെൻ ടെത്സുവിൽ ഭക്ഷണം കഴിക്കുകയാണ് ബ്രാൻഡൻ നുയെൻ എന്ന കോണ്ടന്‍റ് ക്രിയേറ്റര്‍. സൂപ്പ് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ അത് തണുത്തിരിക്കുന്നതായി ബ്രാൻഡൻ കണ്ടു. അപ്പോള്‍ത്തന്നെ,  ജീവനക്കാരോട് അത് വീണ്ടും ചൂടാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പാത്രം അടുക്കളയിലേക്ക് കൊണ്ടുപോകുന്നതിനു പകരം, ഒരു വെയിറ്റർ ചൂടുള്ള കല്ലുകൾ കൊണ്ടുവന്നു. 

pebbles-fry
Image credit: Instagram

ഇത് ഒരു സ്പൂണില്‍ വച്ച ശേഷം സൂപ്പിലേക്ക് ഇട്ടു. സൂപ്പ് തിളയ്ക്കാൻ തുടങ്ങി, കല്ലിൽ നിന്ന് കട്ടിയുള്ള പുക ഉയർന്നു. അപ്പോള്‍ ദോശക്കല്ലില്‍ വെള്ളം ഒഴിച്ചത് പോലുള്ള ഒരു ശബ്ദവും കേള്‍ക്കാം. നൂഡിൽസോട് കൂടി, ചൂടാക്കിയ സൂപ്പ് രുചിച്ച ശേഷം, ഇപ്പോള്‍ ശരിക്കും ചൂടായെന്ന് ഇദ്ദേഹം പറയുന്നതും വിഡിയോയില്‍ കാണാം.സൂപ്പ് വീണ്ടും ചൂടാക്കുന്ന ഈ രീതി ആളുകളെ വളരെയധികം ആകർഷിച്ചു. നിരവധി ആളുകൾ വിഡിയോയെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ പങ്കുവച്ചു.

ഒരു ഉപയോക്താവ് എഴുതി, "ഈ സൂപ്പിൽ ഇരുമ്പിന്റെ ഗുണവും ഉണ്ടാകും." മറ്റൊരാൾ അഭിപ്രായപ്പെട്ടു, "ജപ്പാൻ ശരിക്കും മറ്റൊരു ലോകത്താണ്."

മറ്റൊരാള്‍ പറഞ്ഞു, "കല്ലുപയോഗിച്ച് തിളപ്പിക്കുന്നത് പാൽ, സൂപ്പ് തുടങ്ങിയവ ചൂടാക്കുന്നതിനുള്ള ഏറ്റവും പഴയ രീതികളിൽ ഒന്നാണ്. ഇത് ഇപ്പോഴും ആഫ്രിക്കയിലും യെമനിലെ ചില ഭാഗങ്ങളിലും സാധാരണമാണ്."

ഇതുവരെ ഈ വിഡിയോ ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ കണ്ടുകഴിഞ്ഞു.

ചൈനയിലെ 'പാറക്കല്ല് ഫ്രൈ'!

വളരെ വിചിത്രമായ ഒട്ടേറെ ഭക്ഷണവിഭവങ്ങള്‍ ഉള്ള നാടാണ്‌ ചൈന. ജപ്പാനില്‍ പാറക്കല്ലുകള്‍ സൂപ്പ് ചൂടാക്കാനാണ് ഉപയോഗിച്ചതെങ്കില്‍, ചൈനയില്‍ ഇത് ശരിക്കുള്ള ഭക്ഷണമായിത്തന്നെ തയ്യാറാക്കുന്നു. ചൈനീസ് പാചകരീതിയിൽ കല്ലുകള്‍ ഇങ്ങനെ ഉപയോഗിക്കുന്നതിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. രണ്ടുകൊല്ലം മുന്‍പ് ഈ വിഭവം ജപ്പാനിലെ തെരുവോരങ്ങളില്‍ വില്‍ക്കുന്ന വിഡിയോകള്‍ വൈറലായിരുന്നു. 

മുളക്, വെളുത്തുള്ളി, പർപ്പിൾ പെരില്ല, റോസ്മേരി, സോസുകള്‍ തുടങ്ങി വിവിധ ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കിയ മിശ്രിതത്തില്‍, ചെറിയ ഉരുളന്‍ കല്ലുകള്‍ ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. ഒരു പ്ലേറ്റിനു ഏകദേശം ഇരുനൂറു രൂപയോളം വിലയും വരും! ഇത് ചുമ്മാ വായില്‍ ഇട്ട് രുചി ആസ്വദിച്ച ശേഷം, ഈ കല്ലുകള്‍ സൂക്ഷിച്ച് വയ്ക്കാം. ഈ കല്ലുകള്‍ സൂക്ഷിച്ചു വയ്ക്കാം, പിന്നീട് എത്ര തവണ വേണമെങ്കിലും ഇവ ഉപയോഗിച്ച് പാചകം ചെയ്യാം!

"ലോകത്തിലെ ഏറ്റവും കഠിനമായ വിഭവം" എന്നാണ് ആളുകള്‍ ഇതിനെ വിശേഷിപ്പിച്ചത്. ഡയറ്റിംഗിന് പറ്റിയ വിഭവം എന്ന രീതിയിലും ഒരുപാട് ആളുകള്‍ ഇതിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.

എന്നാല്‍, ഇത് പുതിയ കണ്ടുപിടുത്തമല്ല, നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രമുള്ള മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ നിന്നുള്ള ഒരു പരമ്പരാഗത വിഭവമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com