ഭക്ഷ്യമേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരാണെന്ന് അറിയാമോ?

Mail This Article
കോവിഡിന് ശേഷം വളരെ വേഗം പഴയ സ്ഥിതിയിലേക്കു തിരിച്ചു വന്ന മേഖലകളിലൊന്നാണ് ഹോട്ടലും റസ്റ്ററന്റുമൊക്കെ. ചെറുകിട ഹോട്ടലുകള്‍ക്കും മറ്റും കാര്യമായ സാമ്പത്തികപ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും ആഗോളഭീമന്മാരെ ഇതത്ര കാര്യമായി ബാധിച്ചില്ല. ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട, ഭക്ഷ്യ-പാനീയ വ്യവസായത്തിലെ ഏറ്റവും സമ്പന്നരായ 7 ആളുകളെക്കുറിച്ച് അറിയാം. ഇക്കൂട്ടത്തില്‍ ഒരു ഇന്ത്യൻ വ്യവസായിയുമുണ്ട്.
1. സോങ് ഷാൻഷൻ – ആസ്തി: $58.8 ബില്യൻ – രാജ്യം: ചൈന
ഭക്ഷ്യ-പാനീയ വ്യവസായത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ചൈനയില്‍ നിന്നുള്ള സോങ് ഷാൻഷൻ. ചൈനയിലെ പ്രമുഖ കുപ്പിവെള്ള കമ്പനിയായ നോങ്‌ഫു സ്‌പ്രിങ്ങിന്റെ സ്ഥാപകനാണ് അദ്ദേഹം, കൂടാതെ വാക്‌സീൻ നിർമാതാക്കളായ ബെയ്‌ജിങ് വാണ്ടായി ബയോളജിക്കൽ ഫാർമസിയുടെ ഒരു പ്രധാന ഓഹരിയും ഇദ്ദേഹത്തിന്‍റെ പേരിലുണ്ട്.
2. ജിയോവന്നി ഫെറേറോ – ആസ്തി: $39.6 ബില്യൻ –രാജ്യം: ഇറ്റലി
ഫെറേറോ ഗ്രൂപ്പിന്റെ സിഇഒ എന്ന നിലയിൽ ന്യൂട്ടെല്ല, ഫെറേറോ റോച്ചർ, കിൻഡർ തുടങ്ങിയ ഐക്കണിക് ബ്രാൻഡുകള്‍ ഇദ്ദേഹത്തിന്‍റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
3. മാർക്ക് മാറ്റെസ്ചിറ്റ്സ്: ആസ്തി: $39.2 ബില്യൻ – രാജ്യം: ഓസ്ട്രിയ
റെഡ് ബുള്ളിന്റെ സ്ഥാപകനായ മാർക്ക് മാറ്റെസ്‌ചിറ്റ്‌സ് ആണ് ഈ മേഖലയിലെ മൂന്നാമത്തെ സമ്പന്നന്‍. എനർജി ഡ്രിങ്ക് വിപണിയിൽ വിപ്ലവം സൃഷ്ടിക്കുക മാത്രമല്ല, റെഡ് ബുള്ളിനെ ആഗോള ജീവിതശൈലി ബ്രാൻഡായി വികസിപ്പിക്കുകയും ചെയ്തത് ഇദ്ദേഹമാണ്.
4. ജാക്വലിൻ മാർസ്, ജോൺ മാർസ്: ആസ്തി: $38.5 ബില്യൻ |–രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്സ്
ലോകത്തിലെ ഏറ്റവും വലിയ മിഠായി, വളർത്തുമൃഗ സംരക്ഷണ, ഭക്ഷണ കമ്പനികളിൽ ഒന്നായ ഇൻകോർപറേറ്റഡ് മാർസിന്റെ സഹ ഉടമയാണ്, 38.5 ബില്യൻ ഡോളറിന്റെ ആസ്തിയുള്ള ജാക്വലിൻ മാർസ്. മാർസ് കുടുംബത്തിലെ മറ്റൊരു പ്രധാന വ്യക്തിയാണ് ജാക്വിലിന്റെ സഹോദരനായ ജോണ്‍ മാര്‍സ്. മാർസ്, സ്‌നിക്കേഴ്‌സ്, പെഡിഗ്രി തുടങ്ങിയ ബ്രാൻഡുകള്‍ മാർസ് കുടുംബത്തിന്റേതാണ്.
5. ഇമ്മാനുവൽ ബെസ്‌നിയർ: ആസ്തി: $25.9 ബില്യൻ – രാജ്യം: ഫ്രാൻസ്
ലോകത്തിലെ ഏറ്റവും വലിയ പാലുൽപ്പന്ന ഗ്രൂപ്പായ ലാക്റ്റാലിസിന്റെ തലവനാണ്, 25.9 ബില്യൻ ഡോളർ ആസ്തിയുള്ള ഇമ്മാനുവൽ ബെസ്നിയർ. ക്ഷീര വ്യവസായത്തിലെ ഒരു പ്രധാന ശക്തിയായി ലാക്റ്റലിസ് ആഗോളതലത്തിൽ വ്യാപിച്ചത് ഇമ്മാനുവലിന്‍റെ നേതൃത്വത്തിലാണ്.
6. ജോർജ് പൗലോ ലെമാനും കുടുംബവും: ആസ്തി: $16.4 ബില്യൻ –രാജ്യം: ബ്രസീൽ
ലോകത്തിലെ ഏറ്റവും വലിയ മദ്യനിർമാണ കമ്പനിയായ ആന്‍ഹൈസര്‍ ബുഷ് ഇന്‍ബെവിന്‍റെ പങ്കാളിയാണ് 16.5 ബില്യൻ ഡോളറിന്റെ മൊത്തം ആസ്തിയുള്ള ജോർജ് പൗലോ ലെമാനും കുടുംബവും.
7. രവി ജയ്പുരിയ: ആസ്തി: $14.7 ബില്യൻ– രാജ്യം: ഇന്ത്യ
ഇന്ത്യൻ ഭക്ഷ്യ-പാനീയ വ്യവസായത്തിലെ ഒരു പ്രമുഖ വ്യക്തിയാണ് 14.7 ബില്യൻ ഡോളറിന്റെ ആസ്തിയുള്ള രവി ജയ്പുരിയ. പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ്, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വ്യവസായങ്ങള്‍ നടത്തുന്ന ആർജെ കോർപ്പിന്റെ സ്ഥാപകനാണ് അദ്ദേഹം. പെപ്‌സികോയുടെ ശീതളപാനീയ ബ്രാൻഡുകളുടെ രണ്ടാമത്തെ വലിയ ബോട്ടിലിങ് പങ്കാളിയായ വരുൺ ബവ്റിജസ് രവി ജയ്പൂരിയയുടേതാണ്. അദ്ദേഹത്തെ 'ഇന്ത്യയുടെ കോള രാജാവ്' എന്നാണ് വിശേഷിപ്പിക്കുന്നത്.