ആരാധകരുടെ കണ്ണുടക്കിയത് ആ കാഴ്ചകളിലേക്ക്; ജന്മദിനം ആഘോഷമാക്കി ധോണി

Mail This Article
കഴിഞ്ഞ ദിവസമായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ പ്രിയതാരം മഹേന്ദ്ര സിങ് ധോണിയുടെ ജന്മദിനം. താരത്തിന് ആശംസകൾ അർപ്പിച്ച മധുരപ്രിയരായ ആരാധകരുടെ കണ്ണുകളുടക്കിയത് പക്ഷേ നാല്പത്തിമൂന്നാം ജന്മദിനത്തിനു അതിമധുരമേകിയ കേക്കുകളിലാണ്. ഏറെ വ്യത്യസ്തമായ ഫ്ലേവറുകളിൽ പല തരത്തിലുള്ള കേക്കുകൾ മുറിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഭാര്യ സാക്ഷി സിങ് പങ്കുവച്ചിട്ടുണ്ട്. കേക്ക് മുറിച്ച് പരസ്പരം മധുരം പങ്കുവയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ ലോകവും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ധോണിയുടെ ജന്മദിനത്തിന് മധുരം പകർന്ന കേക്കുകളിൽ ആദ്യത്തേത് ബ്ലാക്ക് ഫോറസ്റ്റ് ആണ്. അതിനു സമീപത്തായി തന്നെ മറ്റു രണ്ടു കേക്കുകൾ കൂടി കാണുവാൻ കഴിയും. ഹാപ്പി ബർത്ഡേ എന്നും ഹാപ്പി ബർത്ഡേ റാംബോ എന്നുമെഴുതിയ ചോക്ലേറ്റ് ട്രഫിൾ കേക്കും വൈറ്റ് ഫോറസ്റ്റുമാണ് മറ്റു കേക്കുകൾ. ആ കേക്കുകളിൽ ബ്ലാക് ഫോറസ്റ്റാണ് ഭാര്യയ്‌ക്കൊപ്പം നിന്ന് ധോണി മുറിച്ചു പങ്കിടുന്നത്.
ജൂലൈ 7 ലെ പിറന്നാൾ ആഘോഷങ്ങൾ അവിടം കൊണ്ട് അവസാനിക്കുന്നില്ല. ബോളിവുഡ് താരമായ സൽമാൻ ഖാനൊപ്പം നിന്നും ധോണി കേക്ക് മുറിക്കുന്നുണ്ട്. ആ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അവിടെയും മൂന്നു കേക്കുകൾ കാണുവാൻ കഴിയും. ചോക്ലേറ്റ് ഡ്രിപ് കേക്കും മാക്രോൺസ് കൊണ്ട് അലങ്കരിച്ച, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻക്യാപ്റ്റന്റെ പ്രിയപ്പെട്ട ജേഴ്സി നമ്പറായ ഏഴ് എഴുതിയ കേക്കുമാണ് ആ ആഘോഷങ്ങൾക്ക് മാറ്റുക്കൂട്ടിയത്. കാരമൽ ടോപ്പിങ് ഉള്ള ചീസ് കേക്ക് അവിടെ കാണുവാൻ കഴിയുന്ന മറ്റൊന്ന്.
മുംബൈയിൽ വെച്ചായിരുന്നു ധോണിയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷങ്ങൾ. ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി കുടുംബത്തോടൊപ്പം ധോണി ഇപ്പോഴുള്ളത് മുംബൈയിലാണ്. ജൂലൈ മാസം താരത്തിനു ഏറെ പ്രിയപ്പെട്ടതാണ്. ജന്മദിനം മാത്രമല്ല താരത്തിന്റെ വിവാഹ വാർഷികവും ജൂലൈ മാസത്തിൽ തന്നെയാണ്