മൈക്രോവേവിനുള്ളില്‍ കണ്ട ഭീകരകാഴ്ച! ഇങ്ങനെയൊക്കെ സംഭവിക്കുമോ?

Mail This Article
എങ്ങോട്ടെങ്കിലും യാത്ര പോയി വന്നാല്‍ പിന്നെ ഏറ്റവും വലിയ പ്രശ്നം, വീട് വൃത്തിയാക്കുക എന്നതാണ്. അഴുക്കും പൊടിയും ചപ്പുചവറുകളുമെല്ലാം വൃത്തിയാക്കുന്നത് നല്ല മിനക്കെട്ട പണിയാണെന്ന് ആരും സമ്മതിക്കും. അടുക്കളയുടെ കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട!
പതിനേഴു ദിവസത്തെ യാത്ര കഴിഞ്ഞ്, തിരികെ വീട്ടിലെത്തിയപ്പോള്‍ കണ്ട ഒരു കാഴ്ചയുടെ വിഡിയോ ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി. റെഡ്ഡിറ്റില്‍ Aggressive-Cap6609 എന്ന യൂസര്‍ ആണ് ഈ വിഡിയോ പങ്കുവച്ചത്. മൈക്രോവേവ് അവ്ന്‍റെ ഉള്ളിലെ കാഴ്ചയാണ് ഇതില്‍ കാണിക്കുന്നത്. ഉള്ളില്‍, മുകളില്‍ നിന്നും താഴേക്ക് എന്തൊക്കെയോ തൂങ്ങിക്കിടക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. പോകും മുന്‍പേ, ഓവനുള്ളില്‍ ഭക്ഷണസാധനങ്ങള്‍ എന്തെങ്കിലും സൂക്ഷിച്ചിരുന്നതായി ഓര്‍മ്മയില്ല എന്നും പോസ്റ്റില്‍ പറയുന്നു.
ഇത് എന്തായിരിക്കാം എന്നതിനെക്കുറിച്ച് നിരവധിപ്പേര്‍ കമന്‍റില്‍ എഴുതിയിട്ടുണ്ട്. അവ്ന്‍റെ മെറ്റല്‍ ഭാഗത്തിനടിയില്‍ ഹീറ്റ് ഇന്‍സുലേഷന്‍ ഉണ്ട്. ഓവന്‍റെ ചെറിയ ദ്വാരമുള്ള ഭാഗത്ത് കൂടി എലിയോ മറ്റോ നുഴഞ്ഞുകയറി, ഈ ഇന്‍സുലേഷന്‍ വലിച്ചിട്ടതാകാനാണ് സാധ്യതയെന്ന് ആളുകള്‍ പറയുന്നു. കൂടാതെ തമാശ കമന്‍റുകളുമുണ്ട്.
മൈക്രോവേവ് അവ്ന്‍ വൃത്തിയാക്കാന്‍
* ഒരു ബൗളില്‍, നാരാങ്ങാനീര് പിഴിഞ്ഞു ചേര്‍ത്ത വെള്ളം അവ്നില്‍ വെച്ച് 10 മിനിറ്റ് ചൂടാക്കുക. ഓവന്‍ തണുത്ത ശേഷം കട്ടിയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം.
* ഒരു സ്പൂണ്‍ ലിക്വിഡ് ഡിഷ് വാഷ് ചേര്‍ത്ത വെള്ളം 10 മിനിറ്റ് ഓവനില്‍ വെക്കുക. അവ്ന്‍ തണുത്ത ശേഷം കോട്ടണോ സ്പോഞ്ചോ ഉപയോഗിച്ച് തുടച്ചുകളയുക.
* വെള്ളത്തില്‍ ചിരട്ടക്കരിയും നാരങ്ങാനീരും ചേര്‍ത്ത് ഓവനുള്ളില്‍വെച്ച് തിളപ്പിക്കുക. ഇങ്ങനെ ചെയ്താല്‍ ദുര്‍ഗന്ധം മാറിക്കിട്ടുകയും വൃത്തിയാവുകയും ചെയ്യും.
* വിനിഗറും വെള്ളവും സമം എടുത്ത് പാത്രത്തിലാക്കി അവ്നില്‍ വച്ച് 10 മിനിറ്റ് ചൂടാക്കുക. ഓവന്‍ തണുത്ത ശേഷം കട്ടിയുള്ള കോട്ടണ്‍ തുണി അല്ലെങ്കില്‍ സ്പോഞ്ച് ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം.