ഇത് അറിയുമോ? കരിമ്പില്‍ നിന്ന് മാത്രമല്ല, ഇങ്ങനെയും ശര്‍ക്കര ഉണ്ടാക്കുന്നുണ്ട്

Mail This Article
നല്ല തണുത്ത വെളുപ്പാന്‍ കാലത്ത് നെയ്യും ശര്‍ക്കരയുമിട്ട കട്ടന്‍കാപ്പി ഊതിയൂതി കുടിക്കാന്‍ ഇഷ്ടമല്ലാത്ത ആരാണുള്ളത്. അതേ പോലെ, അവലില്‍ ശര്‍ക്കരയും തേങ്ങയും ഏലക്കയുമെല്ലാമിട്ട് ഒരു പിടിയങ്ങു പിടിക്കണം, മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നാലുമണി പലഹാരങ്ങളില്‍ ഒന്നാണ് ഇത്. പായസവും കൊഴുക്കട്ടയും മധുരപലഹാരങ്ങളുമെല്ലാം ശര്‍ക്കര ചേര്‍ത്ത് ഉണ്ടാക്കിയാല്‍ വേറെ തന്നെ ഒരു സ്വാദാണ്!

എന്താണീ ശര്‍ക്കര? സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന അസംസ്കൃത മധുരവസ്തുവാണ് ശര്‍ക്കര. കരിമ്പിന്‍ നീരില്‍ നിന്നാണ് നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്ന ശര്‍ക്കര ഉണ്ടാക്കുന്നത്. ശർക്കരയിൽ നിന്നും പരലുകൾ വേർതിരിച്ചെടുക്കുന്ന പഞ്ചസാര സമ്പന്നർക്ക് മാത്രം ലഭ്യമാകുന്ന ഒന്നായിരുന്നതിനാല്‍, പണ്ട്, ഇന്ത്യയിലെ സാധാരണക്കാർ ശർക്കരയായിരുന്നു മധുരത്തിനായി ഉപയോഗിച്ചിരുന്നത്. ഇന്ന് പഞ്ചസാരയുടെ ഉപയോഗം കൂടിയെങ്കിലും പായസം പോലുള്ള ചില പ്രത്യേക വിഭവങ്ങൾ തയാറാക്കുന്നതിന് ശർക്കര തന്നെ വേണം.

കരിമ്പിന് പുറമേ, ശര്‍ക്കരയുണ്ടാക്കാന്‍ വേറെയും വഴികളുണ്ട്. ഇന്ത്യയില്‍ ലഭ്യമായ മറ്റുചില തരം ശര്‍ക്കരകള്‍ പരിചയപ്പെടാം.
ഖെജുരർ ഗുർ/ഈന്തപ്പഴ ശര്‍ക്കര
ഇംഗ്ലീഷില്‍ 'ഡേറ്റ് പാം ജാഗറി' എന്നറിയപ്പെടുന്ന ഈ ശര്‍ക്കര ഈന്തപ്പഴ സത്തില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ചോക്ലേറ്റ് പോലെയുള്ള രുചിയും ഇരുണ്ട നിറവുമുള്ള ഈ ശര്‍ക്കരയ്ക്ക് ഔഷധഗുണമുള്ളതായി പറയപ്പെടുന്നു. ഇന്ത്യയിലെ പശ്ചിമ ബംഗാളും ഒറീസയും ബംഗ്ലാദേശിലെ ജെസ്സോർ , ഫരീദ്പൂർ ജില്ലകളും ഖെജുരർ ഗുർ ഉൽപ്പാദിപ്പിക്കുന്നതിന് പ്രശസ്തമാണ്.

തേങ്ങാ ശര്‍ക്കര/കോക്കനട്ട് ഷുഗര്‍
തെങ്ങിൻ്റെ പൂമൊട്ടിൻ്റെ തണ്ടിലെ സ്രവത്തിൽ നിന്നുമാണ് ഈ ശര്‍ക്കര ഉണ്ടാക്കുന്നത്. ശ്രീലങ്കയിലും മലേഷ്യയിലും ഇന്തൊനീഷ്യയിലുമെല്ലാം ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ ഗോവയില്‍ 'മദ്ദ', 'സുരി ജാഗറി' എന്നെല്ലാം അറിയപ്പെടുന്ന ഈ ശര്‍ക്കര ചില പ്രത്യേകതരം മധുരപലഹാരങ്ങള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നു. മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങള്‍ ഇതില്‍ കൂടുതലാണ്.
കരുപ്പട്ടി/പന ശര്‍ക്കര
പനിയും ജലദോഷവും വരുമ്പോള്‍ ചുക്കുകാപ്പി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് കരുപ്പട്ടി എന്നയിനം കറുത്ത ശര്‍ക്കരയാണ്. ഇത് പനയില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ചെറിയ ചോക്ലേറ്റ് രുചിയുള്ള ഈ ശര്‍ക്കര, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ കലവറയാണ്. കേരളത്തിലും തമിഴ്നാട്ടിലും ഈയിനം വ്യാപകമായി ഉപയോഗിക്കുന്നു.
സൈസൽ ജാഗറി/ജാട്ടു ഗുര്‍
പരമ്പരാഗതമായി നൂൽ, കയർ ഉല്പാദനത്തിനായി ഉപയോഗിക്കുന്ന ഒരിനം ചെടിയാണ് സൈസല്‍. മെക്സിക്കോയില്‍ മെസ്കാല്‍ എന്നയിനം മദ്യം ഉണ്ടാക്കാനായി ഈ ചെടി ഉപയോഗിക്കുന്നു. ഇതില്‍ ഉയർന്ന അളവിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ആർത്തവ സംബന്ധമായ അസ്വസ്ഥതകൾക്കും ദഹന പ്രശ്നങ്ങൾക്കും ഇത് പ്രകൃതിദത്തമായ പ്രതിവിധിയായി പറയുന്ന ഈയിനം ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ,ഗോവ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
മാമ്പഴ ശർക്കര/ആംഗൂർ
മാമ്പഴത്തിൻ്റെ സ്രവത്തിൽ നിന്നാണ് മാമ്പഴ ശർക്കര ഉണ്ടാക്കുന്നത്. വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പന്നമായ ഇത് ആരോഗ്യകരമായ ചർമ്മമുണ്ടാകാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ദഹനം മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും, കൂടാതെ ഉയർന്ന ഇരുമ്പിൻ്റെ അംശം കാരണം വിളർച്ച തടയുന്നതിനും സഹായിക്കുന്നു. ഗോവ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഇത് കാണപ്പെടുന്നത്.
ചുവന്ന ശർക്കര/ലാൽ ഗുർ
ചുവന്ന ശർക്കര സാധാരണയായി കരിമ്പിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്, ഇതിന് ചുവപ്പ് കലർന്ന തവിട്ട് നിറമുണ്ട്. ആൻ്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഇത് ശരീരത്തെ വിഷവിമുക്തമാക്കുന്നതിനും കരളിനെ ശുദ്ധീകരിക്കുന്നതിനും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉപയോഗപ്രദമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു. പശ്ചിമ ബംഗാൾ, അസം, വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഇത് ഉപയോഗിക്കുന്നു.
സോർഗം ശർക്കര/ജോവർ ഗൂർ
സോർഗം (ജോവർ) ജൂസിൽ നിന്ന് നിർമിച്ച ഈ ശർക്കര ഇനം നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, അവശ്യ വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് . രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തിനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു. മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഉപയോഗിച്ചുവരുന്നു.