വാൽനട്ട് ഇങ്ങനെയാണോ നിങ്ങൾ കഴിക്കുന്നത്? ഓർമശക്തി കൂട്ടാന്‍ ഇവ രണ്ടും കഴിക്കൂ

Mail This Article
ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ ഒന്നായി നട്‌സ് കണക്കാക്കപ്പെടുന്നു. വാൽനട്ട് , ബദാം തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സ് ഓർമ്മശക്തിയും വൈജ്ഞാനിക പ്രവർത്തനങ്ങളുമെല്ലാം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഇവയില്‍ ഏതാണ് ഏറ്റവും മികച്ചത്? ഇന്‍സ്റ്റഗ്രാമില്‍, ഡയറ്റീഷ്യനായ സേജൽ അഹൂജ പങ്കുവച്ച പോസ്റ്റില്‍ ഇതേക്കുറിച്ച് വിശദമായിത്തന്നെ പറയുന്നു.
പരമാവധി ഗുണം കിട്ടാന്‍ വാൽനട്ട് എങ്ങനെ കഴിക്കണം?
വാൽനട്ട് പുറംതോട് നീക്കം ചെയ്ത് അതേപടി കഴിക്കാമെങ്കിലും, ഒരു രാത്രി മുഴുവൻ കുതിർത്ത ശേഷം, രാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. 2-4 വാൽനട്ട് കഷണങ്ങൾ ഒരു കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക, ഇത് രാവിലെ വെറുംവയറ്റില്‍ കഴിക്കുക. വാൽനട്ട് കുതിർക്കുന്നത് ശരീരത്തിലെ മോശം കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കുതിര്‍ക്കാത്ത വാൽനട്ടിനെ അപേക്ഷിച്ച് ഇവ ദഹിക്കാൻ എളുപ്പമാണ്. കുതിർത്ത വാൽനട്ടിൽ നിന്നുള്ള പോഷകങ്ങൾ ശരീരത്തിന് വളരെ മികച്ച രീതിയിൽ ആഗിരണം ചെയ്യാൻ കഴിയും.

കൂടാതെ, പ്രോട്ടീൻ ഷേക്കുകളിലും സ്മൂത്തികളിലും വാൽനട്ട് പൊടിച്ച് ചേർക്കാം. വാൽനട്ട്, വെളുത്തുള്ളി, ഇഞ്ചി, നാരങ്ങാനീര്, എണ്ണ, ഉപ്പ്, കുരുമുളക്, പുതിനയില എന്നിവ ചേർത്ത് വീട്ടിൽ തന്നെ വാൽനട്ട് ചട്ണി ഉണ്ടാക്കാം.
ബദാമും വാൽനട്ടും
ഇടയ്ക്കിടെ കാര്യങ്ങള്‍ മറന്നുപോകുന്ന ശീലമുള്ള ആളുകളാണോ നിങ്ങള്‍? എങ്കില്‍, ബദാമും വാൽനട്ടും ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണെന്ന് സേജൽ അഹൂജ വിശദീകരിക്കുന്നു. എന്നാല്‍, ബദാമിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ വാൽനട്ട് കൂടുതല്‍ ഫലപ്രദമാണെന്ന് അവര്‍ പറയുന്നു. കാരണം, വാല്‍നട്ടില്‍ ബദാമിലുള്ളതിന്‍റെ ഇരട്ടി അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒമേഗ-3 തലച്ചോറിന്‍റെ പ്രവർത്തനത്തിന് നിർണായകമാണ്, കാരണം അവ ഓര്‍മ്മയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നു.

വാൽനട്ടിൽ സസ്യാധിഷ്ഠിത ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ്(ALA) അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും, അതുവഴി തലച്ചോറിന്‍റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, ആന്‍റി ഓക്‌സിഡന്റുകളുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ് വാൽനട്ട്. തലച്ചോറിന്‍റെ വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുകയും ഓർമ്മക്കുറവിന് കാരണമാവുകയും ചെയ്യുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ അവ സഹായിക്കുന്നു.

അതേപോലെ തന്നെ, പോളിഫെനോളുകളും ആരോഗ്യകരമായ കൊഴുപ്പുകളും കൊണ്ട് സമ്പുഷ്ടമായ വാൽനട്ട് നാഡീവ്യവസ്ഥയുടെ പ്രവർത്തനവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്തും. ആഴ്ചയിൽ 3 തവണയിൽ കൂടുതൽ വാൽനട്ട് കഴിക്കുന്നത് കൂടുതൽ വ്യക്തമായി ചിന്തിക്കാനും, അറ്റന്‍ഷന്‍ ഡെഫിഷ്യന്‍സി ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡറിന്‍റെ(എഡിഎച്ച്ഡി) ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിച്ചേക്കാം എന്ന് ചില പഠനങ്ങള്‍ പറയുന്നു.
ബദാമും മോശമല്ല
ഒരു പഠനമനുസരിച്ച്, ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്‍റി ഓക്‌സിഡന്റായ വിറ്റാമിൻ ഇ, ബദാമിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബദാമിൽ റൈബോഫ്ലേവിൻ(വിറ്റാമിൻ ബി2), എൽ -കാർനിറ്റൈൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും തലച്ചോറിന്‍റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും, അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളില്‍ നിന്നും തടയുന്നതിനും സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ബദാമിലെ മഗ്നീഷ്യം, നാഡീകോശങ്ങള്‍ക്ക് മികച്ച ഉത്തേജകമാണ്.

വാൽനട്ട്, ബദാം എന്നിവ മാത്രമല്ല ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ. പച്ച ഇലക്കറികൾ, നിലക്കടല, മഞ്ഞൾ, മുട്ട, ബെറികൾ, ഡാർക്ക് ചോക്ലേറ്റ് എന്നിവയും തലച്ചോറിലെ കോശങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്ന പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഈ ഭക്ഷണങ്ങൾ സമീകൃതമായി കഴിച്ചാല്‍, ഓർമ്മശക്തിക്കും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
വാൽനട്ട് മിൽക്ക് തയാറാക്കാം
വാല്‍നട്ട്-ചെറിയ ബൗൾ
വെള്ളം-8 കപ്പ്
കുങ്കുമപ്പൂവ്(ആവശ്യമെങ്കില്‍)-
ഏലക്ക പൊടി- കാൽ ടീസ്പൂൺ
പിസ്ത പൊടിച്ചത്-അര ടീസ്പൂണ്‍
തേന്‍
തയാറാക്കുന്നവിധം
വാല്‍നട്ട് വെള്ളത്തില്‍ കുതിര്‍ത്ത് എടുക്കാം. ശേഷം മിക്‌സിയുടെ ജാറില്‍ ഈ കുതിര്‍ന്ന വാല്‍നട്ട് അരച്ചെടുക്കണംയ ശേഷം പാല് ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. മിക്സിയിൽ തന്നെ അടിച്ചെടുക്കാവുന്നതാണ്. ഇതിലേയ്ക്ക് തേൻ ചേര്‍ത്ത് കൊടുക്കാം. അരിപ്പ ഉപയോഗിച്ച് ഈ മിശ്രിതം നന്നായി അരിച്ചെടുക്കാം, പിസ്ത പൊടിച്ചതും ഏലക്ക പൊടിയും കുങ്കുമപ്പൂവും ചേർത്ത് കുടിക്കാം. തണുപ്പിച്ചും എടുക്കാവുന്നതാണ്.