ഫ്രീസറിൽ നിന്നെടുത്ത ചിക്കൻ ഉടൻ കറി വയ്ക്കണോ? പെട്ടെന്ന് ഐസ് മാറ്റാൻ ഇതാണ് ആ എളുപ്പവഴി

Mail This Article
ഒരു വാക്കു പോലും മിണ്ടാതെ പെട്ടെന്ന് അതിഥികൾ എത്തുമ്പോൾ ആദ്യം പകച്ചു പോകുന്നത് അമ്മമാർ ആയിരിക്കും. എത്തിച്ചേർന്ന അതിഥികൾക്ക് കഴിക്കാൻ എന്തു നൽകുമെന്ന ആശങ്കയാണ് ഇതിന് കാരണം. ഫ്രീസറിൽ ചിക്കൻ ഇരിക്കുന്നുണ്ടെങ്കിലും അതൊന്ന് ഡിഫ്രോസ്റ്റ് ചെയ്ത് കിട്ടാൻ സമയം കുറെ ആകുമല്ലോ എന്ന് ചിന്തിക്കാൻ വരട്ടെ. ഫ്രീസറിൽ ഇരിക്കുന്ന ചിക്കൻ 15 മിനിറ്റ് കൊണ്ട് ഡിഫ്രോസ്റ്റ് ചെയ്തെടുത്താലോ. അതിന് ചില എളുപ്പവഴികളുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.
മൈക്രോവേവ് ഉപയോഗിച്ച് ഡിഫ്രോസ്റ്റ് ചെയ്യാം
ഫ്രോസൺ ചിക്കൻ വളരെ വേഗത്തിൽ ഡിഫ്രോസ്റ്റ് ചെയ്യാനുള്ള മാർഗം മൈക്രോവേവ് ആണ്. മിക്ക മൈക്രോ വേവുകളിലും ഡിഫ്രോസ്റ്റ് ചെയ്യാനുള്ള ഒരു ഓപ്ഷൻ കാണാൻ കഴിയും. ഇത് മിനിറ്റുകൾക്കുള്ളിൽ ഫ്രോസൺ ചിക്കൻ സുരക്ഷിതമായി ഡിഫ്രോസ്റ്റ് ചെയ്യാൻ സഹായിക്കുന്നു. ഫ്രോസൺ ചിക്കൻ ഒരു മൈക്രോവേവ് പ്ലേറ്റിൽ വെച്ച് ഡിഫ്രോസ്റ്റ് ഓപ്ഷൻ നൽകുക. ചിക്കൻ മറിച്ചിട്ടും ഡിഫ്രോസ്റ്റ് ചെയ്യുക. മൈക്രോവേവ് ചെയ്ത ശേഷം എത്രയും പെട്ടെന്ന് തന്നെ ചിക്കൻ വേവിക്കുക.
ചൂടുവെള്ളത്തിൽ മുക്കി വെക്കാം
ഫ്രോസൺ ചിക്കൻ വളരെ എളുപ്പത്തിൽ ഡിഫ്രോസ്റ്റ് ചെയ്യാനുള്ള മറ്റൊരു മാർഗമാണ് ചൂടുവെള്ളത്തിൽ മുക്കി വെക്കുക എന്നുള്ളത്. ഒരു സീൽ ചെയ്ത പ്ലാസ്റ്റിക് ബാഗിൽ ഫ്രോസൺ ചിക്കൻ വെച്ചതിനു ശേഷം ചൂടുവെള്ളത്തിൽ മുക്കി വെക്കുക.

വലിയ ഒരു ബൌളിൽ വെള്ളം എടുക്കുക. വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ഇട്ടതിനു ശേഷം ചിക്കൻ അടങ്ങിയ പ്ലാസ്റ്റിക് ബാഗ് അതിൽ മുക്കി വെക്കുക. വളരെ പെട്ടെന്ന് തന്നെ ചിക്കൻ ഡിഫ്രോസ്റ്റ് ചെയ്തു കിട്ടും.
ചെറിക കഷണങ്ങളാക്കുക
സമയം വളരെ കുറച്ച് മാത്രമാണ് ഉള്ളതെങ്കിൽ ഫ്രോസൺ ചിക്കൻ ചെറിയ കഷണങ്ങളായി മുറിക്കുക എന്നുള്ളതാണ് മറ്റൊരു ഓപ്ഷൻ. ചെറിയ കഷണങ്ങളാക്കി മുറിക്കുമ്പോൾ വളരെ വേഗത്തിൽ തന്നെ ഡിഫ്രോസ്റ്റ് ചെയ്ത് കിട്ടും. ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ചതിനു ശേഷം മേൽപ്പറഞ്ഞ ഏതെങ്കിലും രീതികൾ പരീക്ഷിക്കാവുന്നതാണ്.
ഡിഫ്രോസ്റ്റിംഗ് ട്രേ
അലുമിനിയം പോലുള്ളവയാൽ നിർമിച്ച ഒരു ഡിഫ്രോസ്റ്റിംഗ് ട്രേ ഉപയോഗിച്ചും ഫ്രോസൺ ചിക്കൻ ഡിഫ്രോസ്റ്റ് ചെയ്യാം. ട്രേയിലൂടെ കടത്തിവിടുന്ന വായുവിൻ്റെ ചൂട് ചിക്കനെ എളുപ്പത്തിൽ ഡിഫ്രോസ്റ്റ് ചെയ്യിക്കുന്നു. 15 മിനിറ്റിനുള്ളിൽ ചിക്കൻ ഡിഫ്രോസ്റ്റ് ചെയ്ത് ലഭിക്കും.
എളുപ്പത്തിൽ ഒരു ഗാർലിക് ബട്ടർ ചിക്കൻ
ചേരുവകൾ:
രണ്ട് കപ്പ് ഫ്രോസൺ ചിക്കൻ (ഡിഫ്രോസ്റ്റ് ചെയ്ത്, കഷണങ്ങളാക്കി മുറിച്ചത്)
രണ്ട് ടേബിൾസ്പൂൺ വെണ്ണ
നാല് അല്ലി വെളുത്തുള്ളി (അരിഞ്ഞത്)
ഒരു ടീസ്പൂൺ പപ്രിക (കുരുമുളക് ഉപയോഗിച്ചുള്ള മസാല)
½ ടീസ്പൂൺ കുരുമുളക്
½ ടീസ്പൂൺ ഉപ്പ്
1 ടീസ്പൂൺ നാരങ്ങ നീര്
അരിഞ്ഞ പാഴ്‌സിലി (അലങ്കരിക്കാൻ)
ഒരു പാനിൽ ഇടത്തരം തീയിൽ വെണ്ണ ചൂടാക്കുക. ചിക്കൻ, പപ്രിക, ഉപ്പ്, കുരുമുളക് എന്നിവ ചേർക്കുക. സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ 8മുതൽ 10 മിനിറ്റ് നേരം വരെ വഴറ്റുക. വെളുത്തുള്ളി ചേർത്ത് രണ്ടു മിനിറ്റ് കൂടി വേവിക്കുക. നാരങ്ങാനീര് ഒഴിച്ച് പാഴ്‌സിലി കൊണ്ട് അലങ്കരിച്ച് വിളമ്പാവുന്നതാണ്.