സത്യത്തിൽ ഇത് കേക്ക് തന്നെയാണോ? കാണാനേറ്റവും മൊഞ്ചുള്ള റമദാന്‍ രുചി

Mail This Article
റമദാന്‍ എന്നാല്‍ രുചികളുടെ ആഘോഷമാണ് ലോകത്ത് എല്ലായിടത്തും. ആ ഒരു മാസം മാത്രം തലപൊക്കുന്ന പതിനായിരക്കണക്കിന് വിഭവങ്ങളുണ്ട്. ഇവയില്‍ പലതും വളരെയേറെ സമയമെടുത്ത് ശ്രദ്ധാപൂര്‍വം ഉണ്ടാക്കുന്നവയാണ്. ഇത്തരമൊരു സ്പെഷല്‍ കേക്കാണ് കേക്ക് ലാപിസ് സരവാക് അഥവാ സരവാക് ലെയര്‍ കേക്ക്.
മലേഷ്യയിലെ സരവാക് സംസ്ഥാനത്ത് നിന്നുള്ള ഒരു വിഭവമാണ് ഇത്. വിവാഹങ്ങൾ, ജന്മദിനങ്ങൾ എന്നിവയുൾപ്പെടെയുള്ള സാംസ്കാരികവും മതപരവുമായ ആഘോഷങ്ങൾ പോലുള്ള പ്രത്യേക അവസരങ്ങളിൽ ഇത് പലപ്പോഴും വിളമ്പുന്നു.മാത്രമല്ല, റമദാന്‍ സമയത്തും ഇത് വളരെയേറെ സ്പെഷലായി ഉണ്ടാക്കുന്നു. സരവാക്കിൽ എല്ലായിടത്തും ഇത് കാണാം.
നിരവധി പാളികള്‍ ഉള്ള സരവാക് കേക്കുകളെ രണ്ടായി തിരിക്കാം. സാധാരണ പാളികളുള്ള കേക്കുകളും പാറ്റേണുകൾ, മോട്ടിഫുകൾ അല്ലെങ്കിൽ വിവിധ ആകൃതികളുള്ള കേക്കുകളും. വര്‍ണ്ണങ്ങളാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. എല്ലാ കേക്കിനും കുറഞ്ഞത് രണ്ട് നിറങ്ങളെങ്കിലും ഉണ്ടായിരിക്കണം. കേക്ക് ഒരു ഓവനിലോ മൈക്രോവേവിലോ ചുട്ടെടുക്കാം. ഉണ്ടാക്കാനായി മാവ്, സസ്യ എണ്ണ , പാൽ, മുട്ട എന്നിവ ഉപയോഗിക്കുന്നു.
കേക്ക് ലാപിസിൽ സാധാരണയായി കുറഞ്ഞത് 12 ലെയറുകളുണ്ടാവും. ബേക്കിംഗ് പാനിൽ ഓരോ മിനിറ്റിലും മാവിന്‍റെ നേർത്ത പാളികൾ ശ്രദ്ധാപൂർവം ചേർക്കുന്നു. താഴത്തെ പാളി കരിഞ്ഞുപോകാതിരിക്കാനായി ഓരോ പാളിയും പ്രത്യേകം ഗ്രിൽ ചെയ്താണ് കേക്ക് നിർമ്മിക്കുന്നത്.
ജ്യാമിതീയ പാറ്റേണുകള്‍ ഉള്ള കേക്കുകള്‍ കാണാന്‍ നല്ല ഭംഗിയാണ്. അവസാന പാറ്റേൺ അനുസരിച്ച് 20 അല്ലെങ്കിൽ അതിൽ കൂടുതൽ പാളികൾ ഇതില്‍ ഉൾപ്പെടുത്താം. പല തരം കേക്കുകള്‍ നിര്‍മ്മിച്ച ശേഷം, അവ സ്ട്രിപ്പുകളായി മുറിച്ചെടുത്ത് വേണ്ട ആകൃതിയിലും രൂപത്തിലും വീണ്ടും കൂട്ടിച്ചേർത്ത് സങ്കീർണമായ പാറ്റേണുകള്‍ ഉണ്ടാക്കുന്നു.
വേറെ എവിടെയെങ്കിലും ഉണ്ടാക്കിയാല്‍ സരവാക് കേക്കാവില്ല
ഇത്തരം കേക്കുകള്‍ ഉണ്ടാക്കുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട്. എന്നാല്‍ ഇവയെ സരവാക് കേക്ക് എന്ന് പേരിട്ടു വിളിക്കുന്നത് നിയമപ്രകാരം തെറ്റാണ്. 2010 ല്‍ ഭൗമസൂചിക അഥവാ ജിയോഗ്രഫിക്കല്‍ ടാഗ് നേടിയ ഈ കേക്ക്, സരവാക് സംസ്ഥാനത്തിനുള്ളില്‍ നിര്‍മിച്ചതാണെങ്കില്‍ മാത്രമേ സരവാക് ലെയർ കേക്ക് എന്ന് ലേബല്‍ ചെയ്യാനാവൂ. മാത്രമല്ല, ഇത് സരവാക് ലെയർ കേക്ക് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍റെ സ്പെസിഫിക്കേഷനുകൾ അനുസരിച്ച് സരവാക്കിൽത്തന്നെ നിര്‍മ്മിച്ചതാവണം. സംസ്ഥാനത്തിന് പുറത്തുള്ള നിർമ്മാതാക്കൾക്ക് അവരുടെ കേക്കുകൾക്ക് "സരവാക് സ്റ്റൈൽ ലെയർ കേക്ക്" എന്ന് മാത്രമേ ലേബല്‍ ചെയ്യാനാവൂ.