സിമന്റ് ചേർന്ന വെളുത്തുള്ളി; വ്യാജനെ ഇങ്ങനെ തിരിച്ചറിയാം

Mail This Article
അടുക്കളയിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് വെളുത്തുള്ളി. ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന വെളുത്തുള്ളി ഭക്ഷണത്തിലും നന്നായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ രുചിയും മണവും ഭക്ഷണത്തിന്റെ സ്വാദിലും മുഖ്യ പങ്ക് വഹിക്കുന്നു. എന്നാൽ വെളുത്തുള്ളിയുടെ വ്യാജൻമാരും ഇപ്പോൾ നമ്മുടെ അടുക്കളകളിൽ എത്തുന്നുണ്ട്. ഈയിടെ മഹാരാഷ്ട്രയിൽ സിമന്റിന്റെ അംശമുള്ള വെളുത്തുള്ളിയാണ് വിറ്റഴിച്ചത്.

ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്ന സാഹചര്യം ഒഴിവാക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും വെളുത്തുള്ളി സഹായിക്കുന്നു. എന്നാൽ മായം ചേർത്ത വെളുത്തുള്ളികൾ ആരോഗ്യത്തിന് ദോഷമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നല്ലവണ്ണം ശ്രദ്ധിച്ചിട്ടെ വെളുത്തുള്ളി വാങ്ങാൻ പാടുള്ളു. വെളുത്തുള്ളി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ നോക്കാം.
നിറം നോക്കുക – വെളുത്തുള്ളി വാങ്ങുമ്പോൾ അതിന്റെ നിറം നന്നായി പരിശോധിക്കണം. സാധാരണ വെളുത്തുള്ളിയിൽ പാടുകളുണ്ടാകും എന്നാൽ നിങ്ങൾ വാങ്ങുമ്പോൾ പാടുകളൊന്നും ഇല്ലാത്ത നല്ല വെളുത്ത നിറത്തിലാണെങ്കിൽ അത് വ്യാജനാകാനുള്ള സാധ്യതയുണ്ട്.

ആകൃതി നോക്കുക – യഥാർഥ വെളുത്തുള്ളിക്ക് ക്രമരഹിതമായ ആകൃതിയാണുണ്ടാകുക. എന്നാൽ വ്യാജമാണെങ്കിൽ മിനുസവും നല്ല ആകൃതിയിലും രൂപത്തിലുമായിരിക്കും വെളുത്തുള്ളി.
തൊലി പരിശോധിക്കുക – വ്യാജമായ വെളുത്തുള്ളിക്ക് കട്ടിയുള്ള തൊലിയും ,അത് പൊളിക്കാൻ പ്രയാസവുമായിരിക്കും. എന്നാൽ യഥാർഥ വെളുത്തുള്ളി പൊളിക്കാൻ എളുപ്പവും മിനുസമുള്ള തൊലിയും ആയിരിക്കും.
വെള്ളത്തിൽ ഇട്ട് നോക്കുക – നല്ല വെളുത്തുള്ളി വെള്ളത്തിലിട്ടാൽ മുങ്ങിപ്പോകും എന്നാൽ വ്യാജമായത് വെള്ളത്തിൽ പൊങ്ങി കിടക്കും.
മണവും രുചിയും – നല്ല വെളുത്തുള്ളിയാണെങ്കിൽ അതിനൊരു രൂക്ഷ ഗന്ധമുണ്ടാകും. എന്നാൽ വ്യാജ വെളുത്തുള്ളിക്ക് മണം ഉണ്ടാകില്ല. വെളുത്തുള്ളിയിൽ സാധാരണയല്ലാത്ത രാസവസ്തുക്കളുടെ രുചിയുണ്ടെങ്കിൽ അത് വാങ്ങരുത്.
പാക്കേജിങ് ശ്രദ്ധിക്കുക – പാക്കേജിങ്ങിന്റെ ആധികാരികത പരിശോധിക്കുക. വെളുത്തുള്ളിയുടെ അതിമനോഹരമായ പാക്കേജിങ് കാണുമ്പോൾ സംശയിക്കണം. അത് വ്യാജമാകാൻ സാധ്യതയുണ്ട്. വെളുത്തുള്ളി അല്ലികൾ വളരെ മികച്ചതായി തോന്നുകയാണെങ്കിൽ അവ വാങ്ങുന്നതും ഒഴിവാക്കുക.