കട്ടിങ് ബോർഡും മൈക്രോവേവും നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ? അടുക്കളയിൽ ശ്രദ്ധിക്കൂ

Mail This Article
ഭക്ഷണം പാകം ചെയ്തെടുക്കുക എന്നതു തന്നെ അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു ശേഷമുള്ള വൃത്തിയാക്കലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അപ്പപ്പോള്‍ വൃത്തിയാക്കിയില്ലെങ്കില്‍ അഴുക്കും കറകളും പറ്റിപ്പിടിച്ച് അടുക്കളയില്‍ ദുര്‍ഗന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നും ഒരേ അടുക്കളയില്‍ തന്നെ പെരുമാറുന്ന ആളുകള്‍ക്ക് ഇത് പലപ്പോഴും മനസ്സിലാക്കാന്‍ പറ്റിയെന്നു വരില്ല. എന്നാല്‍, പുറമേ നിന്നു വരുന്ന അതിഥികള്‍ക്ക് ഈ ഗന്ധം പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റും.

ദുർഗന്ധം ഇല്ലാതാക്കാനായി, കട്ടിങ് ബോർഡുകൾ മുതൽ, മൈക്രോവേവ് വരെയുള്ള അടുക്കള ഉപകരണങ്ങള്‍ ശരിക്ക് വൃത്തിയാക്കണം. നാരങ്ങ, വിനാഗിരി, ഉപ്പ് എന്നിങ്ങനെയുള്ള പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് അടുക്കള വൃത്തിയായി സൂക്ഷിക്കാം. ഓരോ ഉപകരണവും വൃത്തിയായി സൂക്ഷിച്ചാല്‍ അടുക്കളയിലേക്ക് കടക്കുമ്പോഴുള്ള മോശം ഗന്ധം ഒഴിവാക്കാനാവും.
കട്ടിങ് ബോർഡുകൾ
വെളുത്തുള്ളിയും ഉള്ളിയും മറ്റ് പച്ചക്കറികളുമെല്ലാം കട്ടിംഗ് ബോർഡിൽ വച്ച് അരിഞ്ഞ ശേഷം വൃത്തിയാക്കിയില്ലെങ്കില്‍, ശക്തമായ ദുർഗന്ധം അവശേഷിക്കും. ഇത് വൃത്തിയാക്കാനായി നാരങ്ങയും ഉപ്പും ഉപയോഗിക്കാം. നാരങ്ങാനീരില്‍ ഉപ്പ് കലര്‍ത്തി നന്നായി സ്ക്രബ് ചെയ്യുക. അല്‍പ്പനേരം വച്ച ശേഷം കഴുകിക്കളയാം.
വിനാഗിരിയും ചൂടുവെള്ളവും ഉപയോഗിച്ച് ബോർഡ് കഴുകുന്നത് അണുക്കളെയും ദുർഗന്ധത്തെയും ഇല്ലാതാക്കും. കൂടുതൽ ആഴത്തിലുള്ള വൃത്തിയാക്കലിനായി, ഉപരിതലത്തിൽ ബേക്കിംഗ് സോഡ വിതറുക, വെള്ളം ചേർത്ത വിനാഗിരി തളിക്കുക, ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. നന്നായി കഴുകി ബോർഡുകൾ ഉണങ്ങാൻ വയ്ക്കുക.
മൈക്രോവേവ് ഓവന്‍ വൃത്തിയാക്കാം
മൈക്രോവേവിന്‍റെ ഉൾഭാഗം വൃത്തിയാക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്. ഇതും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് വൃത്തിയാക്കാം. ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡ കലർത്തി അതിൽ ഒരു തുണി മുക്കിവയ്ക്കുക, ഈ തുണി ഉപയോഗിച്ച് മൈക്രോവേവിന്‍റെ അകം തുടയ്ക്കുക. ബേക്കിംഗ് സോഡ ഉള്ളിലെ ദുർഗന്ധം ഇല്ലാതാക്കുന്നു.

ഒരു പാത്രത്തില്‍ അല്‍പം വിനാഗിരിയും അതേ അളവില്‍ വെള്ളവും ഒഴിച്ച് ഓവനില്‍ വെച്ച് 5 മിനിറ്റ് തിളപ്പിക്കുക. ശേഷം വൃത്തിയുള്ള തുണി ഈ വെള്ളത്തില്‍ മുക്കി തുടച്ച് ദുര്‍ഗന്ധം അകറ്റുകയും കറകള്‍ നീക്കം ചെയ്യാവുന്നതുമാണ്.
സുഗന്ധം കിട്ടാന്‍, നാരാങ്ങാനീര് പിഴിഞ്ഞു ചേര്‍ത്ത വെള്ളം ഒരു പരന്ന പാത്രത്തിലാക്കി ഓവനില്‍ വെച്ച് അഞ്ച് മിനിറ്റ് ചൂടാക്കുക. ശേഷം ഓവന്‍ തണുത്ത ശേഷം കട്ടിയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം.
വേസ്റ്റ് ബിന്‍
അടുക്കളയില്‍ മാലിന്യങ്ങള്‍ ഇടുന്ന പാത്രത്തില്‍ ദുര്‍ഗന്ധം ഉണ്ടാകുന്നത് സാധാരണയാണ്. ദുർഗന്ധം ഒഴിവാക്കാൻ, മാലിന്യം ഇടുന്നതിന് മുമ്പ് അടിയിൽ കുറച്ച് ബോറാക്സ് അല്ലെങ്കിൽ ബേക്കിംഗ് സോഡ വിതറുക, അധിക ഈർപ്പവും ദുർഗന്ധവും ആഗിരണം ചെയ്യാൻ ഇത് സഹായിക്കും.
ഫ്രിജ്
എത്ര വൃത്തിയാക്കിയെന്നു പറഞ്ഞാലും വീണ്ടും ദുര്‍ഗന്ധപൂരിതമാകുന്ന ഒന്നാണ് ഫ്രിഡ്ജ്. ബാക്കിവരുന്ന ഭക്ഷണങ്ങള്‍ ഏറെ കാലം സൂക്ഷിക്കുന്നതും കേടായ പാലും പച്ചക്കറികളുമെല്ലാം ഫ്രിഡ്ജിനുള്ളില്‍ ദുര്‍ഗന്ധം നിറയ്ക്കും.
ഒരു ബൗള്‍ നിറയെ ബേക്കിങ് സോഡ നിറച്ച് ഫ്രിഡ്ജില്‍ വച്ചാല്‍ ഫലം ലഭിക്കും. വിനാഗിരി ഒരു ബൗളിലാക്കി ഫ്രിഡ്ജില്‍ വെയ്ക്കുകയാണ് മറ്റൊരു പരിഹാരമാര്‍ഗം. നാരങ്ങ ചെറുകഷണങ്ങളാക്കി ഫ്രിഡ്ജില്‍ വെയ്ക്കുന്നതും നല്ലതാണ്. ഏതാനും ടീ ബാഗുകള്‍ ഒരു ബൗളിലാക്കി, മൂന്നോ നാലോ ദിവസത്തേക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.
ഫ്രിഡ്ജിനുള്ളില്‍ വാനില സുഗന്ധം പരത്താന്‍ സ്പ്രേ തയ്യാറാക്കാം. ഇതിനായി ഒരു കപ്പ് ഇളം ചൂടുവെള്ളത്തിലേക്ക് കാല്‍ കപ്പ് വിനാഗിരിയും രണ്ട് ടീസ്പൂണ്‍ വനില സത്തും ചേര്‍ക്കുക. ശേഷം ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക. ഇനി ഫ്രിഡ്ജിലെ വൃത്തിയാക്കേണ്ട ഭാഗങ്ങളില്‍ സ്‌പ്രേ ചെയ്യുക.