ഉണക്കമുന്തിരി കഴിക്കാറുണ്ടോ? ഇവ അറിയാതെ പോകരുത്!

Mail This Article
ഉണക്കമുന്തിരി അഥവാ റയിസിൻസ് ആരോഗ്യകരവും പോഷകസമ്പുഷ്ടവുമാണ്. തലേദിവസം രാത്രി വെള്ളത്തിൽ കുതിരാൻ ഇട്ടുവെച്ച് വെള്ളത്തോടു കൂടി അത് കഴിക്കുന്നത് ആരോഗ്യകരമായ ഒരു ശീലമാണ്. മിക്കപ്പോഴും കറുത്ത ഉണക്ക മുന്തിരിയാണ് അതിന് ഉപയോഗിക്കുന്നത്. എന്നാൽ കറുത്ത ഉണക്ക മുന്തിരി മാത്രമല്ല പച്ച നിറമുള്ളതും ഗോൾഡൻ നിറമുള്ളതും ചുവപ്പു നിറമുള്ളതുമായ ഉണക്കമുന്തിരി ഉണ്ട്. ഓരോന്നിനും ഗുണവും വ്യത്യാസമുണ്ട്. വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണെന്നതും രുചികരമാണെന്നതുമാണ് ഉണക്കമുന്തിരിയെ അത്ര ആകർഷകമാക്കുന്നത്. വ്യത്യസ്ത തരം ഉണക്കമുന്തിരികളും അതിൻ്റെ പോഷകഗുണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
കറുത്ത ഉണക്കമുന്തിരി
ഉണക്കമുന്തിരിയിൽ ജനപ്രിയവും സാധാരണയായി വീടുകളിൽ ഉപയോഗിക്കുന്നതും കറുത്ത ഉണക്ക മുന്തിരിയാണ്. ആഗോളതലത്തിൽ തന്നെ എല്ലാ വീടുകളിലും പ്രിയപ്പെട്ടതാണ് ഈ ഉണക്കമുന്തിരി. കറുത്ത മുന്തിരിയിൽ നിന്നാണ് കറുത്ത ഉണക്കമുന്തിരി ഉണ്ടാക്കുന്നത്. ഫൈബർ, അയൺ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് കറുത്ത മുന്തിരി. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമായ കറുത്ത മുന്തിരി കോശങ്ങളുടെ നാശം തടയുന്നു.


ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് ആവശ്യമായ ഇരുമ്പ് ഇതിൽ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ അത് മുടി കൊഴിച്ചിലിനെ തടയാൻ സഹായിക്കുന്നു. കുടൽ വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമത്തിന് വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയെല്ലാം ആവശ്യമാണ്. ഇതിൻ്റെ മികച്ച ഉറവിടമാണ് കറുത്ത ഉണക്ക മുന്തിരി. അതുകൊണ്ടു തന്നെ ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്താൻ ഉണക്കമുന്തിരി സഹായിക്കുന്നു.
ചുവന്ന ഉണക്കമുന്തിരി
ചുവന്ന മുന്തിരിയിൽ നിന്നാണ് ചുവന്ന ഉണക്കമുന്തിരി ഉണ്ടാക്കുന്നത്. ചുവന്ന രുചി പ്രിയപ്പെട്ടതാകുന്നത് അതിൻ്റെ രുചി കൊണ്ട് കൂടിയാണ്. ഫ്ലെയിം റയിസിൻസ് എന്നും ഇത് അറിയപ്പെടാറുണ്ട്. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണ് ചുവന്ന ഉണക്കമുന്തിരി. കൂടാതെ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ്. പ്രമേഹത്തിൻ്റെ സാധ്യത കുറയ്ക്കാൻ ചുവന്ന ഉണക്കമുന്തിരിക്ക് കഴിയും.
ഫൈബറിനാൽ സമ്പന്നമായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹസാധ്യത കുറയ്ക്കാനും ഇതിന് കഴിയും. കൂടാതെ ദന്തസംരക്ഷണത്തിന് ചുവന്ന ഉണക്കമുന്തിരി അത്യുത്തമമാണ്. കാവിറ്റി തടയാനും മോണരോഗം തടയാനും സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ് ചുവന്ന ഉണക്കമുന്തിരി. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
പച്ച ഉണക്കമുന്തിരി
നേർത്തതും നീളമുള്ളതുമാണ് പച്ച ഉണക്കമുന്തിരി. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പച്ചനിറത്തിൽ ആയിരിക്കും ഇത് കാണപ്പെടുന്നത്. മൃദുവായും അൽപം ജ്യൂസിയായും കാണപ്പെടുന്ന ഈ ഉണക്കമുന്തിരി മിക്ക മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും മധ്യേഷ്യൻ രാജ്യങ്ങളിലും ഒരു സ്നാക് ആണ്. ഫൈബർ, വിറ്റാമിനുകൾ, മിനറൽസ് എന്നിവയാൽ സമ്പന്നമാണ് ഈ ഉണക്കമുന്തിരി. കൂടാതെ ഇരുമ്പിൻ്റെ മികച്ച ഉറവിടവുമാണ്. ഹൃദയത്തിന് വളരെ ഗുണപ്രദമായ ഒന്നാണ് പച്ച ഉണക്കമുന്തിരി. കൊളസ്ട്രോൾ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത തടയാനും കഴിയുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. വിളർച്ച തടയാനും ഇത് സഹായിക്കുന്നു. കൂടാതെ ദഹനത്തെ സഹായിക്കുന്ന നാചുറൽ എൻസൈമുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ഗോൾഡൻ ഉണക്കമുന്തിരി
കുരുവില്ലാത്ത പച്ച മുന്തിരിയിൽ നിന്നാണ് ഗോൾഡൻ നിറമുള്ള ഉണക്കമുന്തിരി ഉണ്ടാക്കുന്നത്. ഫൈബർ, പൊട്ടാസ്യം, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടമാണ് ഈ ഉണക്കമുന്തിരി. പ്രകൃതിദത്ത പഞ്ചസാര ഉയർന്ന അളവിൽ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ബേക്കിംഗിനും മറ്റ് പാചകത്തിനുമെല്ലാം ഈ ഉണക്കമുന്തിരിയാണ് കൂടുതലായും ഉപയോഗിക്കുന്നത്. ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്ന ഡയറ്ററി ഫൈബറുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. പ്രകൃതിദത്ത പഞ്ചസാര ഉയർന്ന അളവിൽ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഊർജ്ജം നൽകുന്നു. കാൽസ്യം, മഗ്നീഷ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് സഹായകമാണ്.
വിവിധ നിറങ്ങളിൽ ഉണക്കമുന്തിരികൾ ലഭിക്കുന്നതിനാൽ ഏതാണ് മികച്ചത് എന്നൊരു ചോദ്യം സ്വാഭാവികമായും ഉണ്ടാകും. എന്നാൽ, നിറത്തിൽ വ്യത്യാസമുണ്ടെങ്കിലും എല്ലാ ഉണക്കമുന്തിരികളും ഒന്നിനൊന്ന് മെച്ചമാണ്. ധാതുക്കൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമായതിനാൽ തന്നെ ഉണക്കമുന്തിരികൾ ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. ഇത് ദഹനത്തെ സഹായിക്കുകയും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. നിശ്ചിത അളവിൽ ഉണക്കമുന്തിരി എല്ലാ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണപ്രദമാണ്.