ഗ്യാസില്‍ ചപ്പാത്തി നേരിട്ട് ചുട്ടെടുക്കാറുണ്ടോ? ശ്രദ്ധിക്കൂ

Mail This Article
ഫുള്‍ക്ക റൊട്ടി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? ചപ്പാത്തി തവയില്‍ ഇട്ടു ഒന്നു ചൂടാക്കിയ ശേഷം, നേരിട്ട് തീയില്‍ കാണിച്ച് പൊള്ളിച്ചെടുക്കുന്ന രീതിയാണ് ഇത്. ബലൂണ്‍ ഊതി വീര്‍പ്പിക്കുന്ന പോലെ, ചപ്പാത്തി വീര്‍ത്തു വരുന്നത് കാണാന്‍ തന്നെ നല്ല ഭംഗിയാണ്. സാധാരണയായി ഉത്തരേന്ത്യയിലാണ് ഇതേ രീതിയില്‍ ചപ്പാത്തി ഉണ്ടാക്കുന്നത്.

ഗ്യാസടുപ്പിന്‍റെ തീജ്വാലയ്ക്ക് മുകളില്‍ കാണിച്ചാണ് ഫുള്‍ക്ക ഉണ്ടാക്കുന്നത്. ഇങ്ങനെ നേരിട്ട് ഗ്യാസ് തീയിൽ ചപ്പാത്തി ഉണ്ടാക്കുന്നത് ആരോഗ്യത്തിന് അപകടകരമാണോ? ഇത് ക്യാൻസറിന് പോലും കാരണമാകുമെന്ന് ചില പഠനങ്ങൾ പറയുന്നു.
ഗ്യാസ് ജ്വാലയിൽ ചപ്പാത്തി നേരിട്ട് പാകം ചെയ്യുന്നത് പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs), അക്രിലാമൈഡ് തുടങ്ങിയ ദോഷകരമായ സംയുക്തങ്ങൾ രൂപപ്പെടാൻ കാരണമാകും. ഈ സംയുക്തങ്ങൾ അർബുദകാരികളാണെന്ന് അറിയപ്പെടുന്നു, ഇത് സ്ഥിരമായി കഴിച്ചാൽ ആരോഗ്യത്തിന് അപകടമുണ്ടാക്കാം.
രണ്ടാമത്തെ കാര്യം, പെട്ടെന്ന് പൊള്ളിച്ചെടുക്കുന്നതിനാല്‍, ചപ്പാത്തി വേണ്ടത്ര വേവണമെന്നില്ല. അതുകൊണ്ടുതന്നെ, ഈ ചപ്പാത്തികളിൽ ദോഷകരമായ ബാക്ടീരിയകളോ രോഗകാരികളോ അടങ്ങിയിരിക്കാം, ഇത് ഭക്ഷ്യജന്യ രോഗങ്ങളിലേക്ക് നയിച്ചേക്കാം.

തുറന്ന ഗ്യാസ് തീയിൽ പാചകം ചെയ്യുന്നത് കാർബൺ മോണോക്സൈഡ് പുറത്തേക്ക് വിടാന്‍ കാരണമാകും എന്നതാണ് മറ്റൊരു കാര്യം. അപൂര്‍ണ്ണമായ കത്തല്‍ മൂലം ഉണ്ടാകുന്ന ഈ വാതകം, വളരെയധികം അപകടകരമാണ്. വായുസഞ്ചാരം കുറവുള്ള മുറിയാണെങ്കില്‍ ഇത് നേരിട്ട് ശ്വാസകോശത്തിലെത്താനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനും കാരണമാകും. അതിനാല്‍, പാചകം ചെയ്യുമ്പോൾ പുറത്തുവരുന്ന ദോഷകരമായ വാതകങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിന് അടുക്കള പ്രദേശത്ത് ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക.