ADVERTISEMENT

മുതിര തിന്നാല്‍ കുതിരയുടെ ശക്തി കിട്ടും എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. വളരെയേറെ പോഷകങ്ങള്‍ നിറഞ്ഞ മുതിര ഭാവിയുടെ ഭക്ഷണങ്ങളില്‍ ഒന്നായാണ് യുഎസ് നാഷണൽ അക്കാദമി ഓഫ് സയൻസസ് കണക്കാക്കുന്നത്. പുരാതന കാലം മുതൽ ഇന്ത്യയിൽ വ്യാപകമായി കൃഷിചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഈ പയര്‍വിള കൊണ്ട് അതീവരുചികരമായ ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടാക്കാം, ഇവയ്ക്ക് വിവിധ ആരോഗ്യഗുണങ്ങളുമുണ്ട്.

പ്രമേഹരോഗികളുടെ കൂട്ടുകാരന്‍

പ്രോസസ് ചെയ്യാത്ത, അസംസ്കൃത മുതിരയ്ക്ക്, രക്തത്തില്‍ ഭക്ഷണത്തിനു ശേഷം പഞ്ചസാരയുടെ അളവ് കൂടാതെ കാക്കാനും കാർബോഹൈഡ്രേറ്റ് ദഹനം മന്ദഗതിയിലാക്കാനും പ്രോട്ടീൻ-ടൈറോസിൻ ഫോസ്ഫേറ്റസ് 1β എന്ന എന്‍സൈമിനെ തടയുന്നതിലൂടെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും കഴിവുണ്ടെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. അതുകൊണ്ടുതന്നെ പ്രമേഹ രോഗികള്‍ക്ക് വളരെ മികച്ച ഒരു ഭക്ഷണമാണ് ഇത്.

ആന്റി ഓക്‌സിഡന്റുകൾ

പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രധാന ആൻ്റിഓക്‌സിഡൻ്റുകളായ പോളിഫെനോൾ, ഫ്‌ളേവനോയിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മുതിര. അതുകൊണ്ടുതന്നെ ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണംചെയ്യുന്ന ഒന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വൃക്കയുടെ ആരോഗ്യം

ആയുർവേദത്തിൽ, അറിയപ്പെടുന്ന ഒരു ഡൈയൂററ്റിക് ആണ് മുതിര. ഇത് മൂത്രത്തിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, മുതിര സ്ഥിരം ഭക്ഷണത്തിൻ്റെ ഭാഗമാക്കുന്നത് വൃക്കകളിൽ കല്ലുകൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സഹായിക്കും.

വണ്ണം കുറയ്ക്കാൻ മുതിര നല്ലതാണോ?

"എല്ലച്ചവനുക്ക് എല്ലാ കുടു, കൊഴുതവനക്ക് കൊല്ല കുഡു " എന്നൊരു തമിഴ് പഴഞ്ചൊല്ലുണ്ട്, മെലിഞ്ഞ ആള്‍ക്ക് എള്ളും തടിച്ച ആള്‍ക്ക് മുതിരയും എന്നാണ് അതിന്‍റെ അര്‍ത്ഥം. ഉയർന്ന അളവില്‍ ഫിനോൾ അടങ്ങിയിട്ടുള്ളതിനാൽ മുതിര കഴിക്കുന്നത് അമിതവണ്ണത്തെ നിയന്ത്രിക്കാൻ സഹായിക്കും. 

വയര്‍ കുറയ്ക്കാന്‍ മുതിര സൂപ്പ് ഉണ്ടാക്കാം

വിശപ്പ് കുറയ്ക്കാനും ചാടിയ വയര്‍ കളയാനും ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാനും ഏറെ സഹായകരമായ ഒന്നാണ് മുതിര സൂപ്പ്. രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കാം. ജലദോഷം പോലുള്ള അവസ്ഥകള്‍ക്ക് ആശ്വാസം നല്‍കാനും ഈ സൂപ്പ് സഹായിക്കും. ഇരുമ്പിന്‍റെ അംശം കൂടുതല്‍ ഉള്ളതിനാല്‍ വിളര്‍ച്ച ഉള്ളവര്‍ക്കും ഇതൊരു ശീലമാക്കാം.

വേണ്ട സാധനങ്ങള്‍

മുതിര - ഒരു കപ്പ്

മല്ലി - ഒരു സ്പൂൺ

കടലപരിപ്പ് - ഒരു ടീസ്പൂൺ

കറിവേപ്പില - രണ്ട് തണ്ട്

ചുവന്ന മുളക് - 4 എണ്ണം

ജീരകം -ഒരു ടീസ്പൂൺ

കായം - ഒരു കഷണം

കുരുമുളക് - ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ

തക്കാളി – ഒന്ന്

വെളുത്തുള്ളി - 5 അല്ലി

പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ

തയാറാക്കുന്ന വിധം

∙മുതിര കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് വയ്ക്കുക. കുതിര്‍ന്ന ശേഷം കുക്കറിൽ വേവിക്കുക. നന്നായി വെന്ത് ഉടയണം. 

∙ പുളി വെള്ളത്തിൽ ഇട്ട് വെയ്ക്കുക

∙ രസം പൊടി തയാറാക്കുക. കടലപ്പരിപ്പ്, ജീരകം, മല്ലി, ചുവന്ന മുളക്, കറിവേപ്പില, കുരുമുളക്  നന്നായി വറുത്ത് പൊടിക്കുക. 

∙മഞ്ഞൾ പൊടി, ഉപ്പ് എന്നിവ പാകത്തിന് ചേർത്ത് പുളി തിളപ്പിക്കുക. ഒരു കുഞ്ഞു കഷ്ണം കായം ചേർക്കുക. പുളി വേവായാൽ അതിലേക്ക് നന്നായി വെന്ത് ഉടഞ്ഞ  മുതിര ചേർക്കുക. തക്കാളിയും വെളുത്തുള്ളിയും ചേർക്കുക. 

∙എല്ലാം നന്നായി മിക്സായാൽ രസം പൊടി ചേർക്കാം. രസത്തിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് രസം പൊടി നന്നായി യോജിപ്പിച്ച്  ചേർക്കുക. ഒന്ന് ചെറുതായി തിളച്ചാൽ കറിവേപ്പിലയോ മല്ലിയിലയോ ചേർത്ത് വിളമ്പാം.

English Summary:

Horse Gram Soup Recipe: A Delicious Path to Better Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com