പിസ്ത കിട്ടാനില്ല, ദിവസം തോറും വില കൂടുന്നു; വൈറൽ ദുബായ് ചോക്ലേറ്റ് നിർത്തേണ്ടി വരുമോ?

Mail This Article
മിഡിൽ ഈസ്റ്റേൺ, പാശ്ചാത്യ രുചികളുടെ ഉത്സവമാണ് കുനാഫ ചോക്ലേറ്റ്. ദുബായിലെത്തുന്ന മധുരപലഹാര പ്രേമികൾ തീര്‍ച്ചയായും പരീക്ഷിക്കേണ്ട ഒന്നാണിത്.
നാര് രൂപത്തിലുള്ള മാവ് ഉപയോഗിച്ചാണ് കുനാഫ തയാറാക്കുന്നത്. പിസ്ത രുചിയുള്ള കുനാഫ ഫില്ലിംഗ് നിറച്ച കട്ടിയുള്ള ചോക്ലേറ്റ് ബാറുകൾ സോഷ്യല്‍ മീഡിയയിലെങ്ങും വൈറലായതോടെ ഇന്ത്യയിലടക്കം ഇത് ലഭ്യമാണ്.
2021 ൽ എമിറാത്തിയിലെ ബൊട്ടീക്ക് ചോക്ലേറ്റ് കമ്പനിയായ ഫിക്സ് ആണ് ഈ ചോക്ലേറ്റ് ബാർ ആരംഭിച്ചത്. സാറാ ഹമൂദയാണ് ഫിക്സ് ഡെസേർട്ട് ചോക്ലേറ്റിയറിന്‍റെ സ്ഥാപക. മിഡിൽ-ഈസ്റ്റ് മേഖലയിലെ ഒരു ജനപ്രിയ മധുരപലഹാരത്തിന്‍റെ പേരില്‍, അവർ ഇതിന് 'കാൻറ്റ് ഗെറ്റ് ക്നാഫെ ഓഫ് ഇറ്റ്'(Can’t Get Knafeh of It)എന്ന് പേരിട്ടു. അന്ന് ഇത് ചെറുതായി ഹിറ്റായിരുന്നെങ്കിലും, അതിന്‍റെ വൻ വളർച്ചയ്ക്ക് കാരണമായത് 2023 ഡിസംബറിൽ പങ്കിട്ട ഒരു ടിക് ടോക്ക് വീഡിയോ ആയിരുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടതോടെ ഈ വീഡിയോ വൈറലായി. പിന്നീട്, നിരവധി ആളുകൾ ദുബായിലെ കുനാഫ ബാർ പരീക്ഷിച്ചുനോക്കുന്ന അവരുടെ വീഡിയോകൾ പങ്കിട്ടു.
ഈ അവസരം മുതലെടുത്ത് നിരവധി ചോക്ലേറ്റ് കമ്പനികള്‍ കുനാഫ ചോക്ലേറ്റ് നിര്‍മ്മിച്ചു വിപണിയില്‍ ഇറക്കി. കാന്‍ഡി ബാര്‍, മിട്ടായികള്‍, പേസ്ട്രി എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ കുനാഫ വിപണിയില്‍ എത്തുന്നുണ്ട്. ഇന്ത്യയിലും ഇതിനു കുറവൊന്നുമില്ല.
പിസ്തയാണ് കുനാഫയ്ക്ക് സവിശേഷ രുചി നല്‍കുന്ന പ്രധാന ചേരുവ. ചോക്ലേറ്റ് ബാറിനുള്ള ആഗോള ഡിമാൻഡ് കുത്തനെ ഉയർന്നതിനെത്തുടർന്ന്, പിസ്തയുടെ വില ഒരു വർഷം മുമ്പ് ഒരു പൗണ്ടിന് $7.65(653 രൂപ)ആയിരുന്നത് ഇപ്പോൾ ഒരു പൗണ്ടിന് $10.30(880 രൂപ) ആയി.
കുനാഫ ബാറുകളും വളരെ വിലയേറിയതാണ്. യുകെയില്‍ ലിൻഡ്റ്റ് പുറത്തിറക്കുന്ന 145 ഗ്രാം കുനാഫ ചോക്ലേറ്റ് ബാറിന് £10 ആണ് വില , ഇത് അവരുടെ മറ്റ് ചോക്ലേറ്റ് ബാറുകളുടെ വിലയേക്കാൾ ഇരട്ടിയിലധികം വരും.

അതേസമയം, വൈറലായിക്കൊണ്ടിരിക്കുന്ന ചോക്ലേറ്റ് ബാറിന്‍റെ വർദ്ധിച്ചുവരുന്ന ആവശ്യകതയ്‌ക്കൊപ്പം നിൽക്കാൻ ചോക്ലേറ്റ് നിർമ്മാതാക്കൾ പാടുപെടുകയാണ്.
ലോകമെമ്പാടും ഏറ്റവും കൂടുതൽ പിസ്ത കയറ്റുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. കഴിഞ്ഞ വര്‍ഷം പിസ്തയുടെ വിളവു കുറവായിരുന്നതിനാല്‍ കയറ്റുമതി കുറഞ്ഞു, എങ്കിലും അവയുടെ ഗുണനിലവാരം കൂടുതലായിരുന്നു. സാധാരണയായി ചോക്ലേറ്റ് ഉണ്ടാക്കാന്‍ വില കുറഞ്ഞ തരം പിസ്തയാണ് നിര്‍മ്മാതാക്കള്‍ വാങ്ങിക്കുന്നത്. എന്നാല്‍ ലഭ്യതക്കുറവ് മൂലം, അവര്‍ക്ക് ഉയര്‍ന്ന വില നല്‍കി ഈ പിസ്ത വാങ്ങിക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമേരിക്ക കഴിഞ്ഞാൽ, പിസ്ത കയറ്റുമതിയിൽ ഇറാനാണ് രണ്ടാം സ്ഥാനത്ത്. ഇറാന്‍റെ കസ്റ്റംസ് ഓഫീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 2025 മാർച്ച് വരെയുള്ള കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ യുഎഇയിലേക്ക് ഒരു വർഷം മുമ്പുള്ളതിനേക്കാൾ 40% കൂടുതൽ പിസ്ത പരിപ്പ് കയറ്റുമതി ചെയ്തിട്ടുണ്ട്.
കുനാഫ ചോക്ലേറ്റ് ആദ്യമായി ഉണ്ടാക്കിയ ഫിക്സ് ഇതേക്കുറിച്ച് പ്രതികരിച്ചു. മറ്റ് ബ്രാൻഡുകൾ തങ്ങളുടെ ഉല്‍പ്പന്നത്തിന്‍റെ പേരില്‍ ആളുകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്നതിനെക്കുറിച്ചും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. യഥാർത്ഥ കുനാഫ ചോക്ലേറ്റ് ബാർ യുഎഇക്ക് പുറത്ത് വ്യാപാരം നടത്തുന്നില്ലെന്നും ഒരു ദിവസം രണ്ട് മണിക്കൂർ മാത്രമേ ഇത് വില്‍ക്കുന്നുള്ളൂ എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.