ADVERTISEMENT

‘‘ജീവിക്കുന്നതുതന്നെ ഭക്ഷണം കഴിക്കുവാനാണോ എന്നു ചില സമയങ്ങളിൽ തോന്നും. തിരിച്ചുകടിക്കാത്ത എന്തും കഴിക്കും. ഞാനും ഭർത്താവ് അരുണും നല്ലൊന്നാന്തരം ഫൂഡിയാണ്.’’അഭിനയം മാത്രമല്ല, ഭക്ഷണപ്രേമികൂടിയാണ് മലയാളികളുടെ പ്രിയതാരം ജ്യോതീകൃഷ്ണ. സിനിമകൾക്ക് ഇത്തിരി ഗ്യാപ്പിട്ട് ഇപ്പോൾ കുടുംബത്തോടൊപ്പം തിരക്കിലാണ് താരം.  കുടുംബവുമൊത്ത് ദുബായിലാണ്. എങ്കിലും തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. അഭിനയം മാത്രമല്ല വശം നല്ല മധുരമായ ശബ്ദത്തിൽ ആളുകളോട് സംസാരിക്കുവാനും മിടുക്കിയാണ് റേഡിയോ ജോക്കി കൂടി ആയിരുന്ന ജ്യോതി. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിൽ പങ്കുവയ്ക്കുകയാണ്.

ഒരാഴ്ച കൊണ്ട് തടി കൂടും

ആദ്യം അടുക്കളയില്‍ നിന്നും തന്നെ തുടങ്ങാം. എന്ത് വിഭവങ്ങളും നോ പറയാതെ ഇഷ്ടത്തോടെ കഴിക്കും. ഭക്ഷണപ്രിയ തന്നെയാണ്. ഭക്ഷണമെന്ന് പറയുമ്പോൾ സന്തോഷത്തിന് അപ്പുറം ഒന്നുമില്ലെന്നാണ് താരം പറയുന്നത്. പിന്നെ മൂഡിനനുസരിച്ച് ഭക്ഷണം കഴിക്കുന്ന ഒരാളായി എനിക്ക് എന്നെതന്നെ തോന്നിയിട്ടുണ്ടെന്നും ജ്യോതികൃഷ്ണ പറയുന്നു. 

jyothikrishnaa-2

ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം സദ്യയാണ്. സാമ്പാറും അവിയലും ഒക്കെ കൂട്ടി എത്ര തന്നാലും സദ്യ കഴിക്കും. പക്ഷേ മറ്റൊരു സത്യം  പെട്ടെന്ന് തടി വയ്ക്കുന്ന കൂട്ടത്തിലാണ് എന്നതാണ്. അതുകൊണ്ട് ഭക്ഷണം നന്നായിട്ട് കൺട്രോൾ ചെയ്യേണ്ടി വരാറുണ്ട്. ഒരാഴ്ച നന്നായി കഴിച്ചാൽ അടുത്ത  ആഴ്ച്ച തന്റെ ഭാരം രണ്ട് രണ്ടര കിലോ കൂടിയിട്ടുണ്ടാകും. ഇപ്പോൾ ഓണം, വിഷു ഒക്കെ വരുമ്പോൾ സദ്യ ഉണ്ടാക്കും, ഉച്ചയ്ക്ക് കഴിച്ചു കഴിഞ്ഞ് വൈകുന്നേരം വീണ്ടും ഞാൻ സദ്യ കഴിക്കും. അത്രയ്ക്കും ഇഷ്ടമാണ്.

ആ കിട്ടുന്ന സന്തോഷം വേറെ ലെവലാണ്

പാചകം ഒരു കലയാണ്. ശരിയായവിധം ചേരുവകളൊന്നും വന്നില്ലെങ്കിൽ അത് ഉറപ്പായും പാളിപോകും. എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ കുക്കിങ്ങിനോട് വലിയ താൽപര്യം ഇല്ല, പിന്നെ സാഹചര്യത്തിന്റെ സമ്മർദം മൂലം അടുക്കളയിൽ കയറാതെ പറ്റില്ലല്ലോ.  പാട്ട് കേട്ട് കുക്ക് ചെയ്യും.

jyothi-krishna1

പാചക ചെയ്ത വിഭവങ്ങൾ നന്നായിട്ടുണ്ടെന്ന് പറയുമ്പോൾ കിട്ടുന്നൊരു സന്തോഷം, വെറെ ലെവലാണ്. എന്റെ മാത്രം കാര്യമല്ല, ഭൂരിഭാഗം ആളുകളുടെയും കാര്യം ഇങ്ങനെയായിരിക്കും. ഭർത്താവിന് ഇഷ്ടമുള്ളത് ഉണ്ടാക്കികൊടുക്കാറുണ്ട്. നല്ല അഭിപ്രായം പറയുമ്പോൾ ഞാൻ ഹാപ്പിയാണ്. 

ഡയറ്റ്

പെട്ടെന്ന് തടി വയ്ക്കുന്ന ആളാണ് താനെന്ന് ജ്യോതികൃഷ്ണ. ഭർത്താവ് അരുണും അതുപോലെ തന്നെയാണ്. അതുകൊണ്ടുതന്നെ ഭക്ഷണം കൺട്രോൾ ചെയ്യാൻ ശ്രമിക്കും. ചില സമയത്ത് നടക്കില്ല. ആഴ്ചയിലെ അഞ്ച് ദിവസവും ഭക്ഷണം കൺട്രോൾ ചെയ്യും പക്ഷേ ശനിയും ഞായറും എത്തുമ്പോൾ സംഗതി കൈവിട്ട് പോകും. ആ ദിവസങ്ങളിൽ നന്നായിട്ട് കഴിക്കും. 

jyothi-krishna

ചപ്പാത്തിയും നാടൻ കറികളുമാണ് കൂടുതലും ഉണ്ടാക്കാറ്. ആഴ്ചയിൽ ഒരു ദിവസമാണ് ചോറ് വയ്ക്കുന്നത്. മീൻ കറി, വെജിറ്റബിൾ കറി അങ്ങനൊക്കെയുള്ളവ തയാറാക്കാറുണ്ട്. അന്ന് നല്ല ഗ്രാൻഡായിരിക്കും. നാട്ടിലെ ഒരുവിധം വിഭവങ്ങളൊക്കെ ഉണ്ടാക്കും. കൂടുതൽ ദിവസവും ചപ്പാത്തിയാണ് മെനു. പിന്നെ രാത്രി വളരെ ലൈറ്റ് ഫുഡാണ്. അതും നേരത്തെ കഴിക്കും. നേരത്തെ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. 

പരീക്ഷണം: വെറുതേ മുളക്പൊടിയെ സംശയിച്ചു!

കുക്കിങ് അത്ര പ്രിയമില്ലെങ്കിലും പരീക്ഷണങ്ങളിൽ തളരാറില്ല, ചിലത് കൈയ്യടി നേടുമെങ്കിലും മറ്റുളളവ പണി പാളാറുമുണ്ട്. കഴിഞ്ഞാഴ്ച്ചയും പണികിട്ടി. ഞാൻ വയ്ക്കുന്ന മീൻകറിക്ക് കളർ കുറവാണ്. അരുൺ എപ്പോഴും പറയുന്ന കാര്യമാണ്. നിറം കുറവാണെങ്കിലും രുചിയുണ്ട്. മുളക് പൊടിയുടെ കുഴപ്പമാണെന്ന് പറയും. ചില പൊടികൾക്ക് നിറം കുറവായിരിക്കുമല്ലോ,ഇത് അങ്ങനെയൊന്നുമായിരുന്നില്ല. മുമ്പൊരിക്കൽ നവ്യ ചേച്ചി(നവ്യ നായർ) വീട്ടിൽ വന്നു. അന്നു ഞങ്ങളുടെ കൂടെയായിരുന്നു താമസിച്ചത്. ചേച്ചി പാചകം ചെയ്തിട്ട് വർഷങ്ങളായെന്ന് എന്നോട് പറയുകയും ചെയ്തു. എന്നാപിന്നെ ഇന്ന് കുക്ക് ചെയ്യാമെന്ന് കരുതി നവ്യ ചേച്ചി അടുക്കളയിൽ കയറി. 

jyothikrishnaa-1

മീന്‍കറി വയ്ക്കാമെന്ന് പ്ലാനിട്ടു. അന്നും അതേ മുളക്പൊടി ചേർത്താണ് ചേച്ചി മീൻകറി വച്ചത്. സത്യം പറയാലോ കറിക്ക് നല്ല നിറവും സ്പെഷൽ രുചിയും ഉണ്ടായിരുന്നു. വെറുതേ മുളക്പൊടിയെ സംശയിച്ചു, മീൻകറിക്ക് നിറം ഇല്ലാത്തത് പൊടിയുടെ കുഴപ്പമായിരുന്നില്ല ഞാൻ വച്ചതിന്റെ കുഴപ്പം ആയിരുന്നു. പിന്നീടുള്ള പരീക്ഷണങ്ങളിൽ ചിലപ്പോൾ കറികൾക്ക് ഉപ്പ് കൂടും എരിവ് കൂടും അങ്ങനെയൊക്കെയാണ്. എന്നിരുന്നാലും പാചക പരീക്ഷണങ്ങൾ നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല... ഇനിയും വിഭവങ്ങൾ ഉണ്ടാക്കും. 

എട്ടുവർഷത്തിനിടയിലെ മാറ്റം

2017 മുതലാണ് ഞാൻ ദുബായിൽ സ്ഥിരമായി നിൽക്കാൻ തുടങ്ങിയത്. അതിനു മുമ്പ് നാട്ടിലേക്ക് വന്നും പോയിരിക്കുകയായിരുന്നു. ഈ എട്ടു വർഷത്തിനിടയിൽ നമ്മുടെ നാട്ടിൽ നിന്നും മാറി ഇങ്ങോട്ട് വന്നപ്പോൾ ശരീരത്തിന് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ശരീരത്തിന് മാത്രമല്ല ഭക്ഷണകാര്യത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായി. അതൊന്നും അത്ര നല്ലതായിരുന്നില്ല. ഇവിടെ ഭക്ഷണം നന്നായി കഴിക്കും. മുഴുവനും എസിയുടെ ഉള്ളിൽ തന്നെയാണ് ഇരിപ്പ്. ഒരു വ്യായാമവും ഇല്ല, അങ്ങനെ ഭാരവും കൂടും. 

നാട്ടിൽ അങ്ങനെയല്ല. നന്നായി ഫുഡ് കഴിച്ചാലും പെട്ടെന്ന് ഭാരം കൂടില്ല. കാരണം അവിടുന്ന് ഒരുപാട് ആക്റ്റിവിറ്റീസ് ചെയ്യുന്നുണ്ട്. കൃത്യമായി വ്യായാമം എങ്കിലും ചെയ്യുമായിരുന്നു. പിന്നീട് ഡെലിവറിക്ക് ശേഷമാണ് ഡയറ്റൊക്കെ വീണ്ടും നല്ല രീതിയിൽ തുടർന്നത്. കുറെ നാളുകളായിട്ട് ഞാൻ ഒരു നേരം ഓട്സ് ആണ് കഴിക്കാറുള്ളത്. കൃത്യമായ ഭക്ഷണവും വ്യായാമവും ഉണ്ടെങ്കില്‍ ശരീരത്തിന് മാറ്റം ഉണ്ടാകും.

ഫാസ്റ്റ് ഫുഡ് പ്രിയമാണ് പക്ഷേ....

ഫാസ്റ്റ് ഫുഡ് ആദ്യമൊക്കെ നന്നായി കഴിക്കുമായിരുന്നു. ഇപ്പോൾ കുറച്ച് നാളുകളായിട്ട് ഫാസ്റ്റ്ഫുഡ് കഴിക്കുന്നത് വളരെ കുറഞ്ഞു. ശരീരത്തിൽ ചില ബുദ്ധിമുട്ടൊക്കെ വരാൻ തുടങ്ങിയതിന് ശേഷം കഴിക്കുന്നത് വളരെ കുറച്ചു. പിന്നെ മോന് മക്ഡോണാൾസും കെഎഫ്സിയും ഒക്കെ കഴിക്കാൻ വളരെ ഇഷ്ടമായിരുന്നു. അതിനു കാരണം അവരെ ആകർഷിക്കുന്ന തരത്തിൽ തയാറാക്കും എന്നതാണ്.

പിന്നെ അവനും ഇപ്പോൾ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് കുറച്ചു. അതെനിക്കും സന്തോഷം നൽകുന്ന കാര്യമാണ്. ചില സമയങ്ങളിൽ പെട്ടെന്ന് ഭക്ഷണം കിട്ടണമെങ്കിൽ മുന്നിലുള്ള ഓപ്ഷൻ ഫാസ്റ്റ് ഫുഡാണ്. അപ്പോൾ മകൻ പറയും ഐ ഡോണ്ട് വാണ്ട് ദിസ് എന്ന്. സത്യത്തിൽ അതു കേൾക്കുമ്പോൾ സന്തോഷമാണ്. വീട്ടിൽ തന്നെയുള്ളവ തയാറാക്കി നൽകും.

ലക്ഷ്വറി അല്ല ഹോംലിയാണ് പ്രിയം

ബെസ്റ്റ് ഫുഡ് എന്നു പറയുമ്പോൾ മിക്കവരും പറയുന്ന ഒരു ഉത്തരമുണ്ട്. ഹോംലി ഫുഡ്. നമ്മുടെ നാട്ടിൽ കിട്ടുന്ന അല്ലെങ്കിൽ നമ്മുടെ വീട്ടിൽ കിട്ടുന്ന ഭക്ഷണം പോലെയാകില്ല പുറത്തു നിന്നു കിട്ടുന്നത്. പിന്നെ മറ്റ് സ്ഥലങ്ങളിലേക്കും രാജ്യങ്ങളിലേക്കും ഒക്കെ പോയാൽ ആദ്യം അവിടുത്തെ ഭക്ഷണം ഇഷ്ടപ്പെടുമെങ്കിലും കുറച്ചു ദിവസം കഴിഞ്ഞാൽ മടുക്കും. എങ്ങനെയെങ്കിലും വീട്ടിലെത്തി ചോറ് കഴിക്കണം എന്നാണ്. ഞാനൊരു 90 സ് കിഡാണ്. കുട്ടിക്കാലത്ത് പുറത്തുപോയി കഴിക്കുന്നതൊക്കെ വളരെ വിരളമാണ്. ഒരു 2006 – 2007 സമയത്തൊക്കെ ചിക്കൻ ഫ്രൈഡ് റൈസ് ചില്ലി ചിക്കൻ ഒക്കെയായിരുന്നു ലക്ഷ്വറി ഫുഡ്. അന്ന് ഇതൊക്കെ കഴിക്കുന്നത് വലിയ കാര്യമായിരുന്നു. 

ദുബായിലെത്തിയപ്പോഴേക്കും കോണ്ടിനെന്റൽ ഫൂഡ് വരെ കഴിക്കാൻ തുടങ്ങി.  മുന്‍പ് സുഷി എന്നു കേൾക്കുന്നതേ ഇഷ്ടമായിരുന്നില്ല., ഒരു തവണ കഴിച്ചപ്പോൾ ആ രുചി ഇഷ്ടപ്പെട്ടു. ഇപ്പോൾ എന്റെ ഫേവറൈറ്റ് െഎറ്റത്തിലൊന്നാണ് സുഷി. കാണുമ്പോൾ ആദ്യം ഒരു മാനസിക ബുദ്ധിമുട്ട് ഉണ്ടായെങ്കിലും അത് കഴിച്ചപ്പോൾ സംഗതി മാറി. ഒരുപാടുപേർക്ക് ഈ സുഷി ഇഷ്ടമല്ലെന്നറിയാം പക്ഷെ എനിക്കെന്തോ ഇഷ്ടമാണ്. മകനും സുഷി കഴിക്കുന്നത് ഇഷ്ടമാണ്. ഇവിടെ കുറച്ച് കോസ്റ്റ്ലി ആണ്. എന്നാലും സുഷിയാണ് വീണ്ടും കഴിക്കാൻ തോന്നാറുള്ള വിഭവം.

യാത്രകളിലെ ഭക്ഷണ പരീക്ഷണം

യാത്രകൾ ചെയ്യുമ്പോൾ പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കാറുണ്ട്. ഞാൻ ഒരുപാട് രാജ്യങ്ങളിൽ പോയിട്ടുണ്ട്. ഒരിക്കൽ  യൂറോപ്പിൽ പോയപ്പോൾ ആദ്യം അവിടുത്തെ ഭക്ഷണമൊക്കെ കഴിച്ചു. ആദ്യമൊക്കെ അവിടുത്തെ പരമ്പരാഗത വിഭവങ്ങളൊക്കെ കഴിക്കാൻ വളരെ ഇഷ്ടമായിരുന്നു. പിന്നെ മടുക്കാൻ തുടങ്ങി.ഒടുവിൽ ഇന്ത്യൻ ഭക്ഷണം കഴിക്കാന്‍ കൊതിയായി. ആ നാട്ടിൽ കിട്ടുന്ന പരിചിതമായ സാധനങ്ങൾ വാങ്ങി  നമ്മുടെ രീതിയിലും രുചിയിലും ഭക്ഷണം ഉണ്ടാക്കി കഴിച്ചു. അപ്പോഴാണ് ഒന്നു സമാധാനമായത്.

ക്രൊയേഷ്യയിൽ പോയപ്പോൾ ഒരു റസ്റ്ററന്റിൽ കയറി ഭക്ഷണം കഴിച്ചത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. കാരണം അത്രയ്ക്കും അടിപൊളിയായിരുന്നു അവിടുത്തെ ഭക്ഷണം. ഏതൊക്കെ രാജ്യങ്ങളിലേക്ക് പോയാലും അവിടുത്തെ സ്പെഷൽ വിഭവങ്ങളുടെ രുചി അറിഞ്ഞാലും എന്നും നാവിനെ രുചിലഹരിയിലാഴ്ത്തുന്നത് ഹോംലി ഫൂഡ് തന്നെയാണ്.

English Summary:

Malayalam Actress Jyothika Krishna Food Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com