ADVERTISEMENT

പഫ്സും ചൂടുചായയും വൈകുന്നേരത്തെ  ലഘുഭക്ഷണമാണ് മിക്കവർക്കും. തൊണ്ണൂറുകളിൽ ബർത്തിഡേപാർട്ടി മുതൽ കോളേജ് കാലഘട്ടത്തിലെ ഏത് ആഘോഷത്തിനും പഫ്സ് തന്നെയായിരുന്നു സൂപ്പർസ്റ്റാർ. മീറ്റും മുട്ടയും വാണിരുന്ന പഫ്സിന്റെ ഇടയിലേക്ക് ബനാനയും മഷ്റൂമുമൊക്കെ ഇടംപിടിച്ചു. ഇന്ന് പല രുചിയിലും രൂപത്തിലും പഫ്സ് ബേക്കറികളിൽ കിട്ടും. പഫ്സ് കഴിക്കുന്ന കാലം തൊട്ടുള്ള ചിലരുടെയെങ്കിലും സംശയമാണ് എന്തുകൊണ്ട് എഗ്ഗ് പഫ്സിൽ പകുതി മുട്ട വയ്ക്കുന്നു, മുഴുവനായി വച്ചാൽ എന്താണ് കുഴപ്പം? ഇനി കഴിച്ച മുട്ടയുടെ ബാക്കി വച്ചതാണോ എന്നുവരെ ചിന്തിച്ചവർ ഉണ്ടാകും.

385401328
Image credit: Santhosh Varghese/Shutterstock

കാരണം മറ്റൊന്നുമല്ല, പകുതി മുട്ടവയ്ക്കുന്നത് പഫ്സിന്റെ ഷേയ്പ്പ് നിലനിർത്താനാണ്, പഫ്സ് പോക്കറ്റ് സൈസാണ്. അതിൽ മുഴുവൻ മുട്ട വച്ചാൽ മസാലയുമായി ചേർന്ന് അടച്ച്‍‍വച്ച് ബേയ്ക്ക് ചെയ്യുവാൻ പ്രയാസമാണ്. സവാളയുടെ മസാലക്കൂട്ടിൽ പകുതി മുട്ട ചേരുമ്പോഴാണ് മസാലയുടെ രുചിയോടെ എഗ്ഗ് പഫ്സ് കഴിക്കുന്നത് സ്വദേറുന്നത്.

ഒരു പഫ്സിൽ പകുതി മുട്ട ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കാനും സഹായിക്കുന്നു, പ്രത്യേകിച്ച് ബേക്കറികൾക്കോ അവ മൊത്തത്തിൽ വിൽക്കുന്നവർക്കോ ലാഭകരമാണ്.

egg-puffs-making

ദക്ഷിണേഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും പല ഭാഗങ്ങളിലും, പകുതി വച്ച മുട്ട പഫ്സുകൾ ഒതെന്റിക് പാചകരീതിയായും മാറിയിട്ടുണ്ട്.

 മുട്ട പഫ്സിന്റെ ചരിത്രം

നാടൻ ചായക്കടകളിൽ കിട്ടുന്ന പലഹാരങ്ങളിൽ നിന്നും വ്യത്യസ്തത കൊണ്ടുവരാനാണ് മുട്ട പഫ്സ് രംഗത്തെത്തിയതെന്നും പറയപ്പെടുന്നുണ്ട്. കേരളക്കരയാണ് എത്തിച്ചതെന്നും പറയാതെ പറയുന്നവരുമുണ്ട്. കാര്യത്തിന്റെ നിജസ്ഥിതി ഇപ്പോഴും വ്യക്തമല്ല. നൂറ്റാണ്ടുകൾ പിന്നോട്ടേക്ക് സഞ്ചരിച്ചാൽ16-ാം നൂറ്റാണ്ടില്‍ യുറോപ്പിലടക്കം പഫ് പേസ്ട്രി ഉപയോഗിച്ചിരുന്നത് തെളിയിക്കുന്ന രേഖകളുണ്ട്. പഫ് പേസ്ട്രികള്‍ ഉപയോഗിച്ച് അവര്‍ മുട്ട പഫ്‌സ് തയാറാക്കിയിരുന്നോ എന്നത് സംശയമാണ്. 

egg-puffs

വീട്ടിൽ ഉണ്ടാക്കാം രുചികരമായ മുട്ട പഫ്സ്

വീട്ടിൽ തന്നെ മുട്ട പഫ്സ് തയാറാക്കി എടുക്കാവുന്നതാണ്. പഫ്സ് പേസ്ട്രി ഷീറ്റുകൾ എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്നും അതുവച്ച് പഫ്സ് ഉണ്ടാക്കുന്നത് എങ്ങിനെയെന്നും നോക്കാം.

ചേരുവകൾ

മൈദ - 3 കപ്പ്

വെണ്ണ - 3 ടേബിൾസ്പൂൺ + ആവശ്യത്തിന്

പഞ്ചസാര - 3 ടേബിൾസ്പൂൺ

ഉപ്പ് - ½ ടീസ്പൂൺ

തണുത്ത വെള്ളം - ½ കപ്പ്

തയാറാക്കുന്ന വിധം:

ഒരു വലിയ പാത്രത്തിൽ മൈദയും പഞ്ചസാരയും ഉപ്പും ചേർത്തു നന്നായി ഇളക്കുക.

ഇതിലേക്കു വെണ്ണ ചേർത്തു പൊടിയും വെണ്ണയും കൂടി നന്നായി തിരുമ്മി യോജിപ്പിക്കുക (തണുപ്പുള്ള വെണ്ണ ആയിരിക്കണം).

ഇനി തണുത്ത വെള്ളം കുറേശ്ശെയായി ഒഴിച്ചു കുഴച്ച് ഒരു മാവ് ആക്കിയെടുക്കുക, ഒരു 2-3 മിനിറ്റ് വരെ മാത്രം കുഴയ്ക്കുക. അതിനുശേഷം നനഞ്ഞ തുണി ഉപയോഗിച്ച് മൂടി 10 മിനിറ്റ് മാറ്റി വയ്ക്കുക.

ഇനി വൃത്തിയുള്ള പ്രതലത്തിൽ കുറച്ചു പൊടി തൂകി മാവ് വച്ചതിനു ശേഷം  സോഫ്റ്റ് ആകുന്നത് വരെ കുഴച്ചെടുക്കണം. വീണ്ടും നനഞ്ഞ തുണി ഉപയോഗിച്ച് മൂടി 20 മിനിറ്റ് മാറ്റി വയ്ക്കുക.

മാവു പൊടി തൂകിയ പ്രതലത്തിലേക്കു വച്ചുകൊടുക്കാം. ഒരു റോളിങ് പിൻ ഉപയോഗിച്ചു  ദീർഘചതുരത്തിൽ പരത്തിയെടുക്കാം. ഇതിനു മുകളിൽ വെണ്ണ നന്നായി ബ്രഷ് ചെയ്തശേഷം, ഒരു വശം മധ്യഭാഗത്തേക്കു മടക്കുക, മറുവശം ആദ്യത്തെ മടക്കിനു മുകളിലേക്കു മടക്കി വയ്ക്കുക. വീണ്ടും മറ്റേ അറ്റം മധ്യഭാഗത്തേക്കു മടക്കുക, ശേഷിക്കുന്ന അറ്റം മറ്റേ മടക്കിനു മുകളിലേക്കു മടക്കി വയ്ക്കുക.

ഇനി ഒരു അലുമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ചു മൂടി അര മണിക്കൂർ ഫ്രിജിൽ വയ്ക്കുക. ഇങ്ങനെ മൂന്ന് തവണ കൂടി ആവർത്തിക്കുക. പഫ്സിന്റെ മാവ് തയാറായി. ഇനി പഫ്‌സിന്റെ മാവുപൊടി തൂകിയ ഒരു പ്രതലത്തിലേക്കു വച്ചു കൊടുത്തശേഷം ദീർഘചതുരത്തിൽ പരത്തിയെടുക്കാം. പരത്തിയ ഷീറ്റിന്റെ അരികുകൾ കട്ടു ചെയ്തു കളയാം. എന്നിട്ടു ഷീറ്റ് ചതുരങ്ങളായി മുറിക്കുക. നടുവിൽ ഫില്ലിങ് വച്ചു കൊടുത്തശേഷം കോണുകൾ മധ്യഭാഗത്തേക്കു മടക്കുക. അലൂമിനിയം ഫോയിൽ ഇട്ട ബേക്കിങ് ട്രേയിലേക്ക് ഇത് മാറ്റാം. (വെണ്ണ ഉരുകി ഷീറ്റുകൾ വളരെ സോഫ്റ്റായെങ്കിൽ 10 മിനിറ്റ് ഫ്രിജിൽ വയ്ക്കാം.)

ഇനി ഓരോന്നിനു മുകളിലും മുട്ട അടിച്ചത് ബ്രഷ് ചെയ്ത് കൊടുക്കാം. ഇത്‌ പ്രീഹീറ്റ് ചെയ്ത ഓവനിൽ 190℃ ചൂടിൽ 30 മിനിറ്റു നേരം ബേക്ക് ചെയ്തെടുക്കാം. ക്രിസ്‍പി ആയിട്ടുള്ള മുട്ട പഫ്സ് തയാറായി കഴിഞ്ഞു.

English Summary:

Half Egg Puff Secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com