ഹോട്ടലിൽ കിട്ടുന്ന ക്രിസ്പിയായ ദോശ ഉണ്ടാക്കുവാനായി ഇതു ചേർത്താൽ മതി

Mail This Article
ക്രിസ്പിയും ടേസ്റ്റിയുമായ ദോശ വീട്ടിൽ ഉണ്ടാക്കാം. കല്ലിൽ ഒട്ടിപ്പിടിക്കുമെന്ന് പരാതി വേണ്ട, ഈ ട്രിക്ക് പരീക്ഷിക്കാം. ദോശമാവിന് ആവശ്യമായ ചേരുവകൾ
ഇഡ്ഡലി അരി - 3 കപ്പ്
ഉഴുന്ന് പരിപ്പ് - 3/4 കപ്പ്
ഉലുവ - 1 ടീസ്പൂൺ
കടലപരിപ്പ് - 2 ടേബിൾ സ്പൂൺ
കടലപരിപ്പ് ദോശ നല്ല ക്രിസ്പി ആയി വരുവാൻ സഹായിക്കും. ഉലുവ നല്ലൊരു മണവും ദോശക്കു നൽകും. ഇവയെല്ലാം ചേർത്തു കഴുകിയതിനു ശേഷം എട്ടു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. നല്ലവണ്ണം കുതിർന്ന ശേഷം അരച്ച് എട്ടു മണിക്കൂർ പുളിച്ചുപൊങ്ങാൻ വയ്ക്കുക. അരച്ച ഉടനെ ഉപ്പ് ചേർത്താൽ പുളിക്കുന്നത് വേഗത്തിൽ ആകുവാൻ സഹായിക്കും.
നന്നായി പൊങ്ങി വന്ന ദോശമാവിലേക്കു ആവശ്യത്തിന് ഉപ്പും 1/2 ടീസ്പൂൺ പഞ്ചസാരയും കൂടി ചേർത്തു കൊടുക്കുക. പഞ്ചസാര ചേർത്തു കൊടുക്കുന്നത്. ദോശക്കു നല്ല കളർ കിട്ടുവാൻ സഹായിക്കും. കൂടാതെ ടേസ്റ്റ് ബാലൻസ് ചെയ്യാനും നല്ലതാണ്.
ദോശ ഉണ്ടാക്കുമ്പോൾ ദോശക്കല്ലിൽ ദോശ പരത്തുന്നതിനു മുൻപു കുറച്ചു വെള്ളം തളിച്ച് ഒന്ന് തുടച്ച ശേഷം ദോശ പരത്തുക. അടിയിൽ എണ്ണ തേച്ചു കൊടുത്താൽ ദോശ കനമില്ലാതെ പരത്തുവാൻ ബുദ്ധിമുട്ടാകും അതിനാൽ എണ്ണ ദോശ പരത്തിയ ശേഷം മുകളിൽ മാത്രം തൂവുക. ഈ ടിപ്പുകൾ പരീക്ഷിച്ചാൽ ഹോട്ടലിലെ പോലെ ദോശ വീട്ടിൽ ഉണ്ടാക്കാം.