സ്റ്റീൽ സ്ക്രബറും സ്പോഞ്ചുമാണോ പാത്രം കഴുകാനായി ഉപയോഗിക്കുന്നത്? അറിഞ്ഞുവച്ചോളൂ

Mail This Article
അടുക്കളയില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ചുകള്‍ പലപ്പോഴും ഇ കോളി, സാല്‍മൊണെല്ല പോലുള്ള ബാക്ടീരിയകളുടെ ആവാസകേന്ദ്രമാണ്. ടോയ്‌ലറ്റ് സീറ്റിനേക്കാൾ 200,000 മടങ്ങ് വൃത്തികെട്ടത് എന്ന് ഇവയെക്കുറിച്ച് പറയാറുണ്ട്. ഒരു അടുക്കള സ്പോഞ്ചിൽ ഒരു ചതുരശ്ര ഇഞ്ചിന് 10 ദശലക്ഷം ബാക്ടീരിയകള്‍ ഉണ്ടാകും എന്ന് പറയപ്പെടുന്നു.

എത്ര കാലം ഇവ ഉപയോഗിക്കാനാവും? എപ്പോള്‍ വലിച്ചെറിയണം മുതലായ കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഇവ മൂലം ഉണ്ടാകാനിടയുള്ള രോഗങ്ങള്‍ ഒഴിവാക്കാനാകും.
ഒരു സ്പോഞ്ച് എത്ര സമയത്തേക്ക് ഉപയോഗിക്കാം?
ദിവസവും പാത്രം കഴുകുന്ന അടുക്കളയാണെങ്കില്‍ മാസത്തില്‍ ഒരിക്കലെങ്കിലും സ്പോഞ്ചുകൾ മാറ്റണം. മാത്രമല്ല, പാത്രങ്ങള്‍ കഴുകുന്നത് പോലെ തന്നെ എന്നും സ്പോഞ്ചുകളും കഴുകുക. ബാക്ടീരിയയെ നശിപ്പിക്കാൻ സ്പോഞ്ചുകൾ ചൂടുവെള്ളത്തിൽ അൽപ്പം ബ്ലീച്ച് ഉപയോഗിച്ച് കഴുകാം. സ്‌പോഞ്ചുകൾ രണ്ട് മിനിറ്റ് നേരം മൈക്രോവേവ് ചെയ്തും ബാക്ടീരിയയെ തുരത്താം. നനഞ്ഞ സ്പോഞ്ച് വേണം മൈക്രോവേവ് ചെയ്യാന്‍, അല്ലെങ്കില്‍ തീ പിടിക്കാന്‍ സാധ്യതയുണ്ട്.
സ്റ്റീൽ സ്ക്രബർ
പാത്രങ്ങൾ കഴുകാനായി പല തരത്തിലുള്ള സ്‌ക്രബറുകൾ ഉപയോഗിക്കാറുണ്ട്. കട്ടിയുള്ളതും കരിഞ്ഞു പിടിച്ചതുമായവ ചെയ്യുന്നതിനായി സ്റ്റീൽ വൂളുകളാണ് പൊതുവെ ഉപയോഗിക്കുന്നത്. അധികം സമയം കളയാതെ തന്നെ എളുപ്പത്തിൽ പാത്രങ്ങളിൽ നിന്നും അഴുക്കുകൾ നീക്കം ചെയ്‌യാനിതു സഹായിക്കും.

പാത്രങ്ങൾ പെട്ടെന്ന് വൃത്തിയാക്കി എടുക്കാൻ ഏറ്റവും ഉപകാരപ്പെട്ടതാണ് സ്റ്റീൽ സ്ക്രബറുകൾ. സ്പോഞ്ച് സ്ക്രബർ ഉണ്ടെങ്കിലും കരിപിടിച്ച പാത്രങ്ങൾ വെട്ടിതിളങ്ങാന്‍ സ്റ്റീൽ സ്ക്രബർ തന്നെയാണ് അനുയോജ്യം. ഇത് ശരിയായ രീതിയിൽ വേണം ഉപയോഗിക്കാൻ.
സ്റ്റീൽ സ്ക്രബർ ഉപയോഗിക്കുന്നത് പാത്രങ്ങളിലെ അഴുക്ക് പെട്ടെന്ന് പോകാൻ സഹായിക്കുമെങ്കിലും നോൺസ്‌റ്റിക് പാത്രങ്ങൾ, ഗ്ലാസ് എന്നിവയിൽ സ്റ്റീല്‍ സക്രബർ ഉപയോഗിക്കുമ്പോൾ പോറൽ വീഴും. നോൺസ്റ്റിക്ക് പാത്രങ്ങളില്‍ ഇവ ഉരച്ച് കഴുകിയാൽ കോട്ടിങ് പെട്ടെന്ന് പോകുകയും ചെയ്യും. സ്റ്റീൽ ഉപകരണങ്ങളിൽ സ്റ്റീൽ സ്ക്രബർ ഉപയോഗിക്കുന്നത് കാലക്രമേണ കേടു വരുത്താം, പ്രത്യേകിച്ച് സ്‌റ്റെയിൻലെസ് സ്റ്റീൽ അല്ലാത്ത പാത്രങ്ങളില്‍.
ഒന്നോ രണ്ടോ പാത്രങ്ങൾ വൃത്തിയാക്കിയാൽ തന്നെ പെട്ടെന്ന് സ്റ്റീൽ സ്ക്രബറിന്റെ പുതുമ നഷ്ടപ്പെടും. കൂടുതൽ ദിവസം ആകുമ്പോൾ പാത്രങ്ങളുടെയും മിക്സിയുടെയും ഇടയിൽ സ്റ്റീൽ സ്ക്രബറിന്റെ ഭാഗങ്ങൾ കാണാം. കഴുകുമ്പോൾ സൂക്ഷിക്കണം. അതിനാൽ പുതുമ നഷ്ടപ്പെട്ടാൽ സ്ക്രബർ മാറ്റാം. ഉപയോഗ ശേഷം സ്ക്രബർ നല്ലതുപോലെ കഴുകി ഉണക്കി സൂക്ഷിക്കണം.
ഡിഷ്‌ക്ലോത്തുകള്‍ ഉപയോഗിക്കുമ്പോള്‍
ഡിഷ്‌ക്ലോത്തുകളും സ്പോഞ്ചിനേക്കാള്‍ ഒരുപാടു ഭേദം എന്ന് പറയാനാവില്ല. എന്നിരുന്നാലും സ്പോഞ്ചിന്‍റെ അത്രയും ബാക്ടീരിയകള്‍ക്ക് വളരാനുള്ള ഇടങ്ങള്‍ ഇതില്‍ ഇല്ലാത്തതും വൃത്തിയാക്കാന്‍ എളുപ്പമാണ് എന്നതും ഡിഷ്‌ക്ലോത്തുകള്‍ക്ക് അല്‍പ്പം മുന്‍തൂക്കം നല്‍കുന്നു. എല്ലാ ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി ഉണക്കി വേണം ഇവ ഉപയോഗിക്കാന്‍. രോഗാണുക്കളെ നശിപ്പിക്കാന്‍ ഇടയ്ക്കിടെ വെയിലത്തിട്ട് ഉണക്കി ഉപയോഗിക്കണം. സ്പോഞ്ചുകള്‍ പോലെ തന്നെ ഒരു മാസം കഴിയുമ്പോള്‍ ഇവയും വലിച്ചെറിയുക തന്നെ വേണം.
പാത്രം കഴുകാന്‍ ബ്രഷുകള്‍
സ്പോഞ്ചിനെയും ഡിഷ്‌വാഷിനെയും അപേക്ഷിച്ച് നോക്കുമ്പോള്‍ ബ്രഷുകള്‍ കുറച്ചുകൂടി വൃത്തിയുള്ളതാണെന്ന് പറയാം. ഇവയുടെ ഘടന ബാക്ടീരിയയുടെയും പൂപ്പലിന്റെയും വളർച്ച തടയാൻ സഹായിക്കുന്നു. ഇവ കഴുകി ഉണക്കി എടുക്കാന്‍ വളരെ എളുപ്പമാണ്. ഭക്ഷണ അവശിഷ്ടങ്ങളും എണ്ണയും മറ്റും കുറച്ചുകൂടി കാര്യക്ഷമമായി നീക്കം ചെയ്യാന്‍ ഇവ സഹായിക്കുന്നു. പിടിയുള്ള ബ്രഷുകള്‍, ഡിഷ്‌വാഷ് ലിക്വിഡ് കൈകളില്‍ നേരിട്ട് ആവുന്നത് തടയുന്നതിനാല്‍, ചര്‍മ്മത്തിന് സുരക്ഷ നല്‍കുന്നു.