വീണ്ടും കൊതിപ്പിച്ച് അഹാന; ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്!

Mail This Article
സെലിബ്രിറ്റികളുടെ വീട്ടില്‍ ഉച്ചയ്ക്ക് ചോറിനു എന്തൊക്കെയായിരിക്കും കഴിക്കുന്നത്? പലര്‍ക്കും തോന്നുന്ന സംശയമാണ്. ഉച്ചയ്ക്ക് വീട്ടില്‍ കഴിക്കുന്ന സിംപിള്‍ ഊണിന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നടി അഹാന കൃഷ്ണ. ചോറും പുളി രസം, പപ്പടം, കൂര്‍ക്ക മെഴുക്കുപുരട്ടി, പപ്പടം എന്നിവയാണ് ചോറിനൊപ്പമുള്ള വിഭവങ്ങള്‍.
ഈയൊരു കോമ്പിനേഷന്‍ തനിക്ക് വളരെ ഇഷ്ടമാണെന്ന് അഹാന പറയുന്നു. കൂര്‍ക്ക മെഴുക്കുപുരട്ടിയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം എന്നും അഹാന പറയുന്നു. ഭക്ഷണം കഴിക്കുന്ന വിഡിയോ ആണ് അഹാന പോസ്റ്റ് ചെയ്തത്. ഒപ്പം ദിയ കൃഷ്ണയും ഭര്‍ത്താവും ഉണ്ട്.

അഹാനയുടെ പ്രിയപ്പെട്ട പുളിരസം, കൂര്‍ക്ക മെഴുക്കുപുരട്ടി എന്നിവ എങ്ങനെയാണ് വീട്ടില്‍ ഉണ്ടാക്കുന്നതെന്ന് നോക്കാം.
പുളി രസം നിമിഷങ്ങൾക്കുള്ളിൽ തയാറാക്കാം
രുചികരമായ ഒരു പുളിരസം വളരെ കുറഞ്ഞ സമയം കൊണ്ട് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിലെ പ്രധാന ആകർഷണം പുളിയുടെ തനതായ രുചിയും കുഞ്ഞുള്ളിയുടെ മണവുമാണ്.
ആവശ്യമുള്ള സാധനങ്ങൾ:
പുളി - ഒരു നെല്ലിക്കയുടെ വലുപ്പത്തിൽ
ചെറിയ ഉള്ളി - 20 എണ്ണം
പച്ചമുളക് - 2 എണ്ണം
ഉണക്കമുളക് - 2 എണ്ണം
ഉലുവ - കാൽ ടീസ്പൂൺ
കടുക് - കാൽ ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
ഉപ്പ് - ആവശ്യത്തിന്
കായം - ഒരു ചെറിയ കഷ്ണം
ഉണ്ടാക്കുന്ന രീതി
ആദ്യം, നെല്ലിക്ക വലുപ്പത്തിലുള്ള പുളി കുറച്ച് വെള്ളത്തിൽ ഇട്ട് കുതിർക്കുക.
ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക.
എണ്ണ ചൂടായി വരുമ്പോൾ കടുക് ഇടുക. കടുക് പൊട്ടിയ ശേഷം ഉലുവ, ഉണക്കമുളക്, പച്ചമുളക്, കറിവേപ്പില, ചെറിയ ഉള്ളി, കായം എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഉള്ളി ബ്രൗൺ നിറം വരുന്നത് വരെ വഴറ്റണം.
ഇനി കുതിർത്ത് വെച്ച പുളി പിഴിഞ്ഞ് അതിന്‍റെ നീര് ചട്ടിയിലേക്ക് ഒഴിക്കുക.
ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക.
ചെറിയ തീയിൽ ഒന്ന് ചൂടാക്കുക. തിളയ്‌ക്കേണ്ട ആവശ്യമില്ല.
അങ്ങനെ നിമിഷങ്ങൾക്കുള്ളിൽ സ്വാദിഷ്ടമായ പുളി രസം തയ്യാർ. ചൂടുള്ള ചോറിനൊപ്പം കഴിക്കാം.
സിംപിളായി കൂര്‍ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാം
ചേരുവകൾ:
കൂർക്ക - 250 ഗ്രാം
ചെറിയ ഉള്ളി - 10-12 എണ്ണം
വെളുത്തുള്ളി - 3-4 അല്ലി
പച്ചമുളക് - 2 എണ്ണം (എരിവിനനുസരിച്ച്)
കറിവേപ്പില - 1 തണ്ട്
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
മുളകുപൊടി - അര ടീസ്പൂൺ (എരിവിനനുസരിച്ച്)
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 2-3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:
കൂർക്ക നന്നായി കഴുകി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി നുറുക്കുക. കഷണങ്ങൾ ഒരേ വലുപ്പത്തിൽ ആക്കാൻ ശ്രമിക്കുക.

ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞെടുക്കുക. പച്ചമുളക് നെടുകെ കീറുക.
ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് ഇടുക. കടുക് പൊട്ടിയ ശേഷം കറിവേപ്പില ചേർക്കുക.
ഇതിലേക്ക് അരിഞ്ഞുവെച്ച ചെറിയ ഉള്ളിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. ഉള്ളി നിറം മാറുമ്പോൾ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.
നുറുക്കിവെച്ച കൂർക്കയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
പാൻ അടച്ചുവെച്ച് ചെറിയ തീയിൽ വേവിക്കുക. ഇടയ്ക്കിടെ തുറന്ന് ഇളക്കി കൊടുക്കണം. വെള്ളം ആവശ്യമെങ്കിൽ മാത്രം കുറച്ച് തളിച്ചു കൊടുക്കുക. കൂർക്ക വെന്തുടയരുത്.
കൂർക്ക നന്നായി വെന്ത ശേഷം 5-10 മിനിറ്റ് നേരം തുറന്നുവെച്ച് മൊരിയിച്ചെടുക്കുക.
അത്രയേയുള്ളൂ! വളരെ എളുപ്പത്തിൽ രുചികരമായ കൂർക്ക മെഴുക്കുപുരട്ടി തയ്യാറാക്കാം. ഇത് ചോറിൻ്റെ കൂടെ കഴിക്കാൻ നല്ല കോമ്പിനേഷനാണ്.