ADVERTISEMENT

നല്ല ഭക്ഷണങ്ങൾ തേടിപ്പോകുക,  ഇഷ്ടമുള്ള വിഭവങ്ങൾ വീട്ടിൽ പരീക്ഷിച്ചുനോക്കുക ഇതൊക്കെയാണ് സ്വാസികയുടെ ഹോബി. വീട്ടിൽ നിന്നും മാറി ഷൂട്ടിന്റെ തിരക്കിലാണെങ്കിലും വീട്ടിലെ ഭക്ഷണം കഴിക്കാൻ ആഗ്രഹം തോന്നാറുണ്ട്. ഇത്തവണ മീൻ അച്ചാർ കൂട്ടി ചോറുണ്ണാനായിരുന്നു കൊതി, ആഗ്രഹം ചെന്നെയിലുണ്ടായിരുന്ന ഭർത്താവ് പ്രേമിനോട് പറഞ്ഞു.

swasika-food2
image from youtube

പ്രേമിന്റെ ഷൂട്ട് കഴിഞ്ഞ് നാട്ടിലേക്ക് പോകും സമയത്താണ് സ്വാസിക വീട്ടിലെ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം പറഞ്ഞത്. അമ്മയെ കൊണ്ട് എന്തെങ്കിലും പാകം ചെയ്ത് കൊണ്ടുവരാമോ എന്നാണ് ചോദിച്ചത്. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മീനച്ചാര്‍ മാത്രമല്ല, ബീഫ് റോസ്റ്റും ചമ്മന്തിപ്പൊടിയും കൂടി കൊണ്ടുവന്നു. ലോട്ടറി അടിച്ച സന്തോഷമായിരുന്നു സ്വാസികയ്ക്ക്. പ്രേമിന്‍റെ അമ്മ ജാനിസ് ആണ് ഇത് മുഴുവന്‍ ഉണ്ടാക്കി സ്വാസികയ്ക്ക് കൊടുത്തുവിട്ടത്. ഇവ ഉണ്ടാക്കുന്നതിന്‍റെ മുഴുവന്‍ വിഡിയോ പ്രേം ഷൂട്ട്‌ ചെയ്തത് സ്വാസികയുടെ യുട്യൂബ് ചാനലില്‍ ഇട്ടിട്ടുണ്ട്.

swasika-3
image from youtube

ഏതു ഭക്ഷണവും ആസ്വദിച്ച് കഴിക്കും. എന്നാല്‍ വലിച്ചുവാരി കഴിക്കാറുമില്ല. നടിയും നര്‍ത്തകിയും ആയതുകൊണ്ടുതന്നെ ശരീരം ഫിറ്റായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും അമിതമായി കഴിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാലും ചിലപ്പോഴൊക്കെ ചീറ്റ് മീലുകളുമുണ്ടാവാറുണ്ടെന്ന് സ്വാസിക.  

beef-fry

ഭക്ഷണം മാത്രമല്ല, പാചകവും ഇഷ്ടമാണ്. പാചകം ചെയ്യാനുളള അവസരം വളരെ കുറവേ ഉണ്ടാവാറുളളു. കൊറോണ സമയത്താണ് പാചകത്തിലേക്ക് കാര്യമായി കടക്കുന്നത്. ഇപ്പോള്‍ യൂട്യൂബിലും മറ്റും ഇഷ്ടംപോലെ കുക്കിങ് വിഡിയോകൾ ലഭിക്കുന്നതുകൊണ്ടുതന്നെ എളുപ്പം ഏതു വിഭവം വേണമെങ്കിലും ആര്‍ക്കും ഉണ്ടാക്കാെമന്നും മുൻപ് മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ സ്വാസിക പറയുന്നുണ്ട്.

പ്രേം കൊണ്ടുവന്ന വിഭവങ്ങള്‍ എല്ലാം കൂട്ടി സ്വാസിക ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതും വിഡിയോയില്‍ കാണാം. കുക്കിങ്ങിന് ബെസ്റ്റ് ആളുകളെ കിട്ടിയാൽ എങ്ങനെ ഡയറ്റ് ചെയ്യുമെന്നും വിഭവങ്ങൾ രുചിച്ച് കൊണ്ട് സ്വാസിക പറയുന്നുണ്ട്.

അമ്മ രുചി

അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തോളം വരില്ല മറ്റൊന്നും. ചെറുപ്പത്തിലേ നമ്മുടെ നാവില്‍ കിടക്കുന്ന രുചി അമ്മ ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടേതാണ്. പുറത്തുനിന്ന് എന്തു കഴിച്ചാലും ആ രുചിക്കൊപ്പം വരില്ല. ചോറും മാമ്പഴപുളിശ്ശേരിയുമാണ് വീട്ടിലുണ്ടാക്കുന്നതില്‍ ഏറ്റവും ഇഷ്ടം. പിന്നെ ഇഞ്ചിക്കറിയും. അത് ആലോചിക്കുമ്പോഴേ വായില്‍ വെളളമൂറും. ചെറുപ്പത്തിലൊക്കെ വീട്ടിലുളള നാടന്‍ പച്ചക്കറികളെല്ലാം വച്ചാണ് കൂട്ടാനും ഉപ്പേരിയുമൊക്കെ ഉണ്ടാക്കാറ്. പറമ്പിലുളള മുരിങ്ങയിലയും മുരിങ്ങപ്പൂവുമൊക്കെ പറിച്ച് അമ്മ വയ്ക്കുന്ന തോരനുണ്ട്. അത്രത്തോളം സ്വാദ് മറ്റൊന്നിനുമില്ല.

ആ രുചിക്കൂട്ട്

ആദ്യം തന്നെ ചമ്മന്തിപ്പൊടി ആണ് ഉണ്ടാക്കുന്നത്. ഇഞ്ചി, ഉള്ളി, വെളുത്തുള്ളി, കുരുമുളക്, തേങ്ങ, മല്ലി, വറ്റല്‍മുളക്, കറിവേപ്പില, പുളി തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ചാണ് ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നത്. വലിയ പരന്ന പാത്രത്തില്‍ തേങ്ങ അടുപ്പത്ത് വച്ച്, പുളിയും കറിവേപ്പിലയും ഒഴിച്ച് ബാക്കി എല്ലാ സാധനങ്ങളും മീഡിയം തീയില്‍ വച്ച് ഇളക്കുന്നു. തേങ്ങ മൂത്ത് വരുമ്പോള്‍ പുളി, ഉപ്പ്, കറിവേപ്പില ഇടുന്നു. ഇത് തണുത്ത് വരുമ്പോള്‍ മിക്സിയില്‍ ഇട്ടു പൊടിച്ചെടുക്കുന്നു. 

ബീഫ് റോസ്റ്റ് ആണ് ഉണ്ടാക്കിയ മറ്റൊരു വിഭവം. ഒരു പാന്‍ അടുപ്പത്ത് വച്ച് എണ്ണ ഒഴിക്കുന്നു. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, എന്നിവ ഇട്ടു വഴറ്റുന്നു. അതിനുശേഷം ഇതിലേക്ക് ചുവന്ന ഉള്ളി, കറിവേപ്പില ഇട്ടു വഴറ്റുന്നു. ശേഷം ഇതിലേക്ക് മഞ്ഞള്‍പ്പൊടി ഇട്ടു ഇളക്കുന്നു. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ പോത്തിറച്ചി ഇട്ടു ഉപ്പിടുന്നു. എന്നിട്ട് നന്നായി ഇളക്കി വെള്ളം വറ്റിക്കുന്നു. മല്ലിപ്പൊടി, മുളക്പൊടി, ഗരം മസാല, കുരുമുളക് പൊടി എന്നിവ ഒന്നു ചൂടാക്കി ഈ ബീഫ് ലേക്ക് ചേര്‍ത്ത് മിക്സ് ചെയ്യുന്നു. 

പിന്നീട് ഇത് കുക്കറിലേക്ക് മാറ്റി, തിളച്ച വെള്ളം കുറച്ച് ഒഴിക്കുന്നു. ഇത് മീഡിയം ഫ്ലെയിമില്‍ നാലഞ്ചു വിസില്‍ കഴിയുമ്പോള്‍ തീ ഓഫ് ആക്കുന്നു. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് അല്‍പ്പം ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ഇട്ടു മൂപ്പിക്കുന്നു. ഇതിലേക്ക് നന്നായി വെന്ത ബീഫ് ഇട്ടു മുഴുവന്‍ വെള്ളവും വറ്റിച്ച് എടുക്കുന്നു.  

മീന്‍ അച്ചാര്‍ ആണ് അടുത്തതായി തയ്യാറാക്കുന്നത്. മാരിനേറ്റ് ചെയ്ത് വച്ച കേര മീന്‍ കഷ്ണങ്ങള്‍ ആദ്യം മീഡിയം ഫ്ലെയിമില്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ നന്നായി ഫ്രൈ ചെയ്തെടുക്കുന്നു. ഒരു ചീനച്ഛട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച്, ചതച്ച വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില മുതലായവ ഇടുന്നു, നന്നായി മൂത്ത് വരുമ്പോള്‍ മുഴുവന്‍ വെളുത്തുള്ളി ചേര്‍ത്ത് ഇളക്കുന്നു. തീ ഓഫ് ചെയ്ത ശേഷം, മുളക്പൊടി,കുരുമുളക് എന്നിവ ചേര്‍ക്കുന്നു. ശേഷം അല്‍പ്പം മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുന്നു. തീ ഓണ്‍ ചെയ്ത ശേഷം ഇതിലേക്ക് മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുന്നു. ഇനി ഇതിലേക്ക് വിനാഗിരി കൂടി ചേര്‍ത്ത് ഇളക്കുന്നു. 

English Summary:

Swasikas Favorite Kerala Dishes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com