കടയിലെ തൈരിന് കട്ടി കൂടുതലാകാന്‍ കാരണം ഇതാണ്; വീട്ടില്‍ തയാറാക്കാൻ പറ്റുമോ?

Mail This Article
നല്ല തൂവെള്ള ചോറിലേക്ക് കട്ടിത്തൈരും വറുത്ത കൊണ്ടാട്ടം മുളകും അല്‍പ്പം ഉപ്പും ചേര്‍ത്തൊരു പിടി പിടിക്കണം... നാവിലാകെ ഒരു സ്വര്‍ഗ്ഗലോകം നിറയും! ഈയൊരു കോമ്പിനേഷന്‍ ഇഷ്ടമല്ലാത്ത മലയാളികള്‍ ആരെങ്കിലും ഉണ്ടോ?
പറഞ്ഞു വന്നത് അതൊന്നും അല്ല. ഈ തൈരിനെക്കുറിച്ചാണ്. നല്ല കട്ടിയായി, ക്രീമിയായി അല്‍പ്പം പോലും ലൂസാവാത്ത തൈര് എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇതിനു രുചിയും കൂടും. വീട്ടില്‍ തൈര് ഉറയൊഴിച്ച് ഉണ്ടാക്കുമ്പോള്‍ ഈയൊരു പരുവത്തില്‍ ഒരിക്കലും കിട്ടാറില്ല. എന്തായിരിക്കും കാരണം?
മിക്ക ബ്രാന്‍ഡുകളും തൈര് ഉണ്ടാക്കാന്‍ പൂർണ്ണ കൊഴുപ്പുള്ള പാല്‍ ഉപയോഗിക്കുന്നു. ഇത് തൈര് കൂടുതല്‍ കട്ടിയുള്ളതാക്കാന്‍ സഹായിക്കുന്നു. ഫാക്ടറികളില്‍ ഇവ പ്രത്യേക താപനിലയില്‍ തയ്യാറാക്കുന്നതും കട്ടി നിലനിര്‍ത്താന്‍ സഹായിക്കുന്നു. വീടുകളില്‍ ഈയൊരു താപനില നിലനിര്‍ത്താന്‍ സാധിക്കില്ല.
എന്നാല്‍ ഈ തൈര് കട്ടിയുള്ളതും കൂടുതൽ പ്രോട്ടീൻ അടങ്ങിയതുമാണെങ്കിലും, അതിൽ പലപ്പോഴും സ്റ്റെബിലൈസറുകൾ അല്ലെങ്കിൽ പ്രിസർവേറ്റീവുകൾ, പഞ്ചസാര പോലുള്ള അഡിറ്റീവുകൾ അടങ്ങിയിട്ടുണ്ട്. പാക്കേജിംഗിന് ഉപയോഗിക്കുന്ന മൈക്രോപ്ലാസ്റ്റിക്സും മറ്റ് രാസവസ്തുക്കളും ആരോഗ്യത്തിന് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്
വീട്ടിൽ ഉണ്ടാക്കുന്ന തൈര് ഫ്രഷ് ആണ്, മാത്രമല്ല, പ്രോബയോട്ടിക്സ് നിറഞ്ഞതാണ് , കൂടാതെ പാക്കേജു ചെയ്ത തൈരില്‍ കാണപ്പെടുന്ന അഡിറ്റീവുകളോ പ്രിസർവേറ്റീവുകളോ ഇതിൽ ഇല്ല. അതിനാല്‍ വീട്ടിലെ തൈര് കുടലിന്‍റെ ആരോഗ്യത്തിനു നല്ലതാണ്. കാൽസ്യം, പ്രോട്ടീൻ തുടങ്ങിയ എല്ലാ പ്രകൃതിദത്ത പോഷകങ്ങളും ഇതിലുണ്ട്.
പശുവിൻ പാലിൽ നിന്ന് ഉണ്ടാക്കുന്ന തൈരിന് എരുമപ്പാലിൽ നിന്ന് ഉണ്ടാക്കുന്ന തൈരിനെ അപേക്ഷിച്ച് കട്ടി കുറവാണ്, കാരണം അതിൽ 'കസീന്‍' എന്ന പ്രോട്ടീൻ കുറവാണ്.

കടയിലെ കട്ടിയില്‍ തൈര് വീട്ടില്‍ ഉണ്ടാക്കുന്നത് എങ്ങനെ?
നല്ല ക്രീമിയായ തൈര് വീട്ടില്‍ തയ്യാറാക്കാം. അല്‍പ്പം ശ്രദ്ധിച്ചാല്‍ മതി. ഇതിനായി, 1 ലിറ്റർ നല്ല കട്ടിയുള്ള പാൽ തിളപ്പിക്കുക, ആദ്യം 5 മിനിറ്റ് നേരത്തേക്ക് കൂടിയ തീയിലും അടുത്ത 5 മിനിറ്റ് കുറഞ്ഞ തീയിലും വയ്ക്കുക.
തിളച്ച പാൽ ചൂട് ആറിയതിന് ശേഷം ഒരു വശത്തു കൂടെ ഉറ ഒഴിക്കുക. 1 സ്പൂൺ കട്ടി തൈരിൽ 2 സ്പൂൺ പാൽ ചേർത്ത മിശ്രിതമാണ് ഉറ. ഇത് അഞ്ചു തവണ മാത്രം ഇളക്കുക. പിന്നീട് ഇത് അനക്കാതെ ചൂടുള്ള സ്ഥലത്ത് വയ്ക്കുക.
ഉറ ഇല്ലെങ്കിൽ പാലിൽ നാരങ്ങ ഒരു വശം മുറിച്ചിട്ടോ, പച്ചമുളകിന്‍റെ തണ്ടോ ഇടാം.
വേനല്‍ച്ചൂട് കുറയ്ക്കാന്‍ സന്നാട്ട ദഹി
നോര്‍ത്തിന്ത്യയില്‍ സാധാരണയായി ഉണ്ടാക്കുന്ന ഒരു ജനപ്രിയ തൈര് വിഭവമാണ് സന്നാട്ട ദഹി. വയറിലെ അസ്വസ്ഥതകള്‍ ശമിപ്പിക്കാനായി പ്രത്യേകിച്ച് വേനല്‍ക്കാലമാകുമ്പോള്‍ ആളുകള്‍ ഇത് കഴിക്കാറുണ്ട്. ഇത് എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം.
ചേരുവകൾ
1 കപ്പ് തൈര്
1 കപ്പ് വെള്ളം
½ ടീസ്പൂൺ ചുവന്ന മുളകുപൊടി
1 ടീസ്പൂൺ വറുത്ത ജീരകം
1 ടീസ്പൂൺ കായം
½ ടീസ്പൂൺ പച്ചമുളക് അരിഞ്ഞത്
ഉപ്പ്
ഉണ്ടാക്കുന്ന രീതി
∙ഒരു പാത്രമെടുത്ത് തൈരും വെള്ളവും ചേർത്ത് നന്നായി ഇളക്കുക.
∙ ഇനി, എല്ലാ സുഗന്ധവ്യഞ്ജനങ്ങളും മറ്റ് ചേരുവകളും കൂടി ചേര്‍ത്ത് നന്നായി മിക്സ് ആകുന്നതുവരെ ഇളക്കുക. ഇത് ചോറിനൊപ്പം കഴിക്കാം.