സവാള എളുപ്പത്തിൽ അരിയാനും വെളുത്തുള്ളി തൊലികളയാനും ഇനി മൈക്രോവേവ് മതി; വേറെയുമുണ്ട് ഗുണങ്ങൾ!

Mail This Article
മിക്ക വീടുകളിലും മൈക്രോവേവ് അവ്ൻ സാധാരണയായി ഉപയോഗിക്കുന്നത് തലേന്നത്തെ കറി ചൂടാക്കാനും ഫ്രീസറില്‍ നിന്നെടുത്ത ഭക്ഷണം വേഗത്തിൽ ഡീഫ്രോസ്റ്റ് ചെയ്യാനുമെല്ലാമാണ്. തിരക്കുള്ള സമയങ്ങളില്‍ ഇതൊരു വലിയ ഉപകാരം തന്നെയാണ്. എന്നാൽ, ഭക്ഷണം ചൂടാക്കുക എന്നതിനപ്പുറം മൈക്രോവേവിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ, ഇത് ദൈനംദിന അടുക്കളജോലികൾ വളരെ എളുപ്പമാക്കും. അത്തരം ചില പ്രായോഗിക കാര്യങ്ങൾ പരിചയപ്പെടാം.
മൈക്രോവേവ് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങൾ
വെളുത്തുള്ളി എളുപ്പത്തിൽ തൊലികളയാൻ: വെളുത്തുള്ളി തൊലികളയുന്നത് വളരെയധികം മടുപ്പിക്കുന്ന ഒരു ജോലി തന്നെയാണ്. എന്നാല്‍, മൈക്രോവേവ് ഉപയോഗിച്ച് ഇത് നിമിഷങ്ങൾക്കുള്ളിൽ ചെയ്യാം. വെളുത്തുള്ളി അല്ലികൾ 15 സെക്കൻഡ് മൈക്രോവേവ് ചെയ്യുക. തൊലികൾ താനെ അടർന്നുപോകുന്നത് കാണാം. തക്കാളിയുടെ തൊലികളയാനും ഇതേ വിദ്യ ഉപയോഗിക്കാം.

സവാള എളുപ്പത്തിൽ അരിയാൻ: സവാള അരിയുമ്പോൾ കണ്ണ് നീറുന്നത് ഒരു സാധാരണ പ്രശ്നമാണ്. സവാളയുടെ അഗ്രവും താഴെ ഭാഗവും മുറിച്ച ശേഷം 30 സെക്കൻഡ് മൈക്രോവേവ് ചെയ്യുക. ഇത് സവാളയിലെ എരിവ് ഉണ്ടാക്കുന്ന രാസവസ്തുക്കളെ നിർവീര്യമാക്കുകയും കണ്ണ് നീറുന്നത് തടയുകയും ചെയ്യും.
നാരങ്ങാനീര് പിഴിഞ്ഞെടുക്കാൻ: നാരങ്ങയിൽ നിന്ന് ആവശ്യത്തിന് നീര് കിട്ടുന്നില്ലെന്ന് തോന്നുന്നുണ്ടോ? നാരങ്ങ പിഴിയുന്നതിന് മുൻപ് 10-20 സെക്കൻഡ് മൈക്രോവേവ് ചെയ്യുക. ഇത് നാരങ്ങയുടെ ഉൾഭാഗം മൃദുവാക്കുകയും മുഴുവന്‍ നീരും ലഭിക്കാൻ സഹായിക്കുകയും ചെയ്യും. തേൻ കട്ടിയായാൽ: ഫ്രിഡ്ജില്‍ വച്ച തേന്‍ തേൻ തണുപ്പുകൊണ്ട് കട്ടിയായാൽ, അടപ്പില്ലാത്ത ഒരു മൈക്രോവേവ് സേഫ് പാത്രത്തിലാക്കി 30-60 സെക്കൻഡ് മൈക്രോവേവ് ചെയ്യുക. ഇത് തേനിനെ പഴയ രൂപത്തിലാക്കും.

ഫ്രഷ് ഹെർബുകൾ ഉണക്കാൻ: സൂപ്പിലും മറ്റും രുചി കൂട്ടാൻ ഉപയോഗിക്കുന്ന ഹെർബുകൾ, മൈക്രോവേവ് ഓവനില്‍ പെട്ടെന്ന് ഉണക്കിയെടുക്കാൻ സാധിക്കും. പുതിന, തൈം, റോസ്മേരി തുടങ്ങിയ ഹെർബുകൾ പേപ്പർ ടവ്വലുകൾക്കിടയിൽ വെച്ച് 30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ മൈക്രോവേവ് ചെയ്യുക. (ഹെർബിന്‍റെ തരം അനുസരിച്ച് സമയം വ്യത്യാസപ്പെടാം.) ശേഷം, ഈ ഹെർബുകൾ പൊടിച്ച് അടപ്പുള്ള പാത്രങ്ങളിൽ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.
കട്ടിങ് ബോർഡ് വൃത്തിയാക്കാൻ: മരത്തിന്‍റെ കട്ടിംഗ് ബോർഡിൽ ഒരു നാരങ്ങയുടെ പകുതി ഉപയോഗിച്ച് ഉരസുക. ശേഷം 30-60 സെക്കൻഡ് മൈക്രോവേവ് ചെയ്യുക. ഇത് കട്ടിങ് ബോർഡ് വൃത്തിയാക്കാനും ദുർഗന്ധം മാറ്റാനും സഹായിക്കും.

സ്പോഞ്ചിലെ ദുര്‍ഗന്ധം കളയാന്‍: അടുക്കളയില്‍ പാത്രം കഴുകുന്ന സ്പോഞ്ചിന് ദുർഗന്ധമുണ്ടാകുന്നത് സാധാരണയാണ്. ഇത് ഉടൻ വലിച്ചെറിയേണ്ട, പകരം മൈക്രോവേവ് ഉപയോഗിച്ച് ചെറിയൊരു ട്രിക്ക് ചെയ്ത് നോക്കാം. സ്പോഞ്ച് നനച്ച ശേഷം ഒന്നോ രണ്ടോ മിനിറ്റ് മൈക്രോവേവ് ചെയ്യുക. ഈ ചൂട് സ്പോഞ്ചിലെ ബാക്ടീരിയകളെ നശിപ്പിച്ച് ദുർഗന്ധം അകറ്റാൻ സഹായിക്കും.
പാത്രങ്ങൾ അണുവിമുക്തമാക്കാൻ: ഗ്ലാസ് പാത്രങ്ങൾ, ടൂത്ത് ബ്രഷ് ഹെഡുകൾ, കുഞ്ഞുങ്ങളുടെ പാൽക്കുപ്പിയുടെ നിപ്പിളുകൾ, സിലിക്കൺ ഉപകരണങ്ങൾ എന്നിവ ഒരു പാത്രം വെള്ളത്തിൽ വെച്ച് കുറച്ച് മിനിറ്റ് മൈക്രോവേവ് ചെയ്താൽ എളുപ്പത്തിൽ അണുവിമുക്തമാക്കാം. എന്നാൽ, മൈക്രോവേവ് സേഫ് അല്ലാത്തതൊന്നും ഇങ്ങനെ ചെയ്യരുത് എന്നോർക്കുക.
ഡ്രൈ ഫ്രൂട്ട്സും സീഡ്സും പെട്ടെന്ന് വറുത്തെടുക്കാൻ: അടുപ്പില്ലാതെ ഡ്രൈ ഫ്രൂട്ട്സും സീഡ്സുമെല്ലാം പെട്ടെന്ന് വറുത്തെടുക്കണമെന്നുണ്ടോ? ഇവ ഒരു ഒരു മൈക്രോവേവ് സേഫ് പാത്രത്തിലാക്കി 30 സെക്കൻഡ് ഇടവേളകളിട്ട് മൈക്രോവേവ് ചെയ്യുക, ഓരോ ഇടവേളയിലും പുറത്തെടുത്ത് ഇളക്കി കൊടുക്കുക. പാകത്തിന് ആകുമ്പോള്‍ നിര്‍ത്തുക.
കപ്പലണ്ടി വറുക്കാൻ: കപ്പലണ്ടി എളുപ്പത്തിൽ വറുത്തെടുക്കണമെങ്കിൽ ഒരു മൈക്രോവേവ് സേഫ് പാത്രത്തിൽ കപ്പലണ്ടി നിരത്തി, 30 സെക്കൻഡ് ഇടവേളകളിൽ ഇളക്കിക്കൊടുത്ത് മൈക്രോവേവ് ചെയ്യുക. 2-3 മിനിറ്റിനുള്ളിൽ ഇത് പാകമാകും.
തലേന്നത്തെ മാവ് : തലേന്നത്തെ ബാക്കി മാവ് ഫ്രിഡ്ജിൽ വച്ച് കട്ടിയായി പോയോ? ഇതൊന്നു മൈക്രോവേവ് ചെയ്താൽ മതി. ഒരു മൈക്രോവേവ് സേഫ് പാത്രത്തിൽ മാവ് വെച്ച്, അല്പം എണ്ണയോ നെയ്യോ പുരട്ടി നനഞ്ഞ തുണികൊണ്ട് മൂടുക. ഇത് മൈക്രോവേവ് ചെയ്ത ശേഷം കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും വെക്കുക. അതിനുശേഷം ചപ്പാത്തിയോ പറാത്തയോ ഉണ്ടാക്കാൻ നേരിട്ട് ഉപയോഗിക്കാം.