വില്ലനായി വ്യാജ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്; കടകളില്‍ നിന്നു വാങ്ങേണ്ട, തിരിച്ചറിയാം

Mail This Article
കറികള്‍ക്ക് നല്ല രുചിയും മണവും നല്‍കാന്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എല്ലാവരും ചേര്‍ക്കാറുണ്ട്. വെളുത്തുള്ളിയും ഇഞ്ചിയുമൊക്കെ വൃത്തിയാക്കി എടുക്കാന്‍ മടിച്ച് പലരും ഇപ്പോള്‍ കടകളില്‍ നിന്നാണ് ഇത് വാങ്ങിക്കുന്നത്. അതുവഴി സമയവും ഒരുപാട് ലാഭിക്കാം. പക്ഷേ, വിപണിയില്‍ കിട്ടുന്ന മറ്റെല്ലാ ഭക്ഷണ സാധനങ്ങളെയും പോലെ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റിലും മായം കലര്‍ന്നേക്കാം.

അടുത്തിടെ ഹൈദരാബാദിലെ പട്ടേല്‍ നഗർ, ബാൻഡ്‌ലഗുഡ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അനധികൃത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നിർമ്മാണ യൂണിറ്റിൽ നിന്ന് 870 കിലോഗ്രാമിലധികം വ്യാജ പേസ്റ്റ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ജീവനുതന്നെ അപകടം ഉണ്ടാക്കുന്ന മാരക രാസവസ്തുക്കളാണ് ഇവര്‍ ഇതില്‍ ചേര്‍ത്തിരുന്നത് എന്ന് അവര്‍ കണ്ടെത്തി.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റില്‍ സാധാരണ ചേർക്കുന്ന മായങ്ങൾ
ടൈറ്റാനിയം ഡൈ ഓക്സൈഡ് (Titanium Dioxide): പേസ്റ്റിന് നല്ല വെളുത്ത നിറം നൽകാനായി ഉപയോഗിക്കുന്ന ഇത് പലപ്പോഴും പെയിന്റുകളിലും പ്ലാസ്റ്റിക്കുകളിലുമൊക്കെ ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്. ടൈറ്റാനിയം ഡൈ ഓക്സൈഡിന്‍റെ ചെറിയ കണികകൾ കോശങ്ങളിലേക്ക് പ്രവേശിക്കുകയും ഡി.എൻ.എ.ക്ക് തകരാറുണ്ടാക്കുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ ഇത് കുടലിലെ മൈക്രോബയോമിനെ മാറ്റുകയും കുടലിന്‍റെ ആവരണത്തിന് കേടുവരുത്തുകയും ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

മോണോ സിട്രേറ്റ് (Mono Citrate)/സിട്രിക് ആസിഡ് (Citric Acid): സുഗന്ധം വർദ്ധിപ്പിക്കാനും കേടുകൂടാതെ സൂക്ഷിക്കാനും ഇത് ചേർക്കാറുണ്ട്. ഇത് ദഹന പ്രശ്നങ്ങൾക്ക് കാരണമാവാം.
സിന്തറ്റിക് നിറങ്ങൾ (Synthetic Food Colors): പേസ്റ്റിന് ആകർഷകമായ നിറം നൽകാനായി കൃത്രിമനിറങ്ങള്‍ ഉപയോഗിക്കുന്നു. ഇവ ആരോഗ്യത്തിന് ഹാനികരമാണ്.
സാൻഥാൻ ഗം (Xanthan Gum): പേസ്റ്റിന് കട്ടി കൂട്ടാനായി ഇത് ചേർക്കാറുണ്ട്.
ഗുണനിലവാരം കുറഞ്ഞ ചേരുവകൾ:
കുറഞ്ഞ ഗുണനിലവാരമുള്ള ഇഞ്ചിയും വെളുത്തുള്ളിയും: കേടായതോ പഴകിയതോ ആയ ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കാൻ സാധ്യതയുണ്ട്. അതേപോലെ, കട്ടി കൂട്ടാനും അളവ് വർദ്ധിപ്പിക്കാനും കപ്പയുടെ പൊടി, ചോക്ക് പൊടി, പരിപ്പുകളുടെ പൊടി എന്നിവയും, കേടുകൂടാതെ സൂക്ഷിക്കാനായി അമിതമായ അളവിൽ ഉപ്പ്, പേസ്റ്റിന്‍റെ സ്ഥിരത നിലനിർത്താനും കേടുകൂടാതെ സൂക്ഷിക്കാനുമായി എണ്ണ എന്നിവയും ചേർക്കാറുണ്ട്.
എങ്ങനെ തിരിച്ചറിയാം
കടകളിൽ നിന്ന് വാങ്ങുന്ന ഇഞ്ചി-വെളുത്തുള്ളി പേസ്റ്റിൽ മായമുണ്ടോ എന്ന് വീട്ടിൽ വെച്ച് പൂർണമായി കണ്ടെത്താൻ പ്രയാസമാണ്. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ തിരിച്ചറിയാൻ സാധിക്കും:
നിറം:
നല്ല ഇഞ്ചി-വെളുത്തുള്ളി പേസ്റ്റിന് ഇളം തവിട്ടുനിറമോ ഇളം മഞ്ഞ കലർന്ന നിറമോ ആയിരിക്കും.
വളരെ വെളുത്ത നിറത്തിലുള്ളതോ അസാധാരണമായ തിളക്കമുള്ളതോ ആയ പേസ്റ്റുകൾ ഒഴിവാക്കുക. ടൈറ്റാനിയം ഡൈ ഓക്സൈഡ് പോലുള്ളവ ചേർത്താൽ ഈ നിറം വരാം.
കറുപ്പ്, പച്ച, അല്ലെങ്കിൽ അസാധാരണമായ നിറഭേദങ്ങളുണ്ടെങ്കിൽ അത് കേടായതിന്‍റെ സൂചനയാവാം.
മണം:
ശുദ്ധമായ പേസ്റ്റിന് ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും രൂക്ഷമായ മണമുണ്ടാകും. രാസവസ്തുക്കളുടെ മണമോ, പുളിച്ച മണമോ, മറ്റ് അസാധാരണമായ മണങ്ങളോ ഉണ്ടെങ്കിൽ അത് മായം ചേർത്തതിന്‍റെയോ കേടായതിന്‍റെയോ സൂചനയാണ്.
ഘടന:
പേസ്റ്റ് മിനുസവും ഒരേപോലെയും ആയിരിക്കണം. കട്ടിയുള്ളതോ, വിട്ടുവിട്ടു കിടക്കുന്നതോ, വഴുവഴുപ്പുള്ളതോ ആയത് മായം കലര്‍ന്നതാവാം.
സുരക്ഷിതത്വം ഉറപ്പാക്കാൻ
ഇത്തരം മായം ചേർത്ത ഉൽപ്പന്നങ്ങൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ, വീട്ടിൽ തന്നെ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് തയാറാക്കുന്നതാണ് സുരക്ഷിതമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇത് ഫ്രിജിൽ അല്ലെങ്കിൽ ഫ്രീസറിൽ സൂക്ഷിച്ചാൽ ഒരുപാട് നാൾ കേടാകാതെ ഉപയോഗിക്കാം. അതല്ലെങ്കില്‍ വിശ്വസനീയമായ ബ്രാൻഡുകളിൽ നിന്ന് മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുക.
കടയില്‍ നിന്നും വാങ്ങുമ്പോൾ ലേബലിൽ ചേരുവകൾ ശ്രദ്ധിച്ച് വായിക്കുക. ഇഞ്ചിയും വെളുത്തുള്ളിയും പ്രധാന ചേരുവകളായിരിക്കണം. അനാവശ്യമായ പ്രിസർവേറ്റീവുകളോ, സിന്തറ്റിക് നിറങ്ങളോ, മറ്റ് രാസവസ്തുക്കളോ ചേർത്തവ ഒഴിവാക്കാൻ ശ്രമിക്കുക.
FSSAI ലൈസൻസ്, നിർമ്മാതാവിന്‍റെ വിവരങ്ങൾ, ബാച്ച് നമ്പർ തുടങ്ങിയവ ലേബലിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ശ്രദ്ധിക്കുക.
പേസ്റ്റ് വീട്ടില്‍ ഉണ്ടാക്കാം
വീട്ടിൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഉണ്ടാക്കാൻ, 200 ഗ്രാം ഇഞ്ചിയും 300 ഗ്രാം വെളുത്തുള്ളിയും നന്നായി കഴുകി തൊലികളഞ്ഞ് ഈർപ്പമില്ലാതെ ഉണക്കുക. ശേഷം, ഇവ രണ്ടും ഒരു മിക്സി ജാറിലിട്ട്, 2-3 ടേബിൾസ്പൂൺ സൺഫ്ലവർ ഓയില്‍, ഉപ്പ് എന്നിവ ചേർത്ത് (ആവശ്യമെങ്കിൽ 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 1-2 ടേബിൾസ്പൂൺ വിനാഗിരിയും ചേർക്കാം), വെള്ളം ചേർക്കാതെ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ പേസ്റ്റ് വൃത്തിയുള്ള, ഈർപ്പമില്ലാത്ത ഒരു ഗ്ലാസ് കുപ്പിയിലോ എയർടൈറ്റ് കണ്ടെയ്നറിലോ ആക്കി ഫ്രിജിൽ ഏകദേശം ഒരു മാസം വരെയും, ഫ്രീസറിൽ ആറുമാസം മുതൽ ഒരു വർഷം വരെയും സൂക്ഷിക്കാം.