കരിമീൻ പെട്ടെന്ന് വെട്ടി വൃത്തിയാക്കാം; ഈ ട്രിക്ക് അറിഞ്ഞുവച്ചോളൂ

Mail This Article
വാഴയിലയിൽ പൊള്ളിച്ച കരിമീനിനോടും പൊരിച്ചെടുത്തതിനോടുമൊക്കെ എല്ലാവർക്കും പ്രിയമാണ്. വിദേശികളുടെ മുമ്പില്‍ കേരളത്തിന്റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന കരിമീനിന് ആരാധകരേറെയുണ്ട്. നല്ല കരിമീൻ രുചിക്കാനായി മിക്കവരും ഷാപ്പിലേക്കും പോകാറുണ്ട്. ഹോട്ടലിലെ അതേ രുചിയിൽ കരിമീന്‍ എങ്ങനെയൊക്കെ വയ്ക്കാൻ പഠിച്ചാലും ശരിയാകില്ലെന്നാണ് മിക്ക വീട്ടമ്മമാരും പറയുന്നത്. അടുത്ത പ്രശ്നം കരിമീൻ വെട്ടിയെടുക്കാൻ ബുദ്ധിമുട്ട് എന്നുള്ളതാണ്. എത്ര ഉപ്പിട്ട് കല്ലിൽ ഉരച്ച് കഴുകിയാലും കരിമീനിന് പുറത്തെ ആ കറുപ്പ് പോകാൻ പ്രയാസമാണ്. ഇനി എളുപ്പത്തിൽ തന്നെ കരിമീൻ വൃത്തിയാക്കി എടുക്കാം. അതും തൂവെള്ള നിറത്തിൽ. ഈ സൂത്രവിദ്യ പ്രയോഗിക്കാം.
ആദ്യം കരിമീൻ ചട്ടിയിൽ വെള്ളത്തിലിടാം. കത്രികയോ കത്തിയോ ഉപയോഗിച്ച് തലയും വശങ്ങളിലെ മുള്ളും വാലും കളയാം. ശേഷം കഴുകിയെടുക്കാം. ചട്ടിയിൽ വെള്ളം എടുത്ത് വീണ്ടും വെട്ടിയ കരിമീന്‍ എടുത്തിടും. അതിലേക്ക് ചെറുനാരങ്ങാ വലുപ്പത്തിൽ പിഴുപുളി നന്നായി ഞെരടി വെള്ളത്തിൽ യോജിപ്പിക്കാം. 20 മിനിറ്റ് നേരം വയ്ക്കാം ശേഷം കത്തി കൊണ്ട് ചെറുതായി ഉരച്ചാൽ പാട പോലെ കറുത്ത ഭാഗം ഇളകിവരും.
ശക്തിയായി ഉരക്കേണ്ട. ശേഷം വെള്ളത്തിൽ നന്നായി കഴുകിയെടുക്കാം. കല്ലിൽ ഉരച്ചെടുക്കാതെ തന്നെ വളരെ സിംപിളായി തന്നെ കരിമീന്‍ തൂവെള്ള നിറത്തിൽ വൃത്തിയാക്കി എടുക്കാം. ഇനി കരിമീൻ വാങ്ങുമ്പോൾ ഇങ്ങനെ വൃത്തിയാക്കാം. കുറഞ്ഞ സമയം കൊണ്ട് ഈസിയായി വെട്ടി കഴുകി എടുക്കാം.