നട്ട്പുട്ട് കഴിച്ചിട്ടുണ്ടോ? സൂപ്പർഹിറ്റാണ്; ദുരിതങ്ങൾ മറികടന്ന് ബിസിനസ് വിജയം

Mail This Article
പാലക്കാട് ∙ ദുരിതങ്ങളായിരുന്നു അട്ടപ്പാടി സ്വദേശി എസ്.ഷീജയുടെ പാഠപുസ്തകം. ജീവിതത്തിൽ തനിച്ചായ അവസരങ്ങൾ ഉണ്ടായപ്പോഴും മൂന്നു മക്കളെയും ചേർത്തുപിടിച്ച് അവർ ദുരിതങ്ങളോടു ‘ബൈ’ പറഞ്ഞു. ഒടുവിൽ നേടിയതു ബിസിനസിൽ മികച്ച വിജയം. പണ്ടുകാലത്തെ ഭക്ഷ്യവിഭവമായ ‘നട്ട്പുട്ടിനെ’ പുതുതലമുറയ്ക്കു പരിചയപ്പെടുത്തിയാണു ഷീജ ബിസിനസിൽ ചുവടുറപ്പിച്ചത്. ഇപ്പോൾ തലമുറകൾ വ്യത്യാസമില്ലാതെ ഷീജയുടെ കൈപ്പുണ്യത്തിന്റെ രുചി ആസ്വദിക്കുന്നു.
കശുവണ്ടിപ്പരിപ്പു ചുട്ടുപൊടിച്ച് അതിൽ വറുത്ത അരിപ്പൊടിയും തേങ്ങയും ശർക്കരപ്പാനിയും ചേർത്തുണ്ടാക്കുന്ന നട്ട്പുട്ട് ‘കാവോ’ (cawo) എന്ന ഓൺലൈൻ ഷോപ്പിലൂടെയാണു വിൽപന. പ്ലസ് വൺ വിദ്യാർഥിയായ മൂത്ത മകൻ ആദിലും നാലാം ക്ലാസ് വിദ്യാർഥി അമീന മറിയവുമാണു സഹായികൾ. ഇളയമകൾ മൂന്നരവയസ്സുകാരി അർഷിത മറിയം. സ്ത്രീ സംരംഭകർക്കായുള്ള ക്യൂൻസ് ബിസിനസ് ഗ്ലോബൽ എന്ന പ്ലാറ്റ് ഫോമിലൂടെയാണു വിൽപന നടത്തുന്നത്. രണ്ടായിരത്തി അഞ്ഞൂറോളം സ്ത്രീസംരംഭകർ ഈ പ്ലാറ്റ്ഫോം വഴി തങ്ങളുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നുണ്ട്.
കുടംപുളി, വാളൻപുളി, കുരുമുളക്, ഡ്രൈ ഫ്രൂട്സ്, തേൻ നെല്ലിക്ക എന്നിവയും ഓൺലൈനിലൂടെ വിൽക്കുന്നുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും അയയ്ക്കുന്നു. പലതും ഷീജയുടെ വീട്ടുമുറ്റത്തു വളർത്തിയെടുത്തവയാണ്. ജൈവകർഷകരിൽനിന്നു നേരിട്ടും ശേഖരിക്കുന്നു. നമ്മുടെ നാടൻ ഉൽപന്നങ്ങൾക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് നല്ല ഓർഡർ ലഭിക്കുന്നുണ്ടെന്നു ഷീജ പറയുന്നു. എടത്തറ അഞ്ചാംമൈലിലാണ് ഇപ്പോൾ താമസം.
‘ജീവിതത്തിൽ ദുരിതങ്ങളുണ്ടായാലും തനിച്ചായാലും പതറരുത്, മുന്നേറാനുള്ള അവസരങ്ങൾ മുന്നിൽ തന്നെയുണ്ടാകും. അതു കണ്ടെത്തി, പ്രയോജനപ്പെടുത്തുക. സ്ത്രീ ആണെന്നും അടങ്ങിയിരിക്കണമെന്നും പറഞ്ഞു നിരുത്സാഹപ്പെടുത്തുന്ന സമൂഹം ചുറ്റുമുണ്ടാകാം. അവരെ ശ്രദ്ധിക്കാതെ സ്വപ്നത്തിനൊപ്പം നീങ്ങാം, ജയം ഉറപ്പ്.’ ഇതാണു ഷീജയുടെ വാക്കുകൾ.