കോഫി മെഷീനില്‍ നിന്ന് ഇടയ്ക്കിടെ കാപ്പി കുടിക്കുന്നവരാണോ? ഇതൊന്നു ശ്രദ്ധിക്കൂ!

Mail This Article
മിക്ക ഓഫീസിലും കോഫി മെഷീന്‍ കാണും. ജോലിത്തിരക്കിനിടയിൽ ചെറിയൊരാശ്വാസത്തിനും സഹപ്രവർത്തകരുമായി സംസാരിക്കാനുമൊക്കെ പലപ്പോഴും എല്ലാവരും ഓടിച്ചെല്ലുന്നത് ആ കോഫി മെഷീനടുത്തേക്കായിരിക്കും. ഒരു ചൂടു കാപ്പി കുടിച്ചാല്‍ വീണ്ടും ഉന്മേഷത്തോടെ ജോലിയെടുക്കാം. ബോറടിക്കുമ്പോൾ എഴുന്നേറ്റ് ഒന്നു നടക്കാനും, ഫ്രഷാകാനും ഇതിലും നല്ലൊരു "കോഫി ബ്രേക്ക്" വേറെയില്ല.
ഇങ്ങനെ ഇടയ്ക്കിടെ എഴുന്നേറ്റു പോയി കോഫി മെഷീനില്‍ നിന്നും കോഫി കുടിക്കുന്നത് പതിവ് ശീലമാണെങ്കില്‍ നിര്‍ത്താന്‍ സമയമായി! മെഷീൻ കാപ്പികൾ പതിവായി കുടിക്കുന്നവര്‍ ഹൃദയത്തിനു കൊടുക്കുന്നത് 'എട്ടിന്‍റെ പണി'യാണെന്ന് പുതിയ പഠനം പറയുന്നു.

സ്വീഡനിലെ ഉപ്സാല യൂണിവേഴ്സിറ്റിയിലെയും ചാൽമേഴ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെയും ഗവേഷകരാണ് കാപ്പിയും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ പഠനം നടത്തിയത്.
കാപ്പി ഉണ്ടാക്കുന്ന രീതിയും കൊളസ്ട്രോളും
കാപ്പി എങ്ങനെ തയ്യാറാക്കുന്നു എന്നതിനെ ആശ്രയിച്ച് അതിന്‍റെ ആരോഗ്യപരമായ ഗുണങ്ങൾ വ്യത്യാസപ്പെടാം. 'ന്യൂട്രീഷൻ, മെറ്റബോളിസം ആൻഡ് കാർഡിയോവാസ്കുലർ ഡിസീസസ്' എന്ന ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്, കാപ്പി ഉണ്ടാക്കുന്ന രീതികളും കൊളസ്ട്രോളുമായുള്ള ബന്ധവുമാണ് പ്രധാനമായും പരിശോധിച്ചത്.
പഠനത്തിനായി അവര്‍ പതിനാല് തരം കോഫി മെഷീനുകൾ ഉപയോഗിച്ചു. വീടുകളിൽ സാധാരണയായി കാപ്പി തയ്യാറാക്കുന്ന രീതികളും പഠനവിധേയമാക്കി. ലോഹ ഫിൽട്ടറുകൾ ഉപയോഗിക്കുന്ന മെഷീനുകൾ, ഫിൽട്ടറില്ലാതെ ചൂടുവെള്ളവും കാപ്പിയും നേരിട്ട് ചേർത്തുള്ള രീതികൾ (ഉദാഹരണത്തിന് ഫ്രഞ്ച് പ്രസ്), ഇൻസ്റ്റന്‍റ് കാപ്പി മെഷീനുകൾ എന്നിവയെല്ലാം പഠനത്തിനായി ഉപയോഗിച്ചു.

മെഷീൻ കാപ്പിയും ഹൃദയാരോഗ്യവും
മെഷീനിൽ നിന്ന് തയാറാക്കുന്ന കാപ്പി പതിവായി കുടിക്കുന്നത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചീത്ത കൊളസ്ട്രോളിന്‍റെ (LDL കൊളസ്ട്രോൾ) അളവ് വർദ്ധിപ്പിക്കുകയും ചെയ്യും എന്നതാണ് ഈ പഠനത്തിലെ പ്രധാന കണ്ടെത്തലുകളിലൊന്ന്. ആഴ്ചയിൽ മൂന്ന് കപ്പ് മെഷീൻ കാപ്പി കുടിക്കുന്നവരിൽ പോലും കാലക്രമേണ ചീത്ത കൊളസ്ട്രോൾ കൂടുന്നതായി കണ്ടെത്തി. ദീർഘകാലയളവിൽ ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ഫിൽട്ടർ ചെയ്യാത്ത കാപ്പിയിൽ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കൾ, ഉദാഹരണത്തിന് കഫെസ്റ്റോൾ(cafestol), കഹ്വെവിയോൾ(kahweol) എന്നിവയാണ് കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. ഈ രാസവസ്തുക്കൾ കരളിൽ കൊളസ്ട്രോൾ ഉത്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തിൽ നിന്ന് കൊളസ്ട്രോൾ നീക്കം ചെയ്യുന്നത് കുറയ്ക്കുകയും ചെയ്യും.
മെഷീനിൽ ഉണ്ടാക്കുന്ന കാപ്പിയിൽ ഒരു ലിറ്ററിൽ 176 മില്ലിഗ്രാം കഫെസ്റ്റോൾ അടങ്ങിയിട്ടുണ്ടെന്ന് അവർ കണ്ടെത്തി, ഇത് പേപ്പർ ഫിൽട്ടർ ചെയ്ത കാപ്പിയിലെ 12 മില്ലിഗ്രാം/ലിറ്ററിനേക്കാൾ ഏകദേശം 15 മടങ്ങ് കൂടുതലാണ്. ഇതിനർത്ഥം, ദിവസവും മൂന്നോ അതിലധികമോ കപ്പ് കുടിക്കുന്ന ആളുകൾ അറിയാതെ തന്നെ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയാണ്.
തമ്മില്‍ ഭേദം ഫിൽട്ടർ കാപ്പി
കാപ്പി കുടി അത്രയ്ക്ക് മോശം ശീലമല്ലെന്നും, എന്നാൽ അത് എങ്ങനെ തയ്യാറാക്കുന്നു എന്നതിലാണ് കാര്യമെന്നും ഗവേഷകർ എടുത്തു പറയുന്നു. പേപ്പർ ഫിൽട്ടറുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഫിൽട്ടർ കാപ്പി (drip coffee) താരതമ്യേന സുരക്ഷിതമാണ്. പേപ്പർ ഫിൽട്ടറുകൾ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന രാസവസ്തുക്കളെ അരിച്ചെടുക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ, ഫിൽട്ടർ ചെയ്ത കാപ്പി കുടിക്കുന്നത് കൊളസ്ട്രോൾ കൂടാനുള്ള സാധ്യത കുറയ്ക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ദിവസവും അമിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.
- ഫിൽട്ടർ കാപ്പിക്ക് മുൻഗണന നൽകുക. ഫ്രഞ്ച് പ്രസ്, എസ്പ്രസ്സോ, ടർക്കിഷ് കാപ്പി തുടങ്ങിയ ഫിൽട്ടർ ചെയ്യാത്ത രീതികൾ പതിവായി ഉപയോഗിക്കുന്നത് നിയന്ത്രിക്കുക.
- ഹൃദയസംബന്ധമായ അസുഖങ്ങളോ ഉയർന്ന കൊളസ്ട്രോളോ ഉണ്ടെങ്കിൽ, കാപ്പികുടിയെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുന്നത് നല്ലതാണ്.