ഈ ട്രിക്ക് കൊള്ളാലോ! മുരിങ്ങയില ഇനി എളുപ്പത്തിൽ അടർത്താം

Mail This Article
മുരിങ്ങയില തോരനായും മുട്ടയുടെ കൂടെ ചേർത്തും പരിപ്പുമായി കറിവച്ചുമൊക്കെ പാകം ചെയ്യാറുണ്ട്. ശരീരത്തിന് ഏറെ ഗുണമുള്ളതാണ് മുരിങ്ങയിലയും മുരിങ്ങക്കായയുമൊക്കെ. പല തരം ചീരകൾ ഉണ്ടെങ്കിലും ഒരു മിറാക്കിൾ ലീഫ് ആണ് മുരിങ്ങയില. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും മുരിങ്ങയില നല്ലതാണ്.

മുരിങ്ങയുടെ ഇല, പൂവ്, കായ് തുടങ്ങി എല്ലാം തന്നെ പാകം ചെയ്യാറുണ്ടെങ്കിലും മുരിങ്ങയില അടർത്തി എടുക്കുക ടാസ്കാണ്. എന്നാൽ ഇനി ഒരു ട്രിക്ക് അറിഞ്ഞുവച്ചോളൂ. പെട്ടെന്ന് മുരിങ്ങയില അടർത്താം. മുരിങ്ങയില തണ്ടോടുകൂടി തലേന്ന് എടുത്തുവയ്ക്കാം. പിറ്റേന്ന് രാവിലെ ഇലകൾ എല്ലാം തന്നെ കൊഴിഞ്ഞിരിക്കുന്നതുകാണാം. തണ്ട് നന്നായി ഇളക്കിയാൽ ഇലകൾ ഊർന്ന് വീഴും. അതിൽ വലുപ്പമുള്ള തണ്ട് എടുത്ത് മാറ്റിയതിനു ശേഷം ഇലകൾ കറിവയ്ക്കാനായി എടുക്കാവുന്നതാണ്. ഇനി ഈ ട്രിക്ക് പരീക്ഷിച്ചോളൂ.
നാടൻ രുചിയിൽ മുരിങ്ങയില മുട്ട തോരൻ
ഊണിനു കൂട്ടാൻ പോഷക ഗുണങ്ങൾ ധാരാളമടങ്ങിയ മുരിങ്ങയില മുട്ട തോരൻ.
ചേരുവകൾ
മുട്ട - 3 എണ്ണം
മുരിങ്ങയില - 1 കപ്പ്
സവാള - 1 എണ്ണം
തേങ്ങ ചിരവിയത് - 1 കപ്പ്
വറ്റൽമുളക് - 2 എണ്ണം
ഉപ്പ് - പാകത്തിന്
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
കടുക് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
മുട്ടയും മുരിങ്ങയിലയും തേങ്ങയും എല്ലാം കൂടെ യോജിപ്പിച്ച ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുക്കു പൊട്ടിച്ച്, നന്നായി ഇളക്കി എടുക്കാം. നല്ല രുചിയുള്ള മുരിങ്ങയില മുട്ട തോരൻ തയാർ.