ഇതാണ് ജയസൂര്യ പറഞ്ഞ ആ ചായക്കട; പഴംപൊരിയും ബീഫും ഇവിടെ സൂപ്പർഹിറ്റ്

Mail This Article
സിൻസ് 1947, മുന്നിൽ കായൽ, പ്രകൃതിയിലേക്ക് കണ്ണുംനട്ട് രുചിയോടെ കഴിക്കാൻ ഭക്ഷണം. ഒരു പഴംപൊരിയും അല്പം ബീഫും കൂടെ ഒരു ചായയും. ആഹാ...കഴിച്ചിട്ടുള്ളവർ വീണ്ടും കഴിക്കാനാഗ്രഹിക്കുന്ന സിംപിൾ ഭക്ഷണം. മിക്ക സ്ഥലങ്ങളിലും ഇത് കിട്ടുമെങ്കിലും ഓരോ സ്ഥലത്തും ഓരോ രുചിയാണ്. എന്നാൽ ആലപ്പുഴയിൽ കുട്ടനാട്ടിൽ ഒരു ചായക്കടയുണ്ട് . ഈ അടുത്തകാലത്തൊന്നും വന്ന ചായക്കടയല്ല 70 വർഷത്തിന് മുകളിലായി. അതാണ് രാജ ഇക്കായുടെ ചായക്കട അല്ലെങ്കിൽ രാജാ ടീസ്റ്റാൾ.
ഈ ചായക്കടയിലേക്ക് ചായ കുടിക്കാനായി എത്തിയതാകട്ടെ നടൻ ജയസൂര്യയും ഭാര്യയും. കുട്ടനാട്ടിലെയും ചായക്കടയിലെയും ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലും പോസ്റ്റ് ചെയ്തു. ഇതിന് താഴെ രാജ ഇക്കായുടെ ചായക്കടയെക്കുറിച്ചു നിരവധി കമെന്റുകളും എത്തി.

‘ഇങ്ങനെയൊരു ചായക്കടയുടെ കാര്യം അറിഞ്ഞിട്ട് വന്നതല്ല. ഒരുപാട് നാളായി ഇത്തരത്തിൽ ഒരു ചായക്കടയിൽ വരണമെന്ന് ആഗ്രഹിക്കുന്നു. കുട്ടനാട്ടിൽ നിന്നും വള്ളത്തിൽ യാത്ര ചെയ്യുമ്പോൾ കൂടെയുണ്ടായിരുന്ന പയ്യനാണ് രാജാ ടീസ്റ്റാളിനെ പറ്റി പറഞ്ഞത്. അങ്ങനെയാണ് അവിടെ എത്തിയത്’ എന്നും ജയസൂര്യ പറയുന്നു. വർഷങ്ങളായി രാജ ഇക്കായുടെ ടീസ്റ്റാൾ അവിടെയുണ്ട്. എന്നാൽ എല്ലാവർക്കുമൊന്നും ഇതിനെ പറ്റി അറിയില്ല. ഇതുവഴി പോയ സഞ്ചാരികളും ചിലപ്പോൾ ഈ കട മിസ്സ് ചെയ്തിട്ടുണ്ടാകാം. ഇവിടെ നിന്നും കഴിച്ച ഭക്ഷണത്തിന്റെ സ്വാദും വേറെത്തന്നെയെന്നാണ് ജയസൂര്യ പറയുന്നത്. അതുവഴി വള്ളത്തിലൂടെ പോകുമ്പോൾ ആർക്കും അവിടെയൊന്ന് കയറാൻ തോന്നും. ആ സ്ഥലമേ സ്പെഷലാണ്.
ആലപ്പുഴ – ചങ്ങനാശ്ശേരി പള്ളാത്തുരുത്തി റൂട്ടിലാണ് ചായക്കട വരുന്നത്. കൃത്യമായി പറഞ്ഞാൽ ആലപ്പുഴ ജില്ലയിലെ ചുങ്കം പള്ളാത്തുരുത്തിയിലാണ് ഈ ചായക്കട. ഇതുവഴി പോകുന്നവർ എന്തായാലും ഇവിടെ നിന്ന് ഒരു ചായ എങ്കിലും ട്രൈ ചെയ്യണം.
പഴംപൊരിയും ബീഫും മസ്റ്റ് ട്രൈ ഐറ്റമെന്ന് പറയുകയാണ് ജയസൂര്യ. ഇതിന്റെ കൂടെ ഒരു ചായയും ഉണ്ടെങ്കിൽ ഉത്തമം. പൊറോട്ടയും ബീഫുമാണ് മറ്റൊന്ന്. രാജാ എന്ന ആളാണ് ഇതിന്റെ എല്ലാമെല്ലാം. ജയസൂര്യയുടെ വാക്കുകളിലേക്ക്
‘എനിക്ക് പുട്ടാണ് ഇഷ്ടം. അവിടെ പോയപ്പോൾ ചില്ലുകൂട്ടിനകത്ത് പുട്ട് ഉണ്ടായിരുന്നു. എനിക്ക് സന്തോഷമായി. ഞാൻ പുട്ടിനു ചോദിക്കുകയും ചെയ്തു. അപ്പോൾ എന്നോട് അവിടെ നിന്നും അത് കഴിക്കേണ്ട എന്നു പറഞ്ഞു. എന്താണെന്നു ചോദിച്ചപ്പോൾ അത് ഇന്നലെ ഉണ്ടാക്കിയതാണ് കഴിക്കേണ്ട എന്നു പറഞ്ഞു. ശരിക്കും ഞാൻ കഴിച്ചാൽ അവർക്ക് എന്താണ് പ്രശ്നം. അവർക്ക് പറയാതിരിക്കാമായിരുന്നു. പക്ഷേ അവർ അങ്ങനെ ചെയ്തില്ല. അത്രയും സിൻസിയർ ആയ ആളുകളാണ് അവരൊക്കെ’.
ഇതിനു മുമ്പും ഈ സ്ഥലത്തെ പറ്റി പലരും വലോഗുകളൊക്കെ ചെയ്തിട്ടുണ്ട്. അങ്ങനെ പലരും രാജ ഇക്കാടെ ചായക്കടയെ പറ്റി അറിഞ്ഞിട്ടുണ്ടാകും. ഇപ്പോൾ ജയസൂര്യയും സമൂഹമാധ്യമങ്ങളിൽ അവിടത്തെ വിശേഷങ്ങൾ പങ്കുവച്ചിട്ടുണ്ട്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് (https://www.instagram.com/p/DLNeKIiSgl8/?img_index=10) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.