അന്ന് 'സൈസ് സീറോ' ആകാനും ഇത് കഴിക്കുമായിരുന്നു; കരീന കപൂർ പറയുന്നു

Mail This Article
ഏകദേശം 25 കൊല്ലത്തോളമായി ബോളിവുഡിലെ സ്റ്റൈല്‍ ഐക്കണ്‍സില്‍ ഒരാളാണ് കരീന കപൂര്‍ ഖാന്‍. സിനിമകള്‍ക്ക് വേണ്ടി സൈസ് സീറോ ബോഡി ഉണ്ടാക്കിയെടുക്കാന്‍ കരീന പട്ടിണി കിടന്നിരുന്നോ എന്ന് പലര്‍ക്കും സംശയമാണ്. പക്ഷേ, ഹൃദയം കൊണ്ട് ഒരു ഭക്ഷണപ്രിയയാണ് കരീന കപൂർ, രുചികരമായ എല്ലാ ഭക്ഷണങ്ങളോടും ഉള്ള അവരുടെ ഇഷ്ടം ആരാധകർക്ക് നന്നായി അറിയാം. അടുത്തിടെ 'ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യുമായുള്ള ഒരു അഭിമുഖത്തിൽ, തന്‍റെ ഇഷ്ടഭക്ഷണത്തെക്കുറിച്ച് കരീന കപൂര്‍ നടന്‍ വിക്കി കൗശാലിനോട് സംസാരിച്ചു.
കരീനയും വിക്കിയും തങ്ങളുടെ അഭിനയ യാത്രയെക്കുറിച്ച് രസകരമായ പല അനുഭവങ്ങളും പങ്കുവച്ചു. വിക്കിയും ഈ മേഖലയില്‍ ഏകദേശം 10 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചില വേഷങ്ങൾക്കായി കർശനമായ ഭക്ഷണക്രമം പാലിക്കുന്നതിനെക്കുറിച്ചും അവർ സംസാരിച്ചു. ഡയറ്റ് ആണെങ്കില്‍ പോലും ബിരിയാണി തനിക്ക് ഒഴിവാക്കാന്‍ പറ്റില്ലെന്ന് വിക്കി പറഞ്ഞപ്പോൾ, കരീനക്ക് വെണ്ണയായിരുന്നു അത്രമേല്‍ പ്രിയപ്പെട്ട ഭക്ഷണം.
"നമ്മൾ പഞ്ചാബികള്‍ക്ക് വെണ്ണ അത്രയധികം പ്രശ്നമില്ലെന്ന് ഞാൻ കരുതുന്നു," വിക്കി പറഞ്ഞു, അതിന് കരീന മറുപടി നൽകി, "അല്ലേ? ഞാൻ ഇത് പറഞ്ഞു പറഞ്ഞു മടുത്തു. എനിക്ക് വെണ്ണ ഇല്ലാതെ പറ്റില്ല. 2-3 ദിവസം കൂടുമ്പോൾ വെണ്ണ ചേർത്ത ആലു പറാത്ത വേണം എനിക്ക്. അത് നിർബന്ധമാണ്."
മുന്‍പ്, ബോളിവുഡ് സിനിമ 'തഷാനി'ൽ ആ 'സൈസ് സീറോ' ഫിഗർ ലഭിക്കുന്നതിനായി, കരീന ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകറുടെ മേൽനോട്ടത്തിൽ പ്രത്യേക ഡയറ്റ് എടുത്തിരുന്നു.
അത്തരം ഒരു സിനിമയ്ക്ക് വേണ്ടി വീണ്ടും 'സൈസ് സീറോ' ആവേണ്ടി വന്നാൽ എന്തുചെയ്യുമെന്ന് വിക്കി കരീനയോട് ചോദിച്ചു. അതിന് അവർ മറുപടി നൽകി, "'തഷാൻ' സമയത്തും ഞാൻ രാവിലെ പറാത്തയും വെണ്ണയും കഴിച്ചിരുന്നു. ഞാൻ ഒരിക്കലും ഓറഞ്ച് ജൂസ് കഴിച്ചു കൊണ്ടുള്ള സൈസ് സീറോ ഡയറ്റ് ഒന്നും ചെയ്തിട്ടില്ല. പകൽ സമയത്ത് കഴിക്കുന്നത് കുറയ്ക്കാം, പക്ഷേ, രാവിലെ പ്രാതല്‍ നന്നായി കഴിക്കും"
മുൻപേയും തനിക്ക് ഇഷ്ടമുള്ള പല ഭക്ഷണങ്ങളെക്കുറിച്ചും കരീന സംസാരിച്ചിട്ടുണ്ട്. സിന്ധി കധി, കോക്കി, പിസ്സ, ചൈനീസ് ഭക്ഷണം എന്നിവയെല്ലാം തനിക്ക് ഇഷ്ടമാണെന്ന് കരീന പറഞ്ഞിട്ടുണ്ട്. കൂടാതെ, ഖിച്ഡി തന്‍റെ പ്രിയപ്പെട്ട 'കംഫർട്ട് ഫുഡ്' ആണെന്നും, ആഴ്ചയിൽ അഞ്ച് തവണ വരെ അത് കഴിക്കാൻ തനിക്ക് മടിയില്ലെന്നും കരീന വെളിപ്പെടുത്തിയിട്ടുണ്ട്. വടക്കേ ഇന്ത്യൻ വിഭവമായ കധി ചാവലും കരീനയ്ക്ക് പ്രിയപ്പെട്ടതാണ്. അതുപോലെ, കപൂർ കുടുംബം ഒന്നിച്ചു കൂടുമ്പോൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പ്രധാന വിഭവമാണ് പായ.
ഈയിടെ ഒരു ഇംഗ്ലിഷ് ടിവിയുടെ അഭിമുഖത്തിൽ പങ്കെടുത്ത കരീന കപൂർ ഖാൻ, ഭക്ഷണം അടക്കമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ഡൽഹിയിലെ തന്‍റെ പ്രിയപ്പെട്ട റസ്റ്ററന്‍റ് ഏതാണെന്ന് ചോദിച്ചപ്പോൾ, ഐടിസി മൗര്യ ഹോട്ടലിലെ ബുഖാറയാണ് അവർ തിരഞ്ഞെടുത്തത്. ഡൽഹിയിലെ തെരുവ് ഭക്ഷണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, "പറാത്തേ വാലി ഗലി" ആണ് തന്‍റെ പ്രിയപ്പെട്ട ഇടം എന്നാണ് കരീന പറഞ്ഞത്. വർഷങ്ങളായി ചാന്ദ്‌നി ചൗക്കിൽ പോയിട്ടില്ലെങ്കിലും, ഡൽഹിയിലെ ഭക്ഷണം എപ്പോഴും "അതിഗംഭീരം" ആണെന്ന് അവർ കൂട്ടിച്ചേർത്തു. "എനിക്ക് ഭക്ഷണത്തോട് ഭ്രാന്താണെന്ന് ലോകം മുഴുവൻ അറിയാം, അതിൽ എനിക്ക് യാതൊരു പശ്ചാത്താപവുമില്ല," എന്ന് പറഞ്ഞ കരീന, ഡൽഹിയിലെ തന്‍റെ ഇഷ്ടവിഭവങ്ങളായ ഛോലെ ഭട്ടൂരെ, ആലു പറാത്ത എന്നിവയെക്കുറിച്ചും വാചാലയായി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് https://www.instagram.com/kareenakapoorkhan/?hl=en നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.