ADVERTISEMENT

ജിമ്മില്‍ പോയി വന്നാല്‍ ആയാലും രാവിലെ വെറും വയറ്റില്‍ ആണെങ്കിലും ഇടനേരങ്ങളിലുമെല്ലാം മിക്കവരും കഴിക്കുന്ന ഒരു സ്നാക്ക് ആണ് ബദാം അഥവാ ആല്‍മണ്ട്. കുറച്ചു നേരം വെള്ളത്തില്‍ കുതിര്‍ത്തി വച്ച ശേഷം തൊലി കളഞ്ഞാണ് ഇത് കഴിക്കുന്നത്. പോഷകഗുണങ്ങൾ കൊണ്ട് സമ്പന്നമായ ഒരു സൂപ്പർഫുഡ് ആണ് ബദാം എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാൽ, ബദാമിന് രണ്ട് തരങ്ങൾ ഉണ്ടെന്നറിയാമോ? 

വർഷം മുഴുവൻ കിട്ടുന്ന, കട്ടിയുള്ള സാധാരണ ബദാമും, വസന്തകാലത്തും വേനൽക്കാലത്തും മാത്രം കിട്ടുന്ന, പാകമാകാത്ത ഗ്രീൻ ആൽമണ്ടുമാണ് അവ. ഇവയിൽ ഏതാണ് കൂടുതൽ ആരോഗ്യകരമായത്, അല്ലെങ്കിൽ രണ്ടിനും അതിൻ്റേതായ പ്രത്യേകതകൾ ഉണ്ടോ? രുചിയിലും പോഷകങ്ങളിലും ആരോഗ്യഗുണങ്ങളിലും ഇവർ തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? നമുക്ക് നോക്കാം.

എന്താണ് ഗ്രീൻ ആൽമണ്ട്?

സാധാരണ നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന ബദാം, മരത്തിൽ പൂർണമായി പാകമായ ശേഷം ഉണക്കിയെടുത്തതാണ്. എന്നാൽ, ഗ്രീൻ ആൽമണ്ട് എന്ന് പറയുന്നത് ബദാമിന്റെ കായ പൂർണമായി പാകമാകുന്നതിന് മുൻപ് വിളവെടുക്കുന്നതാണ്. 

ഇതിന് പുറമെ മൃദലമായ, പച്ചനിറമുള്ള ഒരു ആവരണം ഉണ്ടാകും, അതിനുള്ളിൽ അതിലോലമായ, ജെല്ലി പോലുള്ള ഒരു കുരുവായിരിക്കും. സാധാരണ ബദാമിനെപ്പോലെ കട്ടിയുള്ള പുറംതൊലി ഇതിനുണ്ടാകില്ല. അതുകൊണ്ട്, ഗ്രീൻ ആൽമണ്ട് തൊലിയടക്കം കഴിക്കാൻ പറ്റും. ഇതിന് നേരിയ പുളിരസവും നല്ലൊരു ഫ്രഷ്നസും ഉണ്ടാകും, ഇത് പലയിടത്തും സ്നാക്കായി ഉപയോഗിക്കാറുണ്ട്. 

പോഷകങ്ങളെ താരതമ്യം ചെയ്യുമ്പോൾ

രണ്ടും ഒരേ മരത്തിൽ നിന്ന് വരുന്നതാണെങ്കിലും, പാകമാകുന്ന ഘട്ടങ്ങളിലെ വ്യത്യാസം പോഷകങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുന്നുണ്ട്.

- സാധാരണ ബദാം

ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ്. കൂടുതൽ ഊർജ്ജം നൽകുന്നു.

- ഗ്രീൻ ആൽമണ്ട്

കാലറിയും കൊഴുപ്പും കുറവാണ്. ജലാംശം, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ക്ലോറോഫിൽ എന്നിവയാൽ സമ്പന്നമാണ്. ശരീരത്തിന് ജലാംശം നൽകാനും വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കുന്നു.

പാകമായ ബദാമിനെ അപേക്ഷിച്ച് ഗ്രീൻ ആൽമണ്ട് ദഹിക്കാൻ എളുപ്പമാണ്. ഇതിന് കുതിർക്കുകയോ തൊലി കളയുകയോ ചെയ്യേണ്ട ആവശ്യമില്ല. ഉയർന്ന ആന്‍റി ഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ശരീരത്തിലെ വീക്കം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. 

ഗ്രീൻ ആൽമണ്ടാണോ അതോ സാധാരണ ബദാമോ കൂടുതൽ നല്ലത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാനാവില്ല. രണ്ടിനും അതിൻ്റേതായ തനതായ ആരോഗ്യഗുണങ്ങളുണ്ട്. അതിനാല്‍, രണ്ടും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഗ്രീൻ ആൽമണ്ട് ലഭ്യമാകുന്ന സമയത്ത് മാത്രമേ കഴിക്കാന്‍ പറ്റൂ, സീസൺ കഴിയുമ്പോൾ,സാധാരണ ബദാം തന്നെ കഴിക്കണം

ഫ്രഷ് ഗ്രീൻ ആൽമണ്ട് സാലഡ് ഉണ്ടാക്കാം

പച്ചയ്ക്ക് വെറുതെ കഴിക്കാന്‍ മാത്രമല്ല, നല്ല രുചികരമായ സാലഡ് ഉണ്ടാക്കാനും ഗ്രീന്‍ ആല്‍മണ്ട് ഉപയോഗിക്കാം. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. 

- ആവശ്യമുള്ള സാധനങ്ങൾ

ഗ്രീൻ ആൽമണ്ട് (പുറംതൊലിയോടുകൂടി) – 10-12 എണ്ണം

ചെറിയ ഉള്ളി (അല്ലെങ്കിൽ ചുവന്ന ഉള്ളി) – 1 എണ്ണം (കനം കുറച്ച് അരിഞ്ഞത്)

കുക്കുമ്പർ – ½ എണ്ണം (ചെറിയ കഷണങ്ങളാക്കിയത്)

പുതിനയില – കുറച്ച് (അരിഞ്ഞത്)

നാരങ്ങാനീര് – 1 ടേബിൾസ്പൂൺ

ഒലിവ് ഓയിൽ – 1 ടേബിൾസ്പൂൺ

ഉപ്പ്, കുരുമുളക് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ഗ്രീൻ ആൽമണ്ട് നന്നായി കഴുകി കനം കുറഞ്ഞ കഷണങ്ങളാക്കുക. പുറംതൊലിയോടുകൂടിത്തന്നെ അരിയുന്നതാണ് നല്ലത്. ഒരു പാത്രത്തിൽ അരിഞ്ഞ ഗ്രീൻ ആൽമണ്ട്, ഉള്ളി, കുക്കുമ്പർ, പുതിനയില എന്നിവ ഇടുക. ഇതിലേക്ക് നാരങ്ങാനീരും ഒലിവ് ഓയിലും ഉപ്പും കുരുമുളകും ചേർത്ത് നന്നായി ഇളക്കുക. ഉടൻതന്നെ ഫ്രഷ്‌ ആയി കഴിക്കാം.

English Summary:

Health Benefits of Green Almonds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com