അരി ചേർക്കാതെ പഞ്ഞിപോലുള്ള ഇഡ്ഡലി ഉണ്ടാക്കാം; ദേ ഇങ്ങനെ

Mail This Article
ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളിൽ ഏറ്റവും മികച്ചതാണ് ഇഡ്ഡലി. ആവിയിൽ വേവിക്കുന്നതിനാൽ ദഹിക്കാൻ വളരെ എളുപ്പമാണ് എന്നതാണ് ഇതിന്റെ പ്രധാന ഗുണം. സാധാരണ അരിയും ഉഴുന്നും അരച്ചു പുളിപ്പിച്ചാണ് ഇഡ്ഡലി തയാറാക്കുന്നത്. അരിക്കു പകരം റവ ചേർത്തും നല്ല മൃദുവായ ഇഡ്ഡലി തയാറാക്കാം.
ചേരുവകൾ
ഉഴുന്ന് - ഒരു കപ്പ്
റവ - രണ്ട് കപ്പ്
ചോറ് - അര കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉഴുന്ന് കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഉഴുന്നും ചോറും ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
അരച്ചെടുത്ത ഉഴുന്ന് ഒരു വലിയ പാത്രത്തിലേക്ക് മാറ്റി റവയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. റവയിലേക്ക് വെള്ളം പിടിച്ച് മാവ് കട്ടി ആവാൻ സാധ്യതയുള്ളതിനാൽ അരമണിക്കൂറിനുശേഷം ഒന്നുകൂടി ഇളക്കണം. ആവശ്യം ഉണ്ടെങ്കിൽ വീണ്ടും വെള്ളം ചേർത്ത് യോജിപ്പിക്കുക.
ഈ മാവ് പുളിച്ചു പൊങ്ങാനായി എട്ടു മുതൽ പത്തു മണിക്കൂർ വരെ മാറ്റിവയ്ക്കുക. പുളിച്ചു പൊങ്ങിയ മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു യോജിപ്പിച്ച് എടുക്കാം. എണ്ണ പുരട്ടിയ ഇഡ്ഡലി തട്ടിൽ ഒഴിച്ച് ഇഡ്ഡലി ആവിയിൽ വേവിച്ചെടുക്കാം.