കുക്കറിൽ ഇങ്ങനെ മത്തി വറ്റിച്ചിട്ടുണ്ടോ? ഈ വിദ്യ അറിയാതെ പോയല്ലോ?

Mail This Article
മത്തി വറുത്താലും മുളകരച്ച് വച്ചാലും പീരവറ്റിച്ചാലുമൊക്കെ ഭക്ഷണപ്രേമികൾക്ക് പ്രിയമാണ്. മലയാളികൾക്ക് കപ്പയും മത്തിയും കോംബോ എന്നാൽ വികാരമാണ്. ധാരാളം ഗുണമേന്മയുള്ള മത്തി, പ്രോട്ടീൻ കലവറയാണ്. വിറ്റമിൻ ഡി, എ, ബി 12, പ്രോട്ടീൻ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങള്‍ ഈ കുഞ്ഞൻ മത്തിയിലുണ്ട്. മത്തി കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും. ഇവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
രുചിയിൽ കേമനായ മത്തിയെ പുത്തൻ രീതിയിൽ ഒന്നു പാകം ചെയ്താലോ? അധിക സമയം കളയാതെ വ്യത്യസ്ത രുചിക്കൂട്ടിൽ കുക്കറിൽ മത്തി വറ്റിച്ചെടുക്കാം. എങ്ങനെയെന്ന് നോക്കാം. മത്തി നന്നായി വെട്ടി വൃത്തിയാക്കി വരഞ്ഞ് എടുക്കാം. അതിലേക്ക് കശ്മീരി മുളക്പൊടിയും മഞ്ഞപൊടിയും കുരുമുളക്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ഇഞ്ചി വെളുത്തുള്ളി അരച്ചതും ആവശ്യത്തിനുള്ള വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് വരഞ്ഞ മത്തിയിൽ പുരട്ടാം. മസാലക്കൂട്ട് നന്നായി മീനിലേക്ക് പിടിക്കുവാനായി അരമണിക്കൂറോളം ഫ്രിജിൽ വയ്ക്കാം.
ശേഷം കുക്കറിൽ ആവശ്യത്തിനുള്ള വെളിച്ചെണ്ണ ഒഴിക്കാം, ചൂടാകുമ്പോൾ ഇത്തിരി ഉലുവ ഇട്ട് കൊടുക്കണം. ശേഷം ചെറിയുള്ളി അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ഇത്തിരി പെരുംജീരകവും ചേർത്ത് നന്നായി വഴറ്റാം. അതിലേക്ക് മസാലക്കൂട്ടിൽ പൊതിഞ്ഞ മത്തി ചേർക്കാം. അതിനുമുകളിലേക്ക് കാൽകപ്പ് പിഴുപുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കുക്കർ അടയ്ക്കാം. ഒരു വിസിൽ വന്നു കഴിഞ്ഞാൽ തീ അണയ്ക്കാം. മസാലയിൽ വെന്തു പാകമായ മത്തിയ്ക്ക് കിടിലൻ രുചിയാണ്. ചോറിനും കപ്പയ്ക്കുമൊക്കെ കൂട്ടാം. ഇനി മത്തി ഇങ്ങനെ വച്ച് നോക്കൂ.