പാമ്പന്‍ പാലം കാണാന്‍ പോകുന്നുണ്ടോ? രാമേശ്വരത്തെ ഈ സ്പെഷല്‍ വിഭവങ്ങള്‍ കഴിക്കാന്‍ മറക്കല്ലേ

Mail This Article
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമാണ് രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം. അമേരിക്കയിലെ ഗോൾഡൻ ഗേറ്റ് പാലം, യുകെയിലെ ടവർ പാലം, ഡെൻമാർക്കിനും സ്വീഡനും ഇടയിലുള്ള ഒറെസുണ്ട് പാലം തുടങ്ങിയ പ്രശസ്തമായ പാലങ്ങളുമായി താരതമ്യം ചെയ്യുന്ന ഈ പാലം, ഇന്ത്യയുടെ എൻജിനീയറിങ് വൈദഗ്ധ്യത്തിന്‍റെ കണ്‍കണ്ട തെളിവാണ്.
വാര്‍ത്തകളില്‍ നിറയുന്ന പുതിയ പാലം കാണാനും, രാമേശ്വരം സന്ദര്‍ശിക്കാനുമായി യാത്ര പോകാന്‍ ആലോചിക്കുന്നുണ്ടോ? എങ്കില്‍ അവിടെ ചെല്ലുമ്പോള്‍ തീര്‍ച്ചയായും ആസ്വദിക്കേണ്ട ചില വിഭവങ്ങളുണ്ട്.
മീന്‍ കുഴമ്പ്
നമ്മുടെ മീന്‍ കറി തന്നെയാണ് രാമേശ്വരത്തെ മീന്‍ കുഴമ്പ്. പക്ഷേ, മസാലയിലും രുചിയിലും നല്ല വ്യത്യാസമുണ്ട്. ഏതു തരം മീനും മീൻകുഴമ്പ് തയ്യാറാക്കുന്നതിനായി ഉപയോഗിക്കാമെങ്കിലും, സാധാരണയായി ദശയുള്ള മീന്‍ ഉപയോഗിച്ചാണ് ഈ കറി ഉണ്ടാക്കുന്നത്. സമുദ്രവിഭവങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ രാമേശ്വരത്ത് പോയാല്‍ നിര്‍ബന്ധമായും മീന്‍കുഴമ്പ് കഴിക്കണം.
ചെമ്മീൻ മസാല
രാമേശ്വരത്തെ മറ്റൊരു പ്രശസ്തമായ സമുദ്രവിഭവമാണ് ചെമ്മീന്‍ മസാല. പ്രത്യേക മസാലയില്‍ ഉണ്ടാക്കുന്നതിനാല്‍ ഇതിന്‍റെ രുചി ഒന്നു വേറെതന്നെയാണ്. അതിനാല്‍ ചെമ്മീന്‍ മസാലയും കഴിക്കാന്‍ മറക്കേണ്ട. തീരപ്രദേശമായതിനാല്‍ ഇവിടെ നല്ല ഫ്രഷ് മീന്‍ ഉപയോഗിച്ചാണ് വിഭവങ്ങള്‍ ഉണ്ടാക്കുന്നത് എന്നതിനാല്‍ രുചികരമാകും എന്നതില്‍ യാതൊരു സംശയവും വേണ്ട.
കരുപ്പട്ടി പണിയാരം
തമിഴ് പാചക പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഒരു പലഹാരമാണ് കരുപ്പട്ടി പണിയാരം. കരുപട്ടി(പന ശർക്കര), പുളിപ്പിച്ച അരിമാവ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ പലഹാരം, രാമേശ്വരം, ചെട്ടിനാട് പോലുള്ള തീരദേശ പ്രദേശങ്ങളില്‍ ചെറിയ ചായക്കടകളില്‍ കിട്ടും. കൂടാതെ പലപ്പോഴും ഉത്സവങ്ങളിലും, പ്രത്യേക അവസരങ്ങളിലും, ഇത് തയ്യാറാക്കാറുണ്ട്.
പരുത്തി പാൽ
പരുത്തിച്ചെടിയുടെ വിത്തുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന പരുത്തിപ്പാല്‍, രാമേശ്വരം ഉള്‍പ്പെടെ, തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ പ്രചാരത്തിലുണ്ട്. ആഘോഷവേളകളില്‍ അതിഥികൾക്ക് വിളമ്പുന്ന പോഷകസമൃദ്ധമായ ഈ പാനീയം, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ്. കൂടാതെ ഇത് ദഹനവും രക്തചംക്രമണവും മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.
പുളിയോദരൈ
പുളി ചേര്‍ത്ത് ഉണ്ടാക്കുന്ന ചോറായ പുളിയോദരൈ നമുക്ക് വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാമെങ്കിലും തമിഴ്നാട്ടില്‍ ചെന്ന് കഴിക്കുന്നത് മറ്റൊരു അനുഭവം തന്നെയാണ്. രുചി മാത്രമല്ല, വയറിന് എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കില്‍ അത് മാറാനും ഇത് കഴിക്കുന്നത് നല്ലതാണ്.
പരുപ്പ് പായസം
ഭക്ഷണം കഴിച്ച ശേഷം അല്‍പ്പം മധുരം കഴിക്കാന്‍ തോന്നുമ്പോള്‍ പരുപ്പ് പായസം കഴിച്ചോളൂ. ചെറുപയര്‍ പരിപ്പും ശര്‍ക്കരയും പാലും നെയ്യുമെല്ലാം ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ പായസം രാമേശ്വരത്തെ സ്പെഷ്യല്‍ വിഭവമാണ്.
ഫിൽറ്റർ കാപ്പി
വൈകുന്നേരം, കടലരികില്‍ കാറ്റും കൊണ്ടിരിക്കുമ്പോള്‍ ഉള്ളുനിറയ്ക്കുന്ന സുഗന്ധം വായുവില്‍ പരത്തുന്ന ഒരു ചൂടന്‍ ഫില്‍റ്റര്‍ കാപ്പി അങ്ങ് കുടിച്ചാലോ? അത് മറ്റൊരു അനുഭവം തന്നെയാണ്. രാമേശ്വരത്ത് ധാരാളമുള്ള വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ ഏതിലെങ്കിലും കയറി തനത് ഫില്‍ട്ടര്‍ കാപ്പിയുടെ രുചി ആസ്വദിക്കുന്നത് മികച്ച അനുഭവമായിരിക്കും.